22 February Saturday

‘വങ്കി’ൽനിന്ന്‌ പാങ്ങിലേക്ക്‌

സുധ സുന്ദരൻUpdated: Saturday Jan 25, 2020
 
മലപ്പുറം 
നിന്റെ  നാട് എവിടെയാണ്? വലിയ ഉത്തരം അസീസ് ഒറ്റവാക്കിൽ പറഞ്ഞു–- "പാങ്ങ്‌’.- എന്നാൽ  സപ്ലൈ ഓഫീസർ പാങ്ങിനെ ഭൂപടത്തിൽ അടയാളപ്പെടുത്താൻ പറഞ്ഞപ്പോൾ അയാൾ നിസ്സഹായനായി.  
(എൻ എസ്‌ മാധവൻ–-മുംബൈ)
എൻ  എസ്  മാധവന്റെ  " മുംബൈ’  എന്ന കൃതിയിൽ പൗരത്വം തെളിയിക്കാൻ ലോകഭൂപടത്തിൽ "പാങ്ങ് ’ കണ്ടെത്താനാവാതെ കുഴങ്ങിയ അസീസിനെ നാം വായിച്ചിട്ടുണ്ടാകും. അതേസമയം കുറുവ പഞ്ചായത്തിലെ പാങ്ങും  പരിചിതം.  ഒരു ഭൂപടത്തിൽ  ഒതുക്കി അടയാളപ്പെടുത്താൻ കഴിയില്ല ഈ ദേശത്തെ.   
ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് പാങ്ങ് എന്ന പേരിനുപിന്നിലുള്ളത്. മൂന്നുഭാഗവും കുന്നുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  മടപോലെയാണ് ഈ പ്രദേശം. മടയെ വങ്ക് എന്നാണ് പൂർവികർ വിളിച്ചിരുന്നത്. വങ്ക് ലോപിച്ച് പിന്നീട് പാങ്ങ് ആയിമാറി. സഹായം, ദുഃഖം എന്നും  ‘പാങ്ങി’ന്  അർഥമുണ്ട്. 
വള്ളുവനാട്  രാജാവായിരുന്ന വള്ളുവക്കോനാതിരിയുടെ  മങ്കട കോവിലകത്തിന്റെ ഭാഗമായിരുന്നു ഇവിടം. 78 മൂലകളും  78 ചോലകളുമുള്ള സംരക്ഷണമേഖല. രാജാവിന്റെ പ്രധാന ചാവേർ പോരാളി ചന്ദ്രോത്ത്‌ ചന്തുണ്ണിയും പൂർവികരും 
പാങ്ങിലായിരുന്നു. മാമാങ്ക പോരാട്ടത്തിന്റെ മായാത്ത അടയാളമായി ചന്തുണ്ണിയുടെ സ്മാരകം ഇവിടെയുണ്ട്‌. ചക്കി എന്ന ആദിവാസിയുടെ രാജ്യമായ  ചക്കിയറപ്പാലവും  പാങ്ങിലായിരുന്നു. പാവങ്ങളുടെ കരുത്തായ  ചിത്രാമഠത്തിലെ മായനുമായി ബന്ധപ്പെട്ട കഥയുമുണ്ട്‌ മണ്ണിന്‌ പറയാൻ. ഉള്ളവന്റെ മുതലെടുത്ത് ഇല്ലാത്തവന് നൽകാനുള്ള മോഷണം. പുത്തൻകോട് മേനോന്റെ വീട്ടിലായിരുന്നു മായൻ മോഷ്ടിച്ച സാധനങ്ങൾ വിതരണംചെയ്തിരുന്നത്. 
ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട്‌ കിടന്ന ഗ്രാമങ്ങളുടെ ഭൂമിക വലിയ പ്രതീകമായും ഉപയോഗിച്ചു. പരിഷ്‌കാരത്തെ പുണരാത്തവരെ ‘പാങ്ങൻ’  വാക്കിലൂടെ കളിയാക്കി. 
കാർഷികമേഖലയാണ്‌ ജനങ്ങളുടെ മുഖ്യവരുമാനം. കാലംപിന്നിട്ടപ്പോൾ പാങ്ങും കുതിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം എന്നിവയിൽ നേട്ടമേറെ. വികസനം വന്ന്‌ വിളിയ്‌ക്കുമ്പോഴും മായാത്ത ഗ്രാമീണതയുടെ ഏഴഴക്‌. ഭൂപടത്തിൽ അടയാളപ്പെടുത്താൻ കഴിയില്ലെങ്കിലും ചരിത്രത്തിന്റെ അടയാളമുള്ള നാട്ടുപാതകൾ.
പ്രധാന വാർത്തകൾ
 Top