25 November Wednesday

മാറുന്നു, ഈ തുറയുടെ മുഖവും

പി പ്രശാന്ത്‌കുമാർUpdated: Monday Nov 23, 2020

പ്രവൃത്തി പുരോഗമിക്കുന്ന പരപ്പനങ്ങാടി തുറമുഖം

പരപ്പനങ്ങാടി

ഒന്നരവർഷംമുമ്പാണ്‌ പരപ്പനങ്ങാടിയിലെ ഓഡിറ്റോറിയത്തിൽ സിപിഐ എം ഒട്ടുമ്മൽ ബ്രാഞ്ച്‌  സെക്രട്ടറി പഞ്ചാര മുഹമ്മദ്‌ ബാവയുടെ മകളുടെ വിവാഹം. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുമുണ്ട്‌ ചടങ്ങിന്‌. ഒട്ടുമ്മൽ കടപ്പുറത്തെ  77കാരനായ  പഞ്ചാരന്റെപുരക്കൽ കുഞ്ഞിമുഹമ്മദ് മന്ത്രിയുടെ അടുത്തെത്തി ചോദിച്ചു.  "‘ഹാർബറെന്ന മോഹം മനസ്സിലൊതുക്കി എത്രയോ കാരണവൻമാർ പോയി. എന്റെ  കാലത്തെങ്കിലും  ഇത്‌ യാഥാർഥ്യമാകുമോ?'.   "‘നിങ്ങളുടെ ജീവിതകാലത്തുതന്നെ ഹാർബർ യാഥാർഥ്യമാക്കും’–- മന്ത്രി മറുപടി പറഞ്ഞു. അത്‌ വെറും വാക്കായിരുന്നില്ല. പതിറ്റാണ്ടുകളുടെ ആവശ്യം നിറവേറുന്നതിന്റെ സന്തോഷത്തിലാണ്‌  പരപ്പനങ്ങാടിക്കാർ. ‘ഈ സർക്കാരാണ് ഞങ്ങൾക്ക് ഹാർബർ തന്നത് ’–-കുഞ്ഞിമുഹമ്മദിന്റെ വാക്കുകളിൽ ആഹ്ലാദത്തിര.  വി എസ് സർക്കാരിന്റെ കാലത്ത് എസ് ശർമ്മ മന്ത്രിയായിരിക്കെയാണ് തുറമുഖ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീടെത്തിയ യുഡിഎഫ് സർക്കാർ ഫണ്ട് വകയിരുത്തുകയോ തുറമുഖ സ്ഥാനത്തിനെക്കുറിച്ചുള്ള തർക്കം പരിഹരിക്കുകയോ ചെയ്തില്ല. പിണറായി സർക്കാർ മൂന്നംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. പ്രദേശവാസികൾക്കിടയിലെ പ്രശ്നങ്ങൾ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ  പരിഹരിച്ചു.  സംസ്ഥാന തീരദേശ വികസന കോർപറേഷൻ പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു.  133 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയും കിട്ടി. കഴിഞ്ഞ ഫെബ്രുവരി 20ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഹാർബർ നിർമാണം ഉദ്‌ഘാടനംചെയ്‌തു‌.  ചെറിയാൻ വർക്കി കൺസ്‌ട്രക്ഷൻ ലിമിറ്റഡാണ്‌  സിവിൽ പ്രവൃത്തികൾ ചെയ്യുന്നത്‌. പുലിമുട്ട് നിർമാണം പുരോഗമിക്കുന്നു. 1410, 785 മീറ്റർ നീളമുള്ള രണ്ട്‌ പുലിമുട്ടുകൾ, 150 മീറ്റർ വീതം നീളമുള്ള രണ്ട് ലേല ഹാളുകൾ, 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള രണ്ട് ലേല ഹാളുകൾ,  അനുബന്ധ സൗകര്യങ്ങൾ, പാർക്കിങ് ഏരിയ, ചുറ്റുമതിൽ, മാലിന്യസംസ്‌കരണ സംവിധാനം എന്നിവയുമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top