23 May Thursday

പൊന്നാനി വിളിച്ചു ‘സൊല്ലല്ലാഹു അലൈഹി വസല്ലം ഇങ്ക്വിലാബ‌് സിന്ദാബാദ്’

വി കെ രഘുപ്രസാദ്Updated: Sunday Jun 24, 2018

കമ്മാലിക്കാനകം വീട്

എഴുത്തച്ഛൻ മുതൽ ചെറുകാട് വരെ സാഹിത്യകാരന്മാർ. ഇ എം എസ്, കെ ദാമോദരൻ തുടങ്ങിയ ദാർശനിക പ്രതിഭകൾ. മഹത്തായ സാന്നിധ്യങ്ങളുടെ പ്രഭാവലയത്തിൽ ചുവന്നതാണ് മലപ്പുറത്തിന്റെ സംസ്‌കാരവും രാഷ്ട്രീയവും. പിന്തിരിപ്പൻ മൂല്യങ്ങൾ തലപൊക്കിയപ്പോഴൊക്കെ മലപ്പുറം നേരിട്ടു; സാംസ്‌കാരികമായും രാഷ്ട്രീയമായും. പ്രമാണിവർഗം മതത്തെ സ്വന്തം താൽപ്പര്യങ്ങൾക്ക് ഉപയോഗിച്ചപ്പോൾ  നാട് പ്രതിരോധിച്ചതും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഈടുവയ്പിലാണ്. അവശതയനുഭവിക്കുന്നവന്റെ കണ്ണീരൊപ്പാനുള്ള പോർനിലങ്ങളിൽ  തക്ബീർധ്വനികളും ഇങ്ക്വിലാബ് വിളികളും ഒരേ ഉച്ചത്തിൽ മുഴങ്ങിയിട്ടുണ്ട് ഈ മണ്ണിൽ. 
പൊന്നാനിയുടെ തീരങ്ങളിൽ കാതോർത്താൽ ഇന്നും കേൾക്കാം ആ മുഴക്കം. വർഷം 1939. മത്സ്യത്തൊഴിൽ മേഖല കഴിഞ്ഞാൽ  ബീഡി വ്യവസായമായിരുന്നു പൊന്നാനിയുടെ പ്രധാന തൊഴിൽരംഗം. കനോലി കനാലിന്റെ തീരത്ത് പൊന്നാനി, മാറഞ്ചേരി,  വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിൽ ബീഡി കമ്പനികൾ തലയുയർത്തിനിന്നു. ആന ബീഡി, കോഹിനൂർ ബീഡി, മംഗളൂരു ഗണേശ് ബീഡി തുടങ്ങിയ കമ്പനികൾ. കമ്പനി ഉടമകൾ മുഴുവൻ  മുസ്ലിം പ്രമാണിമാർ. പൊന്നാനിയിലെ  മുസ്ലിം സമുദായത്തിലെ പാവപ്പെട്ടവർ ഭൂരിപക്ഷവും ബീഡി കമ്പനിയിലെ തൊഴിലാളികൾ. പുരുഷന്മാർ കമ്പനിയിൽ ജോലിക്കുപോയപ്പോൾ സ്ത്രീകൾ വീട്ടിലിരുന്ന് ബീഡി തെറുത്തു. ആയിരം ബീഡി തെരച്ചാൽ കൂലി ഒന്നരയണ. കൊടിയ ചൂഷണത്തിൽ തടിച്ചുകൊഴുത്തത് ബീഡി കമ്പനി ഉടമകൾ. തൊഴിലാളി വീടുകളിൽ ദുരിതംമാത്രം ബാക്കി. അരയണ കൂലി കൂടുതലിന് തൊഴിലാളികൾ സമരത്തിനിറങ്ങി. ആദ്യഘട്ടത്തിൽ സമരം പരാജയം. ഉടമകളുടെ ധിക്കാരത്തിനുമുന്നിൽ അസംഘടിതരായ തൊഴിലാളികൾക്ക് മുട്ടുമടക്കേണ്ടിവന്നു. കൂരകളിലെ ദുരിതം കേട്ടറിഞ്ഞ് തിരൂരിൽനിന്ന് കമ്യൂണിസ്റ്റ് പാർടി നേതാവ് കെ ദാമോദരൻ പൊന്നാനിയിലെത്തി. തൊഴിലാളി യൂണിയൻ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. പൊന്നാനിയിലെ കമ്മാലിക്കാനകം എന്ന വീടായിരുന്നു യൂണിയൻ ഓഫീസ്.  ചെങ്കൊടിക്കീഴിൽ കെ ദാമോദരന് പിന്നിൽ പൊന്നാനിയുടെ മണ്ണും മനസ്സും ഉറച്ചുനിന്നു. കൃഷ്ണപിള്ള, എ കെ ജി, സി കണ്ണൻ, ഇ പി ഗോപാലൻ എന്നിവർ പല ഘട്ടങ്ങളിലായി പൊന്നാനിയിൽ ക്യാമ്പ് ചെയ്തു. സഖാക്കളുടെ സന്ദർശനം തൊഴിലാളികളുടെ ആവേശം വാനോളമുയർത്തി. ഉടമകൾ കമ്പനികൾ പൂട്ടിയിട്ടു. വിശപ്പ് നാടിന് പുതുമയല്ലാതായി.  മലബാർ കലാപത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാർ രൂപീകരിച്ച എംഎസ‌്പിക്കാർ അഴിഞ്ഞാടി. പട്ടിണിക്കോലങ്ങൾ ബൂട്ടുകൾക്ക് കീഴിൽ ഞെരിഞ്ഞമർന്നു. ചോരയും കണ്ണീരും തൊഴിലാളികളെ പിന്തിരിപ്പിച്ചില്ല. ഒട്ടിയവയറുമായി പട്ടിണി മാറ്റാൻ നടത്തിയ പോരാട്ടങ്ങളിൽ ആവേശം അലതല്ലി. ഉന്തുവണ്ടിത്തൊഴിലാളികളും ചുമട്ട് തൊഴിലാളികളും കാളവണ്ടിത്തൊഴിലാളികളും കർഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികൾക്കൊപ്പം അണിചേർന്നു. കഞ്ഞിപ്പാർച്ചകളുമായി (പട്ടിണിയായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സൗജന്യമായി കഞ്ഞിവച്ച് വിതരണംചെയ്യൽ) നാട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സമരങ്ങളും പ്രതിഷേധങ്ങളും അപ്പോഴേക്കും യൂണിയനുകീഴിൽ സംഘടിതരൂപം ആർജിച്ചു. തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള പ്രകടനത്തിനും പണിമുടക്കിനും അരങ്ങൊരുങ്ങി. 
മണിമേടകളിൽ പ്രതികാരമെരിഞ്ഞു. സമരംപൊളിക്കാനുള്ള പദ്ധതികൾ രൂപംകൊണ്ടു. പ്രമാണിമാർ പൗരോഹിത്യത്തെ കൂട്ടുപിടിച്ചു. മുസ്ലിം സ്ത്രീകൾ സമരത്തിനിറങ്ങുന്നത് മതവിരുദ്ധമെന്നും ചെങ്കൊടി വർജ്യമെന്നും ഫത്‌വയിറങ്ങി. സമരംപൊളിക്കാനുള്ള പ്രമാണിമാരുടെ ശ്രമങ്ങളെ തൊഴിലാളികൾ അതേ നാണയത്തിൽ നേരിട്ടു. സമരത്തിന്റെ മുദ്രാവാക്യങ്ങളിൽ ഹദീസും ഇടംപിടിച്ചു. ജോലിചെയ്തതിന്റെ വിയർപ്പ് ആറുന്നതിനുമുമ്പ് കൂലികൊടുക്കണമെന്ന നബിവചനം വിപ്ലവമുദ്രാവാക്യങ്ങൾക്കൊപ്പം ഭാരതപ്പുഴയിൽ അലകളുതിർത്തു.  നടനും സാംസ്‌കാരിക നായകനുമായ പ്രേംജി എഴുതി പൊന്നാനി അസീസ് ചിട്ടപ്പെടുത്തി പാടിയ പാട്ട് തൊഴിലാളികളുടെ പടപ്പാട്ടായി. ആ വരികൾ ഇങ്ങനെ:
കമ്പനി പൂട്ടി കമ്പനിയുടമ 
കുംഭനിറച്ച് സുഖിച്ചീടുമ്പോൾ
ബീഡി തെരച്ച് തെരച്ചിഹ നിത്യം
വീട് പുലർത്തും തൊഴിലാളികളോ
പട്ടണ നടുവിൽ പണിയില്ലാതെ
പട്ടികളെപ്പോലുഴറീടുന്നു
നിർത്തീടട്ടെ ലോക്കൗട്ടുടനെ
തുറന്നീടട്ടെ കമ്പനിവേഗം
പണികിട്ടട്ടെ തൊഴിലാളർക്കായി
പണിതീർക്കട്ടെ പണിചെയ്യുന്നോർ
എങ്ങനെപോക്കും വീടുകൾ ഞങ്ങൾ
എങ്ങനെപോക്കും റമദാൻ കാലം
വേലവിയർപ്പുകൾ വറ്റുംമുമ്പെ
കൂലികൊടുക്കണമെന്നരുൾചെയ്ത
കൊല്ലാകൊലകൾ എതിർക്കും തിരുനബി 
സൊല്ലല്ലാഹു അലൈഹി വസല്ലം
തൊഴിലാളി ഐക്യം സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
കമ്യൂണിസ്റ്റ് പാർടി സിന്ദാബാദ്
മതവും മാർക്‌സിസവും മാനവികതയുടെ വിമോചനമന്ത്രങ്ങളാണെന്ന് പൊന്നാനി  ലോകത്തോട് വിളിച്ചുപറഞ്ഞു. ഉടമകളുടെ കുതന്ത്രങ്ങൾ പാളി. പർദയും തട്ടവുമിട്ട നൂറുകണക്കിന് മുസ്ലിം സ്ത്രീകൾ ചെങ്കൊടിയേന്തി സമരഭൂമിയിൽ അണിനിരന്നു. ഒടുവിൽ ഉടമകൾ കീഴടങ്ങി. തൊഴിലാളികളുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചു. പൊന്നാനി, എടപ്പാൾ മേഖലയിലും ജില്ലയിൽ പൊതുവിലും ചെങ്കൊടിയുടെ പുതിയ പോരാട്ടങ്ങൾക്ക് ഇന്ധനമായി ബീഡിത്തൊഴിലാളി സമരം. 
മാർക്‌സിസം മതവിരുദ്ധമെന്ന ശത്രുവർഗത്തിന്റെ ആഗോളപ്രചാരണത്തിന് പോരാട്ടംകൊണ്ടും ജീവിതംകൊണ്ടും മറുപടി പറഞ്ഞ ചരിത്രം അങ്ങനെ മലപ്പുറത്തിന് സ്വന്തമായി.
പ്രധാന വാർത്തകൾ
 Top