25 May Monday
യാത്രകള്‍ പരിമിതപ്പെടുത്തണം

2 ആഴ്ച അതീവ ജാഗ്രത: മന്ത്രി ജലീല്‍

സ്വന്തം ലേഖകൻUpdated: Tuesday Mar 24, 2020
 
 
മലപ്പുറം 
കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ഇനിയുള്ള രണ്ട് ആഴ്ച അതീവ ജാഗ്രത പുലർത്തണമെന്ന്  മന്ത്രി  കെ ടി ജലീൽ. നിലവിലെ സാഹചര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് സ്വയം സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാൻ ഓരോരുത്തരും തയ്യാറാവണമെന്ന് മലപ്പുറം കലക്ടറേറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനംചെയ്തശേഷം  മന്ത്രി പറഞ്ഞു. 
  ജനകീയ സഹകരണത്തിലൂടെമാത്രമെ ലോകത്തെയാകെ ആശങ്കയിലാഴ്ത്തുന്ന വിപത്തിൽനിന്ന് നാടിനെ രക്ഷിക്കാനാവൂ. സാമൂഹ്യമായുള്ള ഒത്തുചേരലുകൾ ഒഴിവാക്കണം. യാത്രകൾ പരമാവധി കുറയ്‌ക്കണം. അത്യാവശ്യങ്ങൾക്കുമാത്രമായി യാത്രകൾ പരിമിതപ്പെടുത്തണം. ആരാധനാലയങ്ങളിൽ കൂടുതൽ ആളുകൾ ഒരേ സമയം എത്തുന്നത് കർശനമായും ഒഴിവാക്കണം.  20 പേർമാത്രമെ ഒരേ സമയം പങ്കെടുക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. മതപാഠശാലകൾ  അടച്ചിടണം. റോഡരികുകളിലെ ആരാധനാലയങ്ങൾ  അടച്ചിടുന്നതാണ് ഉചിതം. ഇതൊരു അഭ്യർഥനയായി  കണക്കിലെടുക്കണം.
  ജില്ലയിൽ നാലുപേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങൾ പാലിക്കാനും ഉറപ്പുവരുത്താനും പൊതുസമൂഹം തയ്യാറാവണം. രോഗ ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർക്ക്‌ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ പ്രയാസമുണ്ടെങ്കിൽ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്തണം. കരിപ്പൂർ ഹജ്ജ് ഹൗസ്, കലിക്കറ്റ് സർവകലാശാലാ ഇന്റർനാഷണൽ ഹോസ്റ്റൽ, നിലമ്പൂരിലെ എംഎസ്‌പി ക്യാമ്പ്, മലപ്പുറം ശിക്ഷക് സദൻ, കോട്ടക്കൽ അധ്യാപക സദൻ, കരിപ്പൂരിലെ സ്വകാര്യ ഹോട്ടൽ എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് കോവിഡ് കെയർ സെന്ററുകൾ പ്രവർത്തിക്കുന്നത്. 
  നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ ചികിത്സയിലായവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തിൽ മാതൃകാപരമായ സംവിധാനങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വിലയിരുത്തി. സർക്കാർ ആശുപത്രികൾക്കുപുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും ഏതുസമയവും ഉപയോഗിക്കാവുന്ന വിധത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നും വാർഡുതലങ്ങളിൽ ദ്രുത കർമ സംഘങ്ങളും പൊലീസും കാര്യക്ഷമമായി ഇടപെട്ടുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ  അവലോകന യോഗത്തിൽ  കലക്ടർ ജാഫർ മലിക്, ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം, എഡിഎം എൻ എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top