18 August Sunday

കാടിറങ്ങി അവർ പറഞ്ഞു, ഞങ്ങളും ചെയ്തു വോട്ട്

സി ശ്രീകാന്ത്‌Updated: Wednesday Apr 24, 2019

കാടിന്റെ വോട്ടിന്‌ കരുതൽ... മാവോയിസ്‌റ്റ്‌ ഭീഷണി നിലനിൽക്കുന്ന കരുളായി നെടുങ്കയം പോളിങ്‌ ബൂത്തിൽ കേന്ദ്രസേനയുടെ കാവലിൽ കൈക്കുഞ്ഞുമായി വോട്ടുചെയ്‌തിറങ്ങുന്ന ആദിവാസി യുവതി

 
മലപ്പുറം
പണിക്ക് പോയിട്ടില്ല; ഞങ്ങളും ചെയ്തു ഇന്ന് വോട്ട്. കൈവിരൽ ഉയർത്തി പോളിങ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങി രം​ഗനും കരിയനും പറഞ്ഞു. ഓടിയെത്തി കൈവിരലുകൾ ഉയർത്തി കുങ്കനും വെള്ളകയും ചാത്തനും പറഞ്ഞു നങൾ എപ്പേഴെ ചെയ്തുകഴിഞ്ഞു. 
ചൊവ്വാഴ്ച പകൽ വോട്ട് ചെയ്ത ആദിവാസികളുടെ സന്തോഷമായിരുന്നു നെടുങ്കയം ആദിവാസി പോളിങ് സ്റ്റേഷനുമുമ്പിൽ. കുടുംബസമേതം കാടിറങ്ങി വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ ആദ്യം സംസാരിക്കാൻ പലരും  മടിച്ചെങ്കിലും പിന്നീട് വോട്ട് ചെയ്ത അനുഭവം തുടർന്നു. 
ഒരുപാട് ദൂരം താണ്ടിയാണ് വരുന്നത്, കാട്ടുതേൻ എടുക്കുന്ന പണിക്ക് പോയില്ല, ഭക്ഷണം കഴിക്കാൻ സമയം കഴിഞ്ഞു, തുടങ്ങി പലതും നാട്ടുകാരോടും സുരക്ഷാ ഉദ്യോ​ഗസ്ഥരോടും ഏഷ്യയിലെ അപൂർവ ആദിവാസി ​ഗോത്രവിഭാ​ഗമായ ചോലനായ്ക്കർ പറഞ്ഞു. 20 കിലോമീറ്റർ കാടിറങ്ങിയെത്തിയായിരുന്നു അവർ വോട്ട് ചെയ്തത്. 
മഞ്ചേരി, പൂച്ചപ്പാറ, കുപ്പമല, മണ്ണള, പാണപ്പുഴ, നാ​ഗമല തുടങ്ങിയ കോളനികളിൽനിന്ന‌് 27 ചോലനായ‌്ക്കർ വിഭാ​ഗങ്ങളിലുള്ളവർ വോട്ട് ചെയ‌്തു.
മുണ്ടക്കടവ് കോളനിയിലെ പതിനായ്ക്കർ, നെടുങ്കയം കോളനിയിലെ പണിയർ വിഭാ​ഗക്കാരും കേരളത്തിലെ ഏക ആദിവാസി പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. നെടുങ്കയം പ്രകൃതി പഠനകേന്ദ്രം ബൂത്തിൽ 266 ആൺ, 201 പെൺ വോട്ടർമാരടക്കം 467 വോട്ടർമാരാണുള്ളത്. ഇതിൽ 66 ശതമാനം പേർ വോട്ട് ചെയ്തു. 
നാല് കിലോമീറ്റർ അകലെയുള്ള മുണ്ടക്കടവ്, ഒരു കിലോമീറ്റർ അകലെയുള്ള നെടുങ്കയം കോളനികളിലുള്ളവർ പകൽ 12നകം അധികം പേരും വോട്ട് ചെയ്യാനെത്തി. 20 കിലോമീറ്റർ അകലെയുള്ള ചോലനായ്ക്കർ പകൽ രണ്ടിനാണ് കുടുംബസമേതം എത്തിയത്. വനംവകുപ്പിന്റെ മൂന്ന് വാഹനങ്ങളിലാണ് ഇവരെ ബൂത്തിലെത്തിച്ചത്.
പ്രധാന വാർത്തകൾ
 Top