21 November Thursday

നാരിയെ മാനിക്കാൻ പഠിച്ചു

സ്വന്തം ലേഖകൻUpdated: Thursday Oct 24, 2019
മലപ്പുറം
ജില്ലയിൽ വനിതാ കമീഷനുമുന്നിലെത്തുന്ന പരാതികളിൽ കാര്യമായ കുറവുണ്ടാകുന്നതായി കമീഷൻ അംഗം ഇ എം രാധ. 
ജില്ലാ പഞ്ചായത്ത്‌ ഹാളിലെ മെഗാ അദാലത്തിനുശേഷം വാർത്താ ലേഖകരോട്‌ സംസാരിക്കുകയായിരുന്നു അവർ. 
സമാനമായ അവസ്ഥ മറ്റ്‌ വടക്കൻ ജില്ലകളിലുമുണ്ട്‌. 
കുടുംബ കോടതികളുടെ പ്രവർത്തനവും വനിതാ കമീഷന്റെ ഇടപെടലും ശക്തമായതോടെ ഗാർഹിക പീഡന പരാതികളുൾപ്പെടെയുള്ളവയിൽ കാര്യമായ കുറവുണ്ട്‌. 
മുമ്പ്‌ ഒന്നിലധികം വിവാഹവും കുടുംബതർക്കവുമാണ്‌ കമീഷന്റെ മുന്നിലെത്തിയ പ്രധാന തർക്കങ്ങളെങ്കിൽ നിലവിൽ ഇത്‌ തൊഴിലിടങ്ങളിലെ ശാരീരിക–- മാനസിക പീഡനങ്ങൾക്ക്‌ വഴിമാറിയിരിക്കുകയാണ്‌. വിദ്യാസമ്പന്നരും ഉന്നത പദവി അലങ്കരിക്കുന്നവരും ഇത്തരം പരാതികളിൽ ആരോപണ വിധേയരാകുന്നുവെന്നും ഇ എം രാധ പറഞ്ഞു. 
 അദാലത്തിൽ 59 കേസുകൾ പരിഗണിച്ചതിൽ ഏഴ് പരാതികൾ തീർപ്പാക്കി. 
ഒരു പരാതിയിൽ കമീഷൻ റിപ്പോർട്ട് തേടി. 51 കേസുകൾ നവംബർ 16ന്   അടുത്ത അദാലത്തിൽ പരിഗണിക്കും.  
വളാഞ്ചേരിക്കടുത്ത എയ്ഡഡ് സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെയുള്ള പരാതിയും  പരിഗണനക്ക് വന്നു. 
സ്‌കൂൾ മാനേജറോട് അടുത്ത സിറ്റിങ്ങിൽ ഹാജരാവാൻ നിർദേശം നൽകി. അഡ്വ. ബീന, അഡ്വ. രാജേഷ് പുതുക്കാട് എന്നിവരും അദാലത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top