27 September Sunday

മണവാട്ടി മൊഞ്ചിൽ പ്രതിഷേധച്ചുവട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
തിരൂർ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഴകാർന്ന ഒരു പ്രതിഷേധം. മണവാട്ടിയും തോഴിമാരും നിറഞ്ഞാടി സർഗാത്മകമായി പ്രതികരിച്ചപ്പോൾ വാഗൺ ട്രാജഡിയുടെ മണ്ണിനത്‌ പുതിയ അനുഭവമായി. ജനപ്രതിനിധികളടക്കം ഒപ്പനയിൽ വേഷമിട്ടതും കാണികൾക്ക്‌ വേറിട്ട കാഴ്‌ചയായി.  എൽഡിഎഫ്‌  മനുഷ്യ മഹാശൃഖലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ ഏരിയാ കമ്മിറ്റിയാണ്‌  മെഗാ ഒപ്പന സംഘടിപ്പിച്ചത്‌. വിദ്യാർഥികൾമുതൽ 70 പിന്നിട്ട  വീട്ടമ്മമാർവരെ കൈകൾ കൊട്ടി ഇശൽ താളത്തിൽ ഒപ്പന അവതരിപ്പിച്ചു.
‘വേഷം കൊണ്ട് തിരിച്ചറിയാനാവില്ല’ എന്നതായിരുന്നു സന്ദേശം. വാഗൺ ട്രാജഡി ടൗൺ ഹാൾ പരിസരത്ത് മെഗാ ഒപ്പന കാണാൻ ആളുകൾ  തിങ്ങിനിറഞ്ഞു.  ഇതിന്‌ നടുവിൽ മണവാട്ടിയായ തെക്കുമുറി സ്വദേശി ഷഹന ഷറിനും കൈകൾ കൊട്ടി തോഴിമാരും  ആടിപ്പാടി.  തിരൂർ ബ്ലോക്ക് പ്രസിഡന്റ്‌ സി പി റംല, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഗീത പള്ളിയേരി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ കെ വസന്ത എന്നിവരടക്കമുള്ള ജനപ്രതിനിധികളാണ്‌ വേഷമിട്ടത്‌.   500ഓളം വനിതകൾ പങ്കെടുത്തു. 
പുരോഗമനകലാ  സാഹിത്യസംഘം ജില്ലാ പ്രസിഡ​ന്റ് അജിത്രി ഉദ്ഘാടനംചെയ്തു. കെ പി കാർത്യായനി അധ്യക്ഷയായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി പി റംല ഭരണഘടനാ പ്രതിജ്ഞചൊല്ലി.
സിപിഐ എം ഏരിയാ സെക്രട്ടറി പി ഹംസകുട്ടി, സാഹിത്യകാരി സുഹറ കൂട്ടായി, ഗീത പള്ളിയേരി, നഗരസഭാ വൈസ് ചെയർപേഴ്സൺ പി സഫിയ, കൗൺസിലർമാരായ നാജിറ അഷറഫ്, കെ പി റംല, കെ പി ശാന്തകുമാരി എന്നിവർ സംസാരിച്ചു. സീനത്ത് ഇസ്മയിൽ സ്വാഗതവും കെ ജി സൽമാബായ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top