27 September Sunday
മണ്ണൊരുങ്ങി, മഹാപ്രതിരോധത്തിന്

കെട്ടുറപ്പിൻ കോട്ടയാകാൻ 3 ലക്ഷം പേർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 സ്വന്തം ലേഖകൻ

മലപ്പുറം
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികയ്‌ക്കുമെതിരെ കേരളത്തിന്റെ മതനിരപേക്ഷ മനഃസാക്ഷി  ഉണർത്താൻ റിപ്പബ്ലിക്‌ ദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരംവരെ എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖല മലപ്പുറത്ത്‌ മഹാ പ്രതിരോധമാകും. വൈകിട്ട്‌ നാലിനാണ്‌ മഹാശൃംഖല. ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞയെടുക്കും. 
പങ്കെടുക്കുന്നവർ നിശ്‌ചയിച്ച സ്ഥലത്ത്‌ രണ്ടരയ്‌ക്കുതന്നെ എത്തണം. പകൽ മൂന്നരയ്‌ക്ക്‌ റിഹേഴ്‌സൽ. ഇന്ത്യ എന്ന ആശയം നിലനിൽക്കണമെന്ന അഭിപ്രായമുള്ള ജനലക്ഷങ്ങൾ മഹാശൃംഖലയിൽ കൈകോർക്കും. ദേശീയപാതയിൽ ഐക്കരപ്പടിമുതൽ പുലാമന്തോൾവരെ മൂന്നുലക്ഷം പേർ കണ്ണികളാകും. ബില്ലിനെതിരായ നിലപാടുള്ള ആർക്കും ഈ ജനമുന്നേറ്റത്തിൽ കണ്ണിചേരാം. 
കണ്ണി ചേരാൻ പ്രമുഖർ
ഐക്കരപ്പടിയിൽ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി ആദ്യ കണ്ണിയാകും. പി പി വാസുദേവൻ പുലാമന്തോളിൽ ജില്ലയിലെ അവസാന കണ്ണിയാകും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മുഹമ്മദ്‌ യൂസുഫ്‌ തരിഗാമി, പി കെ ശ്രീമതി, മന്ത്രി കെ ടി ജലീൽ, എൽഡിഎഫ്‌ ജില്ലാ കൺവീനർ പി പി സുനീർ, മറ്റ് ഘടകകക്ഷി നേതാക്കളായ  കെ ചന്ദ്രൻ, കെ ടി മുജീബ് റഹ്‌മാൻ, അബ്ദുൾ വഹാബ്, അഡ്വ. ബാബു കാർത്തികേയൻ, മാത്യൂസ് കോലഞ്ചേരി  എന്നിവർ  മലപ്പുറം കുന്നുമ്മലിൽ കൈ കോർക്കും. ഐക്കരപ്പടി, പുളിക്കൽ, കൊണ്ടോട്ടി, മോങ്ങം, ആലത്തൂർപടി, മലപ്പുറം, കൂട്ടിലങ്ങാടി, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, ചെറുകര, പുലാമന്തോൾ എന്നിവിടങ്ങളിൽ ശൃംഖലയ്‌ക്കുശേഷം പൊതുയോഗങ്ങളും ചേരും. പ്രമുഖ നേതാക്കൾ സംസാരിക്കും. 
 കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ പിന്തുണ അറിയിച്ചിട്ടുണ്ട്‌. കലാ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സമുദായ അധ്യക്ഷന്മാരുമൊക്കെ ശൃംഖലയിൽ  കണ്ണിചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌.  കേരള മുസ്ലിം ജമാഅത്ത്‌ സംസ്ഥാന ജനറൽ സെക്രട്ടറി  ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ, സമസ്‌ത കേരള ജഇയ്യത്തുൽ ഉലമ നേതാവ്‌ അഡ്വ. ത്വയിബ്‌ ഹുദവി, പെരിന്തൽമണ്ണ എസ്‌എൻഡിപി യൂണിയൻ പ്രസിഡന്റ്‌ പാറക്കോട്ടിൽ ഉണ്ണി, സാമൂഹ്യ പ്രവർത്തക അഡ്വ. സുജാത വർമ്മ,  മലപ്പുറം സെന്റ്‌ ജോസഫ്‌സ്‌ ചർച്ച്‌ വികാരി ഫാ. കെ എസ്‌ ജോസഫ്‌, സെന്റ്‌ തോമസ്‌ ചർച്ച്‌ വികാരി ഫാ. സെബാസ്‌റ്റ്യൻ ചെമ്പുകണ്ടത്തിൽ, സെന്റ്‌ ജോൺസ്‌ ലൂഥറൻ ചർച്ച്‌ വികാരി ഫാ. ഡി റെജിദാസ്‌, കോട്ടക്കൽ അൽമാസ്‌ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. കബീർ, എംബി ആശുപത്രി എംഡി ഉമ്മർ ബാവ,  നിലമ്പൂർ ആയിഷ, എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്‌ണൻ, മണമ്പൂർ രാജൻബാബു, ഗിരിജ പാതേക്കര  എന്നിവർ മലപ്പുറത്ത്‌ കണ്ണിയാകും.
മാതൃകയായി എൽഡിഎഫ്‌ സർക്കാർ
പൗരത്വ ഭേദഗതി നിയമവും അപകടകരമായ  എൻആർസിയും എൻപിആറും നടപ്പാക്കില്ലെന്ന എൽഡിഎഫ്‌ സർക്കാരിന്റെ ഉറച്ച നിലപാട്‌ ജനങ്ങൾക്ക്‌ വലിയ ആശ്വാസമാണ്‌. ഭരണഘടനാ മൂല്യങ്ങൾക്ക്‌ നിരക്കാത്ത നിയമം റദ്ദാക്കണമെന്ന നിയമസഭയുടെ പ്രമേയവും സുപ്രീം കോടതിയിൽ തുടക്കമിട്ട നിയമപോരാട്ടവും രാജ്യത്തിന് മാതൃകയായി. പ്രതിപക്ഷവുമായി യോജിച്ച്‌ നടത്തിയ സത്യഗ്രഹവും രാജ്യം ശ്രദ്ധിച്ചു. എന്നാൽ യോജിച്ച സമരത്തിന്‌ തുരങ്കംവയ്‌ക്കുന്ന ചില കേന്ദ്രങ്ങളുടെ ദുഷ്‌ടലാക്കും  സമരത്തിൽ വർഗീയത കലർത്തി സംഘപരിവാവറിന്‌ സുവർണാവസരം സമ്മാനിക്കുന്ന വർഗീയശക്തികളെയും ജനം തിരിച്ചറിയുന്നുണ്ട്‌. സമുദായ നേതൃത്വങ്ങൾതന്നെ ഇത്തരം ഭിന്നിപ്പിന്റെ ശക്തികൾക്കെതിരെ നിലപാടെടുക്കുന്നത്‌ ആശാവഹമാണ്‌.  മലബാർ സമരമടക്കം സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ ജാതിമത ഭേദ ചിന്തകൾക്കതീതമായി യോജിച്ചുനിന്ന്‌ ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ പൊരുതിയ സാമ്രാജ്യത്വവിരുദ്ധ സമരപൈതൃകം അതിജീവന പോരാട്ടത്തിൽ മലപ്പുറത്തിന്‌ വഴികാട്ടും.
ചരിത്രദൗത്യത്തിൽ കൈകോർക്കാം
മഹാശൃംഖലയിൽ  ജനങ്ങളെ അണിനിരത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രാദേശികമായി സ്ക്വാഡുകളുടെ ഗൃഹസന്ദർശനങ്ങളും കുടുംബയോഗങ്ങളും ഭരണഘടനാ സംരക്ഷണ സദസ്സുകളും നടത്തി. പ്രചാരണ ജാഥയ്‌ക്കും വൻ വരവേൽപ്പാണ്‌ ലഭിച്ചത്‌. വിവിധ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും കർഷക, കർഷകത്തൊഴിലാളി, മഹിളാ, യുവജന, വിദ്യാർഥി സംഘടനകളും പ്രത്യേകം ക്യാമ്പയിനുകൾ നടത്തുന്നു. 16ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലി ബഹുജന പിന്തുണയുടെ അടയാളമായി. വംശീയവെറിയുടെ പ്രമാണമായ പൗരത്വ ദേദഗതിക്കും 
പൗരത്വ പട്ടികക്കുമെതിരെ നാടെങ്ങും ബഹുജനരോഷം പടരുകയാണ്‌. രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെയും മഹത്തായ ഭരണഘടനയെയും ജനങ്ങളുടെ ഐക്യത്തെയും സൗഹാർദത്തെയും സംരക്ഷിക്കുന്നതിനുള്ള ചരിത്രദൗത്യമായ മഹാശൃംഖലയിൽ കൈകോർക്കണമെന്ന്‌ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. 
എൽഡിഎഫ്‌ ജില്ലാ കൺവീനർ പി പി സുനീർ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top