തുക അനുവദിച്ചത് പൂക്കോട്ടുംപാടംമുതൽ മൈലാടിപാലംവരെയുള്ള പ്രവൃത്തിക്ക്
നിലമ്പൂർ
മലബാറിന്റെ വികസന കുതിപ്പിന് കരുത്തേകി മലയോര ഹൈവേയുടെ പൂക്കോട്ടുംപാടംമുതൽ മൈലാടിപാലംവരെയുള്ള പ്രവൃത്തിക്ക് 49.35 കോടി രൂപയുടെ സാങ്കേതിക അനുമതി. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. പൂക്കോട്ടുംപാടം ടൗൺമുതൽ ചാലിയാറിനുകുറുകെയുള്ള മൈലാടിപാലംവരെയാണ് ടെൻഡർ നടപടികൾക്കുശേഷം പ്രവൃത്തി തുടങ്ങുക. ഇതിൽ മുക്കട്ടമുതൽ ചന്തക്കുന്ന് വരെയും ചന്തക്കുന്ന് മുതൽ വെളിയംതോട് വരെയുള്ള ഭാഗങ്ങൾ ഒഴിവാക്കി 9.14 കിലോമീറ്ററിലാണ് പ്രവൃത്തി നടക്കുക. ഇവിടങ്ങളിൽ മറ്റു പദ്ധതികളിലൂടെ നവീകരണ പ്രവൃത്തികൾ കഴിഞ്ഞതാണ്. അമരമ്പലം, നിലമ്പൂർ നഗരസഭ, കരുളായി എന്നീ തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ് ഈ റീച്ച് കടന്നുപോകുന്നത്. അമരമ്പലം പഞ്ചായത്ത് പരിധിയിൽവരുന്ന ഭാഗങ്ങളിലെ സ്ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിലാണ്. തൊണ്ടി, നിലംപതി പ്രദേശത്ത് സ്ഥലമേറ്റെടുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. നഗരസഭാ അതിർത്തിയിലെ കല്യാണിപടിമുതൽ മൈലാടിപാലംവരെയുള്ള പ്രദേശങ്ങളിലെ സ്ഥലമേറ്റടുപ്പ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കിഎഫ്ബി എ ഇ പ്രിൻസ് ബാലൻ പറഞ്ഞു. പാത കടന്നുപോകുന്ന നിലമ്പൂർ റെയിൽവേ സ്റ്റേഷൻ പരിധിയിൽ പുതിയ അടിപ്പാതയുടെ പ്രവൃത്തിയും മലയോര ഹൈവേ പ്രവൃത്തി ലിങ്ക് ചെയ്യുന്ന കാര്യവും റെയിൽവേ അധികൃതരുമായി സംസാരിക്കുമെന്ന് കിഎഫ്ബി അധികൃതർ പറഞ്ഞു. 12 മീറ്റർ വീതിയിലാണ് പാതയുടെ പ്രവൃത്തി നടക്കുന്നത്. ഒമ്പത് മീറ്റർ ടാറിങ്ങും ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതം നടപ്പാതയും ഉണ്ടാവും. നിലവിൽ നിലമ്പൂർ പെരുമ്പിലാവ് പാതയായി അറിയപ്പെടുന്ന ഈ റീച്ചിൽ കൈയ്യേറ്റങ്ങൾ മുഴുവൻ ഒഴിപ്പിക്കും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..