24 July Saturday

ജില്ലയിൽ 144

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
മലപ്പുറം 
കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൽ ജില്ലയിൽ   31 അർധരാത്രിവരെ 144 പ്രഖ്യാപിച്ചു. ക്രിമിനൽ പ്രൊസീജിയർ കോഡ് (സിആർപിസി) സെക്‌ഷൻ 144 പ്രകാരം ആളുകൾ കൂട്ടംകൂടുന്നതടക്കം നിരോധിച്ച് ഉത്തരവായി.  
 
ലംഘിച്ചാൽ നിയമനടപടി
144 പ്രകാരം നിബന്ധനകൾ പാലിക്കപ്പെടേണ്ടത്  സ്ഥാപനമേധാവികളുടെയും  പൗരൻമാരുടെയും ഉത്തരവാദിത്തമാണ്.  നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെങ്കിൽ കൊറോണ  വൈറസിന്റെ സമൂഹ വ്യാപനത്തിന്  കാരണമാകും. അതിനാൽ നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ഐപിസി -269,188, 270, കേരള പൊലീസ് ആക്ട് 120   പ്രകാരം  ജില്ലാ  പൊലിസ്  മേധാവി നടപടി സ്വീകരിക്കേണ്ടതാണ്.  പൊതുജനാരോഗ്യത്തെയും  ദുരന്ത നിവാരണത്തെയും  കണക്കിലെടുത്ത്  മേൽ നിബന്ധനകളിൽ ഒരുവിധത്തിലും ഇളവുകൾ  അനുവദനീയമല്ല. ഇക്കാര്യങ്ങൾ ഉറപ്പ വരുത്തുന്നതിനായി താലൂക്ക് തഹസിൽദാർമാരായ  എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാർ  ശ്രദ്ധിക്കണം. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരുടെ പ്രവർത്തങ്ങളുടെ  ഏകോപനം അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ടും എസ്എച്ച് ഒമാരുടെ പ്രവർത്തനങ്ങളുടെ  ഏകോപനം ജില്ലാ പൊലീസ്  മേധാവിയും  നിർവഹിക്കണം.
 
നിബന്ധനകൾ ഇങ്ങനെ
 ജില്ലയിൽ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. 
 സ്‌കൂളുകൾ,  കോളേജുകൾ, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന  കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ക്ലാസുകൾ, ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ, ഒഴിവുകാല  വിനോദങ്ങൾ, ടൂറുകൾ എന്നിവ  സംഘടിപ്പിക്കുന്നത് നിരോധിച്ചു. 
ആശുപത്രികളിൽ  സന്ദർശകർ, കൂട്ടിരിപ്പുകാർ  ഒന്നിലധികം പേർ എത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു. 
ടൂർണമെന്റുകൾ, മത്സരങ്ങൾ, വ്യായാമ കേന്ദ്രങ്ങൾ, ജിംനേഷ്യം, ടർഫ് ഗ്രൗണ്ടുകൾ മുതലായവ പ്രവർത്തിക്കരുത്‌. 
എല്ലാത്തരം പ്രകടനങ്ങൾ, ധർണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാർഥനകൾ/കൂട്ട പ്രാർഥനകൾ എന്നിവ പാടില്ല.
ഹാർബറുകളിലെ മത്സ്യലേല നടപടികൾ നടത്തരുത്‌.  പകരമായി സർക്കാർ നിർദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിശ്ചയിക്കുന്ന നിരക്കിൽ മത്സ്യ വിൽപ്പന നടത്തേണ്ടതാണ്. മത്സ്യവിൽപ്പനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ചുപേരിൽ കൂടുതൽ ഒരേ സമയം ഒരു  കേന്ദ്രത്തിൽ കൂട്ടംകൂടുവാൻ പാടുള്ളതല്ല. 
എല്ലാ ടൂറിസം  കേന്ദ്രങ്ങളിലേയ്ക്കും  ബീച്ചുകളിലേയ്ക്കുമുള്ള  സഞ്ചാരികളുടെ  പ്രവേശനം തടഞ്ഞു. 
 വിവാഹങ്ങളിൽ ഒരേസമയം  പത്തിൽകൂടുതൽ പേർ ചടങ്ങ്  നടക്കുന്ന സമയത്ത് ഉണ്ടാകുവാൻ പാടില്ല. വിവാഹ തീയതിയും  സ്ഥലവും മുൻകൂട്ടി അതത്‌ വില്ലേജോഫീസിലും  പൊലീസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകൾ വീട്ടിൽതന്നെ  നടത്താൻ ശ്രമിക്കണം. 
 "ബ്രേക്ക് ദ ചെയിൻ' ഉറപ്പ്  വരുത്തുന്നതിനായി എല്ലാ  വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കൾക്കായി  സോപ്പും  സാനിറ്റൈസറും പ്രവേശന  കവാടത്തിൽ  സജീകരിക്കേണ്ടതാണ്. 
വൻകിട ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, മറ്റ് മാർക്കറ്റുകൾ എന്നിവയിലുള്ള  കേന്ദ്രീകൃത  എയർ കണ്ടീഷൻ സംവിധാനം  നിർത്തി വയ്‌ക്കേണ്ടതും  ഫാനുകൾ ഉപയോഗിക്കേണ്ടതുമാണ്.  ഇത്തരം സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് ഒരുമീറ്റർ അകലം  പാലിക്കുന്ന  തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ഫോണിൽക്കൂടി  ഓർഡറുകൾ സ്വീകരിച്ച് അവശ്യ സാധനങ്ങൾ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണംചെയ്യുന്നതിനുള്ള  നടപടികൾ സ്വീകരിക്കേണ്ടതാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top