29 February Saturday

ചട്ടം ലംഘിച്ചത്‌ ഗവർണർ: സ്‌പീക്കർ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

പൊന്നാനി എംഇഎസ് കോളേജിൽ ജനാധിപത്യ കലാലയത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു

 

പൊന്നാനി 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിൽ ചട്ടലംഘനം നടത്തിയത് ഗവർണറാണെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ. നിയമസഭ പാസാക്കിയ പ്രമേയത്തെ എതിർക്കുന്നവർ ഭരണഘടന വായിക്കണം. നിയമസഭ പാസാക്കിയ ബില്ലോ പ്രമേയങ്ങളോ സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായം ഗവർണർക്കുണ്ടെങ്കിൽ അത് രേഖാമൂലം സ്പീക്കറെ എഴുതി അറിയിക്കണമെന്ന്‌ അനുച്ഛേദം 175 (2)ൽ വ്യക്തമാക്കുന്നുണ്ട്‌. ആ അറിയിപ്പ് സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് സ്‌പീക്കർ സഭയുടെ മുമ്പാകെ വയ്‌ക്കണം. അതിനുവേണ്ട ചട്ടങ്ങളിൽ ഭേദഗതി വരുത്താനോ ഭേദഗതി റദ്ദ് ചെയ്യാനോ ആവശ്യമായ അധികാരം സ്‌പീക്കറിൽ നിക്ഷിപ്തമാണ്. പ്രമേയത്തിൽ എന്തെങ്കിലും വ്യത്യസ്‌ത അഭിപ്രായമുണ്ടെങ്കിൽ ഗവർണർ ആദ്യം പാലിക്കേണ്ട ചട്ടം സ്‌പീക്കറെ രേഖാമൂലം എഴുതി അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി എംഇഎസ് കോളേജിൽ ജനാധിപത്യ കലാലയത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്‌പീക്കർ. 
   ഭരണഘടന ചില പ്രത്യേകതരം അധികാരം നൽകിയിട്ടുണ്ട് എന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ജനാധിപത്യത്തിൽ അധികാരകേന്ദ്രം ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രാതിനിധ്യസഭയും അത്‌ നയിക്കുന്ന  രാഷ്‌ട്രീയ നേതൃത്വവുമാണ്‌. ഇത് മുഖ്യമന്ത്രിയോടുള്ള ആദരവിന്റെയോ ആവേശത്തിന്റെയോ പേരിൽ പറയുന്നതല്ല, ജനാധിപത്യം കൽപ്പിച്ച് കൊടുക്കുന്നത്‌ മനസ്സിലാക്കിയിട്ടാണ്‌. മതം അടിസ്ഥാനപരമായി ഒന്നിന്റെയും മാനദണ്ഡമാക്കരുതെന്ന് ഭരണഘടനയുടെ അനുച്ഛേദം 14 ദൃഢമായി എഴുതിവച്ചിട്ടുണ്ട്‌. അത് ലംഘിച്ച് പ്രത്യേക മതത്തെമാത്രം ബന്ധപ്പെടുത്തി പൗരത്വം നൽകുന്ന വിവേചനപരമായ നിലപാട്‌ സ്വീകരിക്കുമ്പോൾ ‘ഞങ്ങൾ നിങ്ങളുടെ കൂടെയില്ല’ എന്ന പ്രഖ്യാപനമാണ് കേരളം നടത്തിയതെന്നും സ്‌പീക്കർ പറഞ്ഞു. വിവിധ കോളേജുകളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന "മാതൃക നിയമസഭയും ഡിബേറ്റും' സംഘടിപ്പിച്ചു. നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണൻ നായർ "ഭരണഘടനാ പരിചയം' എന്ന വിഷയത്തിൽ ക്ലാസെടുത്തു. നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ആറ്റുണ്ണി തങ്ങൾ, നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണൻ നായർ, നിയമസഭാ സെക്രട്ടറിയറ്റ് ഡെപ്യൂട്ടി ഡയറക്ടർ സഖറിയ പി സാമുവൽ, പഞ്ചായത്ത് പ്രസിഡന്റ് സ്മിത ജയരാജ്, പ്രിൻസിപ്പൽ എം എൻ മുഹമ്മദ് കോയ എന്നിവരും പങ്കെടുത്തു.രാജ്യത്തെ ഏറ്റവും മികച്ച സ്പീക്കറായി തെരഞ്ഞെടുത്ത   ശ്രീരാമകൃഷ്ണനെ എംഇഎസ് കോളേജ് ചെയർമാൻ നജീബ് ആദരിച്ചു.
 
 
ജനാധിപത്യ കലാലയത്തിന്‌ തുടക്കം
പൊന്നാനി
വ്യാഴാഴ്‌ച നിയമസഭ ചേർന്നപ്പോൾ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ കാഴ്‌ചക്കാരന്റെ റോളിൽ! ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും പിറ്റേദിവസത്തെ ചർച്ചയും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കുമെല്ലാം അദ്ദേഹം ഒരു കോളേജിലിരുന്നു കണ്ടു. അതിശയിക്കേണ്ട, യുവതലമുറയ്‌ക്ക്‌ അറിവുപകരാനും ജനാധിപത്യപ്രക്രിയയിൽ അവരെ സജീവമാക്കാനും ലക്ഷ്യമിട്ടുള്ള ജനാധിപത്യ കലാലയം പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനവേദിയായിരുന്നു സ്ഥലം. എംഇഎസ്‌ കോളേജിൽ നടന്ന പരിപാടി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.   
കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രൈനിങും നിയമസഭാ മ്യൂസിയം വിഭാഗവും ചേർന്നാണ്‌ പരിപാടി നടത്തുന്നത്‌. എംഇഎസ്‌ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ നിയമസഭാ നടപടികളും നിയമനിർമാണ പ്രക്രിയയും  വിദ്യാർഥികൾ നേരിട്ടു മനസ്സിലാക്കി.
നിയമസഭയുടെ മാതൃകയൊരുക്കിയശേഷം വിദ്യാർഥികൾ തന്നെയാണ്‌ എംഎൽഎമാരും മന്ത്രിമാരും മുഖ്യമന്ത്രിയും സ്പീക്കറുമായി സഭാ നടപടികൾ അവതരിപ്പിച്ചത്‌.  സദസ്സിന്റെ മുൻനിരയിലിരുന്ന് സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഇത്‌ ആസ്വദിച്ചു. നിയോജക മണ്ഡലത്തിലെ  കോളജുകളിലെ വിദ്യാർഥികളാണ്  പങ്കെടുത്തത്‌.സംസ്ഥാനത്തെ മറ്റ്‌ നിയോജക മണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കും. സ്പീക്കറുടെ നിർദേശപ്രകാരമാണ്‌ പദ്ധതി നടപ്പക്കുന്നത്‌.  വെള്ളിയാഴ്ച നിയമസഭാ മ്യൂസിയം വിഭാഗത്തിന്റെ ചരിത്രപ്രദർശനമുണ്ട്‌.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top