മലപ്പുറം
നേതാക്കളെ എൻഐഎ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനംചെയ്ത ഹർത്താലിനിടെ ജില്ലയിൽ വ്യാപക അക്രമം. അക്രമ ഭീഷണിയെ തുടർന്ന് കടകമ്പോളങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും പലയിടത്തും ഹർത്താൽ അനുകൂലികൾ തടയാൻ ശ്രമിച്ചു. മറ്റ് ഡിപ്പോകളിൽനിന്ന് ജില്ലയിലെത്തിയ കെഎസ്‌ആർടിസി ബസുകൾക്കുനേരെയും ആക്രമണമുണ്ടായി.
ജില്ലയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സമരാനുകൂലികളായ 128 പേരെ കരുതൽതടങ്കലിൽവച്ചു. കരുവാരക്കുണ്ട്, മഞ്ചേരി, പൊന്നാനി, മലപ്പുറം, കോട്ടക്കൽ, തിരൂർ, താനൂർ എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ് കരുതൽതടങ്കലിൽവച്ചത്. വിവിധയിടങ്ങളിലായി 27 കേസ് രജിസ്റ്റർചെയ്‌തു. 110 പേരെ അറസ്റ്റ് ചെയ്‌തു.107 പേർക്ക് നോട്ടീസ് അയച്ചു.
പൊന്നാനി, തേഞ്ഞിപ്പലം, നിലമ്പൂർ, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ കെഎസ്‌ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾക്കുനേരെ കല്ലെറിഞ്ഞു.
കോഴിക്കോടുനിന്ന് ഗുരുവായൂരിലേക്ക് പോവുന്ന കെഎസ്‌ആർടി ബസിനു നേരെ പൊന്നാനിയിൽവച്ച് കല്ലെറിഞ്ഞു. ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന പുന്നയൂർകുളം പഞ്ചായത്ത് സെക്രട്ടറി സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലെറിഞ്ഞു. സംഭവത്തിൽ ഒരു പിഎഫ്ഐ പ്രവർത്തകനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ –-അങ്ങാടിപ്പുറം ജൂബിലി ജങ്ഷനിൽവച്ച് ബത്തേരി ഡിപ്പോയിൽനിന്നെത്തിയ ബസിനുനേരെ കല്ലെറിഞ്ഞു.
തേഞ്ഞിപ്പലത്ത് ലോറിക്കുനേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. മംഗലാപുരത്തേക്ക് മത്സ്യവുമായി പോവുന്ന ലോറിക്കുനേരെയാണ് കല്ലെറിഞ്ഞത്.
പെരിന്തൽമണ്ണയിൽ
കെഎസ്ആർടിസി ബസിന് കല്ലേറ്
: ഒരാൾ അറസ്‌റ്റിൽ
പെരിന്തല്‍മണ്ണ
അങ്ങാടിപ്പുറം പോളിടെക്‌നിക് കോളേജ് ക്വാര്‍ട്ടേഴ്‌സിനുസമീപം കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറ്. വെള്ളി രാവിലെ ഒമ്പതോടെ സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞത്. ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ഡ്രൈവര്‍ കുന്ദമംഗലം പടനിലം സ്വദേശി ചോലക്കര വീട്ടില്‍ അഷ്‌റഫി (41)ന് ചില്ല് തെറിച്ച് കണ്ണിനും കല്ലേറിൽ തലയ്‌ക്കും പരിക്കേറ്റു. ഡ്രൈവര്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ബസിലെ യാത്രക്കാരായ അരീക്കോട് സ്വദേശിനിക്കും കല്ലേറിൽ പരിക്കേറ്റു. ഗുരുവായൂരിൽനിന്ന് പെരിന്തല്‍മണ്ണവഴി സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്നു ബസ്. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ പൊലീസെത്തി ബസ് പെരിന്തല്‍മണ്ണ ഡിപ്പോയിലേക്ക് മാറ്റി. ബസിന് കല്ലെറിഞ്ഞ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു.
മങ്കട മേലേ അരിപ്ര ഇരിമ്പാലക്കല്‍ മുഹമ്മദ് അഷ്‌റഫിനെ (35)യാണ് ഇന്‍സ്പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്നും മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചു.
കെഎസ്ആർടിസി ബസിന് *കല്ലെറിഞ്ഞ 3 പേർ അറസ്‌റ്റിൽ
പൊന്നാനി
കെഎസ്ആർടിസി ബസിനും ടാങ്കർ ലോറിക്കും കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. * പൊന്നാനി മുല്ലറോഡ് സ്വദേശി പുതുപറമ്പിൽ മുബഷീർ (21), ജിലാനി നഗർ സ്വദേശി അസ്സനിക്കാന്റെ മുഹമ്മദ് ഷരീഫ് (27), പള്ളിപ്പടി സ്വദേശി കപ്പക്കാരകത്ത് റാസിക് (32) എന്നിവരാണ് പിടിയിലായത്. രാവിലെ 8.30ന് ആനപ്പടിയിൽവച്ചാണ് അക്രമംനടന്നത്. കോഴിക്കോടുനിന്ന് ഗുരുവായൂരിലേക്ക് പോവുന്ന ബസിനുനേരെ ബൈക്കിലെത്തിയ സംഘം കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ബസിന്റെ സമീപത്തുണ്ടായിരുന്ന ടാങ്കർ ലോറിക്കുനേരെയും കല്ലെറിഞ്ഞു. ഉടൻ പൊലീസ് എത്തിയെങ്കിലും അക്രമികൾ ഓടിപ്പോയി. ടാങ്കറിലെ തൊഴിലാളി മൊബൈലിൽ പകർത്തിയിരുന്ന ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..