28 May Thursday

നിരോധനാജ്ഞ ലംഘനം: 10 പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻUpdated: Wednesday Mar 25, 2020
മലപ്പുറം
കോവിഡ് 19 വൈറസ് വ്യാപനം ചെറുക്കാൻ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് അഞ്ച് കേസുകൾ രജിസ്റ്റർചെയ്തു. 10 പേരെ അറസ്റ്റുചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത രണ്ട് കേസുകളിൽ ആറുപേരെ അറസ്റ്റുചെയ്തു. പെരിന്തൽമണ്ണയിൽ ഒരു കേസിൽ നാലുപേരും അറസ്റ്റിലായി. കാളികാവ്, കോട്ടക്കൽ പൊലീസ് സ്‌റ്റേഷനുകളിലും ഓരോ കേസുകൾ വീതം രജിസ്റ്റർചെയ്തിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ആസ്ഥാനത്ത്  കലക്ടർ ജാഫർ മലിക്, ജില്ലാ പൊലീസ് മേധാവി എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ച്‌ സ്ഥിതി വിലയിരുത്തി. 
നിരോധനാജ്ഞ നിലവിൽ വന്ന ആദ്യ ദിവസം കർശന പരിശോധനയാണ് പൊലീസ് ജില്ലയിൽ നടത്തിയത്. ജില്ലാ അതിർത്തികളിലും പ്രധാന നഗരങ്ങളിലും വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ചു. എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ഉച്ചഭാഷിണിയിലൂടെ അറിയിപ്പുണ്ടായിരുന്നു. ആശുപത്രികളിലേക്കുൾപ്പെടെ  അത്യാവശ്യ യാത്രക്കാരെയാണ് സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്യാൻ അനുവദിച്ചത്. അവശ്യസാധനങ്ങൾ ലഭിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ നിബന്ധനകളോടെ പ്രവർത്തിച്ചു. സർക്കാർ സ്ഥാപനങ്ങളിലും അടിയന്തര സേവനങ്ങൾ മാത്രമായി. നിരോധനാജ്ഞ ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനങ്ങൾ പൊലീസ് ഇടപെട്ട് അടപ്പിച്ചു.
 
ആരോഗ്യ ജാഗ്രത: 5 കേസുകൾകൂടി  
കോവിഡ് 19 ജാഗ്രതാ  നിർദേശങ്ങൾ ലംഘിച്ചതിന് ചൊവാഴ്‌ച അഞ്ച് കേസുകൾകൂടി രജിസ്റ്റർചെയ്തു. ഇതോടെ ജില്ലയിൽ രജിസ്റ്റർചെയ്ത ഇത്തരം കേസുകളുടെ എണ്ണം 33 ആയി. വൈറസ് ബാധ വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ നിർദേശം ലംഘിച്ച് നിർബന്ധിത നിരീക്ഷണത്തിലുള്ളവർ പൊതു സമ്പർക്കം പുലർത്തിയതിന് കുറ്റിപ്പുറം, വളാഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകളും രജിസ്റ്റർചെയ്തു. 
നിരീക്ഷണത്തിൽ തുടരുന്നതിനിടെ സ്വന്തം സ്ഥാപനത്തിലെത്തി ജോലിചെയ്തതിന് പെരിന്തൽമണ്ണ പൊലീസും ഒരാൾക്കെതിരെ കേസെടുത്തു. ചെറിയമുണ്ടം പഞ്ചായത്ത് അധികൃതരേയും ആരോഗ്യ പ്രവർത്തകരേയും മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിന് കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർചെയ്തു. വള്ളുവമ്പ്രത്ത് വൈറസ് ബാധിതനുണ്ടെന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തിയതിന് മഞ്ചേരി പൊലീസും കേസെടുത്തിട്ടുണ്ട്.

ലാത്തിവീശി 
താനൂർ
ആൾക്കൂട്ടം പിരിഞ്ഞുപോവാത്തതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. ചൊവ്വാഴ്ച വെെകിട്ട് അഞ്ചരയോടെയാണ് സംഭവം. ചെറുമുക്ക് വെസ്റ്റിലെ പൂട്ടിയിട്ട ചായക്കടയിലായിരുന്നു പത്തോളം പേരടങ്ങുന്ന സംഘം തമ്പടിച്ചത്.
ചെറുമുക്ക് അങ്ങാടിയിൽ കടകൾ അടപ്പിക്കുകയും ഇരുചക്രവാഹനങ്ങളിൽ നിരത്തിലിറങ്ങിയവരെ താക്കീത് നൽകിയുമാണ് ചെറുമുക്ക് വെസ്റ്റിലേക്ക് പൊലീസുദ്യോഗസ്ഥർ പരിശോധനക്ക് പുറപ്പെട്ടത്. കൂട്ടംകൂടി നിൽക്കരുത് എന്ന നിർദേശം ചെവികൊള്ളാത്തതിനെ തുടർന്നാണ് പൊലീസ് ലാത്തിവീശിയത്.

 

പ്രധാന വാർത്തകൾ
 Top