28 May Thursday

കുറുമ്പുകൾക്കും കരുതൽ വേണം

സ്വന്തം ലേഖകൻUpdated: Wednesday Mar 25, 2020

നിരോധരാജ്ഞയെത്തുടർന്ന് മലപ്പുറം കുന്നുമ്മലില്‍ ട്രാഫിക് പൊലീസ് നടത്തുന്ന വാഹന പരിശോധന

മലപ്പുറം
പ്രതിരോധ പ്രവർത്തനത്തിന്റെ  ഭാഗമായി വീടുകളിൽ ഒതുങ്ങിക്കഴിയുമ്പോൾ ഭിന്നശേഷി കുട്ടികളെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് കോഴിക്കോട് ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) നിർദേശിച്ചു. കുട്ടികൾക്ക് പൊതുവെ രോഗപ്രതിരോധശേഷി കുറവായതുകൊണ്ട് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.  പനി, ജലദോഷം, ചുമ തുടങ്ങിയ പകരുന്ന രോഗങ്ങളുള്ള ആളുകളുമായി സമ്പർക്കം പരമാവധി ഒഴിവാക്കണം.
 
മറ്റ് നിർദേശങ്ങൾ
ഇടവിട്ട്‌  സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിക്കുക. ശരീരം വൃത്തിയായി സൂക്ഷിക്കുക. നഖങ്ങൾ വെട്ടിയൊതുക്കുക.
പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ എന്നിവ ഉൾക്കൊള്ളുന്ന സമീകൃതാഹാരം നൽകണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം.
കുട്ടികളിൽ പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ചെറിയ ചെറിയ പെരുമാറ്റ പ്രശ്നങ്ങൾ ശ്രദ്ധകൊടുക്കാതെ അവഗണിക്കുക. കുട്ടിയെ  പ്രകോപിപ്പിക്കാതിരിക്കുക.
കുട്ടികളുടെ കൂടെ ഗുണപരമായ രീതിയിൽ സമയം ചെലവഴിക്കുക (ഉദാ. കഥ പറയുക, പാട്ട് പാടുക, ചിത്രങ്ങൾ കാണിക്കുക, പ്രോത്സാഹനം നൽകുക). ആരോഗ്യപരമായി മാനസികോല്ലാസം നൽകുന്ന കളികളിൽ ഏർപ്പെടുക.  
മൊബൈൽ, ടിവി സ്ക്രീൻ ടൈം കഴിയുന്നതും ഒരുമണിക്കൂറായി പരിമിതപ്പെടുത്തുകയും സ്വഭാവ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പരിപാടികൾ ഒഴിവാക്കുകയും ഗുണനിലവാരമുള്ള പരിപാടികൾമാത്രം കാണിക്കുകയും ചെയ്യുക. ഒക്യുപ്പേഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്പെഷൽ എഡ്യുക്കേഷൻ, സൈക്കോളജി എന്നീ മേഖലകളിൽനിന്നും നിർദേശിച്ച പരിശീലന പരിപാടികൾ മുടക്കംകൂടാതെ വീട്ടിൽനിന്ന് തുടരുക. ഇത്തരം പരിശീലനത്തിനായി എല്ലാ ദിവസവും നിശ്ചിത സമയം (ഉദാ. വൈകിട്ട് ഒരുമണിക്കൂർ) മാറ്റിവയ്ക്കുക.
പ്രധാന വാർത്തകൾ
 Top