പെരിന്തൽമണ്ണ
മഴമാറിയ ആകാശത്ത് ഉയർന്നുപാറി ശുഭ്രപതാക. പോരാട്ടത്തിന് ഉയിരും ഊർജവുമേകിയ വിദ്യാർഥിപ്രസ്ഥാനത്തിന്റെ കൊടിക്കൂറയ്ക്കുതാഴെ മുദ്രാവാക്യം കടലായ് പടർന്നു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് അഭിമന്യു നഗറിൽ (പെരിന്തൽമണ്ണ മുനിസിപ്പൽ സ്റ്റേഡിയം) സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പതാക ഉയർത്തി.
ആവേശം തുടിച്ച പെരിന്തൽമണ്ണ ജങ്ഷനിൽ പതാക–- കൊടിമര–-ദീപശിഖ ജാഥകൾ സംഗമിച്ചു. കരിമരുന്ന് പ്രയോഗം അകമ്പടിയേകി. ഇരുചക്രവാഹനങ്ങളുടെയും അത്ലറ്റുകളുടെയും അകമ്പടിയോടെ മൂന്ന് ജാഥകളും പൊതുസമ്മേളന നഗരിയിലെത്തി.
മഹാരാജാസ് കോളേജിലെ അഭിമന്യു സ്മൃതി മണ്ഡപത്തിൽനിന്നാണ് പതാക കൊണ്ടുവന്നത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ടി പി രഹ്ന സബീനയുടെയും ജാഥാ മാനേജർ സി എസ് സംഗീതിന്റെയും നേതൃത്വത്തിൽ എത്തിച്ച പതാക സ്വാഗതസംഘം ട്രഷറർ ഇ രാജേഷ് ഏറ്റുവാങ്ങി. രക്തസാക്ഷി ധീരജിന്റെ കണ്ണൂർ തൃച്ചംബരത്തെ സ്മൃതികുടീരത്തിൽനിന്ന് കേന്ദ്ര കമ്മിറ്റിയംഗം എ പി അൻവീർ ക്യാപ്റ്റനും ജോബിൻസൺ ജയിംസ് മാനേജരുമായ ജാഥ കൊണ്ടുവന്ന കൊടിമരം സ്വാഗതസംഘം കൺവീനർ വി രമേശൻ ഏറ്റുവാങ്ങി.
ആലപ്പുഴ ചാരുമൂട് അഭിമന്യുവിന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആദർശ് എം സജി ക്യാപ്റ്റനും അമൽ സോഹൻ മാനേജരുമായ ജാഥ കൊണ്ടുവന്ന ദീപശിഖ കർഷകസംഘം ജില്ലാ സെക്രട്ടറി സി ദിവാകരൻ ഏറ്റുവാങ്ങി.
മുഹമ്മദ് മുസ്തഫയുടെ നാടായ വലിയങ്ങാടിയിൽ ആരംഭിച്ച ഉപ ദീപശിഖാജാഥ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം കെ പി ഐശ്വര്യ ക്യാപ്റ്റനും എം എസ് ശരത്ത് മാനേജരുമാണ്. ധീര രക്തസാക്ഷി സെയ്താലിയുടെ നാടായ പുലാമന്തോളിൽനിന്നുമുള്ള ഉപദീപശിഖാ ജാഥ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം വി പി ശരത്ത് പ്രസാദ് ക്യാപ്റ്റനും ടി അതുൽ മാനേജരുമാണ്. ഉപ ദീപശിഖകൾ സമ്മേളന നഗരിയിൽ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദും ഏറ്റുവാങ്ങി.
സമ്മേളന നഗരിയിലെ പതാക ഉയർത്തൽ ചടങ്ങിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ജോയിന്റ് സെക്രട്ടറി ദിപ്ഷിത ജോയി, പ്രസിഡന്റ് വി പി സാനു, സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ലാ സെക്രട്ടറി എം സജാദ് സ്വാഗതം പറഞ്ഞു.
കൊടിമര ജാഥയെ കോഴിക്കോട് ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എൻ ആദിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ അഫ്സൽ, വി വൈ ഹരികൃഷ്ണപാൽ എന്നിവർ ചേർന്ന് വരവേറ്റു.
പതാക –-ദീപശിഖ ജാഥകളെ പാലക്കാട് ജില്ലാ അതിർത്തിയായ പുലാമന്തോൾ പാലത്തിനുസമീപം സ്വാഗതസംഘം കൺവീനർ വി രമേശൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എ സക്കീർ, ജില്ലാ സെക്രട്ടറി എം സജാദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..