28 May Thursday

604 പേര്‍കൂടി നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻUpdated: Wednesday Mar 25, 2020
മലപ്പുറം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ചൊവ്വാഴ്‌ച 604 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിൽ ഇപ്പോൾ 9898 പേർ നിരീക്ഷണത്തിലും 29 പേർ ഐസൊലേഷനിലുമാണ്. 9851 പേർ വീടുകളിലും 18 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 19ഉം തിരൂർ ജില്ലാ ആശുപത്രിയിൽ ആറ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്നും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഒരാളും ഐസൊലേഷൻ വാർഡുകളിലാണ്‌. 
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഞ്ച് വൈറസ് ബാധിതരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന അറിയിച്ചു. ജില്ലയിൽനിന്ന് പരിശോധനക്കയച്ച സാമ്പിളുകളിൽ 302 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 66 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്‌. വാർഡുകൾതോറുമുള്ള ദ്രുതകർമ സംഘങ്ങളുടേയും പൊലീസിന്റേയും നിരീക്ഷണം ഊർജിതമായി തുടരുകയാണ്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9497963336, 9497934346 നമ്പറുകളിൽ പൊലീസിന് വിവരങ്ങൾ കൈമാറാം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പൊലീസിന്റെ സേവനം ആവശ്യമുണ്ടെങ്കിലും ഈ നമ്പറുകളിൽ വിളിക്കാം.   
 
മഞ്ചേരി  മെഡി. കോളേജ് കോവിഡ്‌ ചികിത്സാ കേന്ദ്രം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ് 19 പ്രത്യേക ചികിത്സാ കേന്ദ്രമാക്കി മാറ്റി. ആവശ്യം വരുന്ന സാഹചര്യത്തിൽ പ്രത്യേക ചികിത്സാ കേന്ദ്രമായി ഉപയോഗിക്കാൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ടെന്ന്  കലക്ടർ അറിയിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് കെയർ സെന്ററുകൾ സജ്ജമാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 93 പഞ്ചായത്തുകളിൽ ഇതിനുള്ള കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 
ജില്ലയിൽ തൊഴിലില്ലാതെ കഴിയുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കാനും തീരുമാനമായി. താലൂക്ക് തലങ്ങളിൽ പരിശോധന നടത്തി ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പുകൾ ഒരുക്കുക. പെരിന്തൽണ്ണ സബ് കലക്ടർ കെ എസ് അഞ്ജു, എഡിഎം എൻ എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, ഡെപ്യൂട്ടി കലക്ടർ ഡോ. ജെ ഒ അരുൺ, മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ  നന്ദകുമാർ, എൻഎച്ച്എം  ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top