01 March Monday

ജനമനസ്സറിഞ്ഞ്‌...

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് മണ്ണഴി പുല്ലാനിക്കാട്ട് രാമൻ നമ്പൂതിരിയുടെ വീട്ടിൽ സന്ദ‍‍ര്‍ശനം നടത്തുന്നു

മലപ്പുറം

‘‘പെൻഷൻ കൃത്യമായി വീട്ടിലെത്തിച്ച്‌ തരുന്നുണ്ട്‌, വാക്കറിൽ എണീറ്റ്‌ നടക്കുന്ന എനിക്ക്‌  അത്‌ ഏറെ സഹായകരമാണ്‌. സർക്കാർ  നല്ല കാര്യങ്ങളാണ്‌ ചെയ്യുന്നത്‌’’. പുല്ലാനിക്കാട്ട്‌ മനയിലെ സാവിത്രി അന്തർജനത്തിന്റെ വാക്കുകളിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്‌തി. എൽഡിഎഫ്‌ സർക്കാരിന്റെ നയങ്ങൾ ജനങ്ങളുമായി ചർച്ചചെയ്യാനും ജനാഭിപ്രായം കേൾക്കാനുമായി ഗൃഹസന്ദർശനം നടത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിനോടാണ്‌ സാവിത്രി അന്തർജനം അഭിപ്രായം പങ്കുവച്ചത്‌. പൊൻമള ലോക്കലിലെ മണ്ണഴി ബ്രാഞ്ചിലാണ്‌ ജില്ലാ സെക്രട്ടറി ഞായറാഴ്‌ച ഗൃഹസന്ദർശനം നടത്തിയത്‌. 31 വരെയാണ്‌ സിപിഐ എം പ്രവർത്തകർ  വീടുകളിൽ സന്ദർശനം നടത്തുക. ഭാവിയിൽ നടപ്പാക്കേണ്ട കാര്യങ്ങളും ജനങ്ങളുമായി പങ്കുവച്ചാണ്‌ സന്ദർശനം മുന്നേറുന്നത്‌.   സ്വകാര്യ ക്ഷേത്രങ്ങളിലെ ശാന്തിക്കാർക്കും ജീവനക്കാർക്കും ക്ഷേമനിധിയും പെൻഷനും നടപ്പാക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന്‌ ജില്ലാ സെക്രട്ടറി പറഞ്ഞപ്പോൾ പുല്ലാനിക്കാട്ട്‌ രാമൻ നമ്പൂതിരിക്ക്‌ സന്തോഷം. ജനങ്ങൾക്ക്‌ അവരുടെ അഭിപ്രായങ്ങൾ പറയാൻ ഇത്തരം വേദിയൊരുക്കുന്നത്‌‌ നല്ല കാര്യമാണെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക്‌ പറയാനുള്ളത്‌ കേൾക്കാൻ പ്രവർത്തകർ എത്തുന്നത്‌ സ്വാഗതാർഹമാണെന്നും രാമൻ നമ്പൂതിരി പറഞ്ഞു. പുത്തൻപുരയിൽ ജാനകി അമ്മയ്‌ക്കും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിറഞ്ഞ സന്തോഷം.  നഗരങ്ങളിലും അങ്ങാടികളിലും സ്‌ത്രീകൾക്കായി ഷീ ടോയ്‌ലറ്റുകൾ ഒരുക്കണമെന്നും നഗരത്തിൽ ഒറ്റയ്‌ക്ക്‌ എത്തിപ്പെടുന്ന സ്‌ത്രീകൾക്ക്‌ താമസിക്കാനുള്ള സ്‌ത്രീ സൗഹാർദ ലോഡ്‌ജുകൾ (ഷീ ലോഡ്‌ജ്‌)  ഉണ്ടാകണമെന്നുമുള്ള കാര്യമാണ്‌ മലപ്പുറം എംഎസ്‌പി സ്‌കൂളിലെ റിട്ട. അധ്യാപികയായ ചണ്ണേങ്ങാട്ടിൽ സി ഹേമലതയ്‌ക്ക്‌ പറയാനുണ്ടായിരുന്നത്‌. സ്‌ത്രീ സംരക്ഷണത്തിന്‌ നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ടെന്നും സ്‌ത്രീ മുന്നേറ്റത്തിന്‌ എൽഡിഎഫ്‌ സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്നും ഇ എൻ മോഹൻദാസ്‌ പറഞ്ഞു.  പക്ഷാഘാതം വന്ന്‌ ഒരുഭാഗം തളർന്ന, എൽഐസി ഏജന്റായിരുന്ന കുന്നത്ത്‌ അനിരുദ്ധൻ‌ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ അപേക്ഷ നൽകിയിട്ടും മുച്ചക്ര വാഹനം കിട്ടാത്തതിന്റെ സങ്കടമാണ്‌ പങ്കുവച്ചത്‌. ചെറിയ പിഎഫ്‌ പെൻഷൻ കിട്ടുന്നത്‌ കാരണം വാർധക്യ പെൻഷൻ പകുതിയെ കിട്ടുന്നുള്ളുവെന്ന പരിഭവമാണ്‌ മണ്ണഴി വാരിയത്തെ ശങ്കരൻകുട്ടി വാര്യർ സൂചിപ്പിച്ചത്‌.  ജനങ്ങൾക്ക്‌ പറയാനുള്ളത്‌ ശ്രദ്ധാപൂർവം കേട്ടും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കുറിച്ചെടുത്തുമായിരുന്നു ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിന്റെ ആദ്യദിനത്തിലെ ഗൃഹസന്ദർശനം. പൊന്മള ലോക്കൽ സെക്രട്ടറി കെ യു ഇക്‌ബാൽ, ബ്രാഞ്ച്‌ സെക്രട്ടറി എം പ്രദീപ്‌, ലോക്കൽ കമ്മിറ്റിയംഗം കെ നാരായണൻകുട്ടി, പഞ്ചായത്ത്‌ അംഗം രാധാ നാരായണൻകുട്ടി എന്നിവരും ഇ എൻ മോഹൻദാസിനൊപ്പമുണ്ടായി.  സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവൻ പെരിന്തൽമണ്ണ സൗത്തിലും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി പി സക്കറിയ വളാഞ്ചേരിയിലും വി പി അനിൽ കോഡൂർ പരുവമണ്ണയിലും ഇ ജയൻ ചെറിയമുണ്ടത്തും ടി എം സിദ്ദീഖ്‌ വെളിയങ്കോടും ഗൃഹസന്ദർശനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top