29 February Saturday

സ്‌നേഹക്കൂടൊരുങ്ങുന്നു; സന്തോഷം ഹൗസ്‌ഫുൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

അയിരൂരിൽ നിർമിക്കുന്ന സ്‌നേഹബെമ്മാടത്തിന് സമീപം മാലികുളത്ത് നഫീസയും കുടുംബവും

 

പൊന്നാനി 
പാലപ്പെട്ടി അയിരൂർ കുണ്ടുചിറപ്പാലത്തിനടിയിൽ പുറമ്പോക്കിലെ ഏതുനിമിഷവും തകരാവുന്ന ഓലവീട്ടിലിരുന്ന് തൊട്ടടുത്ത് നിർമാണം പൂർത്തീകരണത്തിലേക്ക് നീങ്ങുന്ന സ്നേഹബെമ്മാടത്തിലേക്ക് (സ്നേഹത്തിന്റെ കൊട്ടാരം) നോക്കുമ്പോൾ മാലികുളത്ത് നഫീസക്കും കുടുംബത്തിനും സന്തോഷം അതിര് കടക്കും. പത്ത് വർഷംനീണ്ട ദുരിത ജീവിതത്തിന്‌ അറുതിയാവുന്നതിന്റെ ആഹ്ലാദത്തിലാണവർ.  
മഹാപ്രളയത്തിൽ തകർച്ച നേരിട്ടവർക്ക്‌ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ  ഇടപെടലിനെ തുടർന്നാണ് സ്നേഹ ബെമ്മാടത്തിന്റെ തണലൊരുങ്ങുന്നത്. പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി 28 കുടുംബങ്ങളാണ് പുറമ്പോക്കിൽ  കഴിയുന്നത്. ഇവർക്ക്‌ ബ്രിട്ടീഷ് മോഡലിലുള്ള പ്രീ ഫാബ്രിക്കേഷൻ വീടുകളാണ്‌ നിർമിക്കുന്നത്.  സ്പീക്കറുടെ അഭ്യർഥനയെ തുടർന്ന് വ്യക്തികളും വിദേശ മലയാളികളും സഹായമെത്തിച്ചതോടെയാണ്‌  സ്നേഹ ബെമ്മാടം പദ്ധതിക്ക് രൂപമായത്‌. പ്രവാസി ലഫീർ മുഹമ്മദാണ്   33 സെന്റ്   വാങ്ങി നൽകിയത്.  വീട് നിർമിച്ച് നൽകുന്നത് പ്രവാസി രംഗത്ത് പ്രവർത്തിക്കുന്ന എരമംഗലത്തെ ഫ്രണ്ട് ലൈൻ ഗ്രൂപ്പാണ്. നാല് ബ്ലോക്കുകളിലായി 15 വീടുകളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാവുന്നത്.  ബാക്കിയുള്ളവരെ താമസിപ്പിക്കാൻ അയിരൂരിൽ 14 സെന്റ്  കോടത്തൂർ വി എം അഹമ്മദുണ്ണി മാസ്റ്റർ സൗജന്യമായി നൽകിയിട്ടുണ്ട്.
550 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ് റൂം, ഡൈനിങ്ഹാൾ, സിറ്റൗട്ട്, അടുക്കളയും അടങ്ങിയ ഇരുനിലയുള്ള ഭവനമാണ് ഓരോ കുടുംബത്തിനും നൽകുന്നത്. ഒരു ഭവനത്തിന് അഞ്ചരലക്ഷം നിരക്കിൽ 16 ഭവനങ്ങളാണ് ഫ്രണ്ട് ലൈൻ ഗ്രൂപ്പ് നിർമിച്ച് നൽകുന്നത്. ഏപ്രിൽ മാസത്തോടെ നിർമാണം പൂർത്തീകരിച്ച് ഈ കുടുംബങ്ങൾക്ക് കൈമാറാനുള്ള തയ്യാറെടുപ്പിലാണ്. ഡീറ്റെയിൽ കോൺസെപ്റ്റ് ആന്‍ഡ്  ഡിസൈൻ ഗ്രൂപ്പിനാണ് നിർമാണ ചുമതല. 
ഹുസൈനും വീടാവുന്നു
വീട്‌ ലഭിക്കുന്ന സന്തോഷത്തിലാണ്‌  കാണക്കോട്ട് ഹുസൈനും കുടുംബവും. കഴിഞ്ഞ 20 വർഷമായി  ചോർന്നൊലിക്കുന്ന ഓലമേഞ്ഞ വീട്ടിലാണ്  ഇവരുടെ താമസം. ഉൾനാടൻ മത്സ്യത്തൊഴിലാളിയായ ഹുസൈന് കുടുംബസ്വത്തായി നാല് സെന്റ്  കിട്ടിയെങ്കിലും  വീടുണ്ടാക്കാനായില്ല.  സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇടപെടുകയും സ്നേഹ ബെമ്മാടത്തിൽ ഉൾപ്പെടുത്തുകയുംചെയ്‌തു. 
ആരെയും ഒഴിപ്പിക്കില്ല; സ്‌പീക്കർ 
 മാറഞ്ചേരി കുണ്ടുകടവ് പാലത്തിനുസമീപം പുറമ്പോക്കിലുള്ളവരടക്കം ആരേയും ഒഴിപ്പിക്കില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. പുറമ്പോക്കിലുള്ളവരെ ഒഴിപ്പിക്കുമെന്ന ചില വാർത്തകൾ സ്‌പീക്കറുടെ ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു പ്രതികരണം. 
കുണ്ടുകടവ്‌ പാലത്തിനുസമീപമുള്ളവർക്ക്‌ വീട് നിർമിച്ച് നൽകാൻ മാറഞ്ചേരിയിലെ ബിൻസ് ഫാർമസ്യൂട്ടിക്കൽ ഉടമ ഡോ. മുഹമ്മദ് ബിൻ അഹമ്മദ് സൗജന്യമായി മാറഞ്ചേരി പാലസ് ഓഡിറ്റോറിയത്തിനുസമീപം  30 സെന്റ്  നൽകിയിട്ടുണ്ട്‌. ഇവിടെ സ്നേഹ ബെമ്മാടം നിർമിക്കും. സർക്കാർ ഫണ്ടിന് നിൽക്കാതെ സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ വീട് നിർമിച്ച് നൽകാനാണ് തീരുമാനമെന്നും സ്പീക്കർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top