05 December Monday
ജില്ലാ സ്‌കൂൾ കായികമേള

അതിവേഗത്തിൽ 
ഷാനും അനുഗ്രഹയും

സ്വന്തം ലേഖകൻUpdated: Thursday Nov 24, 2022
തേഞ്ഞിപ്പലം
ട്രാക്കിൽ അതിവേഗക്കാരായി ഐഡിയലുകാർ. 100 മീറ്ററിൽ സീനിയർ, ജൂനിയർ ആൺ, പെൺവിഭാഗങ്ങളിലാണ്‌ കടകശേരി ഐഡിയലിന്റെ കുട്ടികൾ "സ്വർണ' ക്കുതിപ്പ്‌ നടത്തിയത്‌. 100 മീറ്റർ സീനിയർ വിഭാഗത്തിൽ പി മുഹമ്മദ് ഷാൻ, സി അനുഗ്രഹ, ജൂനിയർ വിഭാഗത്തിൽ അലൻ മാത്യു, എം മിഖായേല എന്നിവരാണ്‌ ആദ്യം വിജയവരതൊട്ട ഐഡിയൽ താരങ്ങൾ. 
സീനിയർ വിഭാഗത്തിൽ 11.4 സെക്കൻഡിലാണ്‌ പി മുഹമ്മദ്‌ ഷാൻ സ്വർണം നേടിയത്‌. താനൂർ ഡിജിഎച്ച്‌എസ്‌എസിലെ സി പി അബ്ദുൾ റൗഫ്‌ (11.12 സെ) വെള്ളിയും പൊന്നാനി എംഐഎച്ച്‌എസ്‌എസിലെ മുഹമ്മദ്‌ ബാസിൽ (11.58) വെങ്കലവും നേടി. 
സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ അണ്ടർ 20 വിഭാഗത്തിൽ 100, 200 മീറ്ററുകളിലെ സ്വർണ മെഡൽ ജേതാവാണ്‌ മുഹമ്മദ്‌ ഷാൻ. ആതവനാട്‌ പിലാത്തേത്ത്‌ സൈനുദ്ദീന്റെയും ഫൗസിയയുടെയും മകനാണ്‌. 
വ്യക്തമായ ആധിപത്യം പുലർത്തിയാണ്‌ സീനിയർ പെൺകുട്ടികളിൽ സി അനുഗ്രഹ സ്വർണം സ്വന്തമാക്കിയത്‌ (12.66 സെ). ഐഡിയൽ സ്‌കൂളിലെ ആർ ആർ രേവതി (13.37 സെ) വെള്ളിയും കാവനൂർ സിഎച്ച്‌എംകെഎച്ച്‌എസിലെ നസീഹ ഷെറിൻ (13.44 സെ) വെങ്കലവും നേടി. കണ്ണൂർ പയ്യന്നൂർ മാതമംഗലം ചിറക്കൽ അശോകന്റെയും വിജിതയുടെയും മകളാണ്‌ അനുഗ്രഹ. 
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 11.50 സെക്കൻഡിൽ അലൻ മാത്യു സ്വർണം സ്വന്തമാക്കിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ എം മിഖായേല 13.30 സെക്കൻഡിലാണ്‌ വേഗവരകടന്നത്‌.    
സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുന്നാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെ പി പി മുഹമ്മദ്‌ ഷഹീലും പെൺകുട്ടികളിൽ പൂക്കളത്തൂർ സിഎച്ച്‌എം എച്ച്‌എസ്‌എസിലെ എം പി ഷഫ്‌നയും സ്വർണം സ്വന്തമാക്കി. മീറ്റിന്റെ രണ്ടാം ദിനമായ വ്യാഴാഴ്‌ച എല്ലാ വിഭാഗം 400 മീറ്റർ, ഹർഡിൽസ്‌, ജൂനിയർ, സീനിയർ 3000 മീറ്ററടക്കം 39 ഫൈനൽ നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top