30 May Saturday
ലോക്ക് ഡൗണ്‍

അതീവ ജാഗ്രതയിൽ ആദ്യദിനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

ലോക്ക് ഡൗണിനെ തുടർന്ന് ആളൊഴിഞ്ഞ മലപ്പുറം കുന്നുമ്മൽ ടൗൺ

മലപ്പുറം
ലോക്ക് ഡൗണ്‍ ആദ്യ ദിനത്തില്‍ അതീവ ജാഗ്രതയിൽ ജില്ല. ആദ്യദിനം ആളുകൾ പുറത്തിറങ്ങാതെ സർക്കാർ നിർദേശത്തെ പിന്തുണച്ചു. ന​ഗരങ്ങളും ജങ്ഷനുകളും വിജനമാണ്. ചുരുക്കം സ്വകാര്യ വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. ചൊവ്വാഴ്ച രാവിലെമുതൽ പൊലീസ് പരിശോധന കർശനമാക്കി. ടാക്സികളും ഓട്ടോറിക്ഷകളും ആവശ്യാനുസരണം സർവീസ് നടത്തുന്നു. 
ജീവക്കാരെ പരിമിതപ്പെടുത്തിയാണ് സർക്കാർ ഓഫീസുകൾ തുറക്കുന്നത്. ബാങ്കുകള്‍ക്ക് പകൽ രണ്ടുവരെയാണ് പ്രവർത്തനസമയം. സമയ ക്രമീകരണത്തിൽ കടകൾ ആദ്യദിനം തുറന്നിരുന്നെങ്കിലും നിരോധനാജ്ഞ സാഹചര്യത്തിൽ  കച്ചവടം കുറവായിരുന്നു. മാവേലി സ്റ്റോറുകൾ, ലാഭം മാർക്കറ്റുകൾ, ത്രിവേണി സ്റ്റോറുകളില്‍ പതിനഞ്ച് ശതമാനം കച്ചവടംമാത്രമാണ് നടന്നത്. കടകളും കച്ചവട സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും ആരോ​ഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് പ്രവർത്തിച്ചു. വൈകിട്ട് അഞ്ചോടെ സ്ഥാപനങ്ങള്‍ അടച്ചു. 
അരിയും പലവ്യഞ്ജനങ്ങളും ആവശ്യത്തിന് സർക്കാർ ഔട്ട് ലെറ്റുകളിലും കടകളിലും സ്റ്റോക്ക് സംഭരിച്ചിട്ടുണ്ട്. പച്ചക്കറി കടകളിലും ആളുകൾ കുറവായിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലോഡുകൾ എത്തുന്നതിനാൽ എല്ലാ തരം പച്ചക്കറികൾക്കും  വിലകുറവാണ്. ചുരുക്കം ഹോട്ടലുകളും തുറന്നെങ്കിലും പാർസൽമാത്രമായതിനാൽ കച്ചവടം കുറഞ്ഞു. ഷോപ്പിങ് മാളുകളും സൂപ്പർ മാർക്കറ്റുകളിലും ഒരേസമയം അഞ്ച് പേർക്കെന്ന് പരിമിതപ്പെടുത്തിയായിരുന്നു പ്രവേശനം. ഹോം ഡെലിവറി സംവിധാനം ചുരുക്കം കടകളിൽമാത്രമാണുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങള്‍ സംവിധാനം ഒരുക്കും.
മലപ്പുറം, പാലക്കാട് ജില്ലാ അതിര്‍ത്തികളിൽ കരിങ്കല്ലത്താണി, പുലാമന്തോൾ, തൂത എന്നിവിടങ്ങളിലാണ് അധികൃതർ റോഡുകളടച്ച് വാഹന ഗതാഗതം തടഞ്ഞത്. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിങ്കല്ലത്താണിയിലും  പട്ടാമ്പി - പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ പുലാമന്തോൾ പാലത്തിലും ചെർപ്പുളശേരി -പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ തൂത പാലത്തിലും റോഡുകളടച്ചു. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ അത്യാവശ്യ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. 
പ്രധാന വാർത്തകൾ
 Top