30 November Monday

നഗരങ്ങളിൽ 
ചുവപ്പുപടർന്ന കാലം

ആർ അജയഘോഷ്‌Updated: Monday Nov 23, 2020

കെ ബദറുന്നീസ

പെരിന്തൽമണ്ണ

‘‘കോട്ടപ്പടി മൈതാനവും കടന്ന്‌ കാഴ്‌ചയുടെ അറ്റമത്രയും അലയടിച്ച ജനസാഗരം ചുവന്ന ആകാശങ്ങളിലേക്ക്‌ മുദ്രാവാക്യങ്ങളായി ഉയർന്നുപരന്നു. ഒഴുകിയെത്തിയ ആയിരങ്ങളുടെ കാതുകളിലേക്ക്‌ ഉച്ചഭാഷിണിയിലൂടെ ഇറങ്ങിച്ചെല്ലുന്ന ഇ എം എസ്‌. പൊടിപാറുന്ന ചെമ്മൺ മൈതാനത്തെ വേദിയിൽ ചുവന്ന മാലയണിഞ്ഞ്‌ ജില്ലയിലെ അഞ്ച്‌ നഗരസഭകളുടെയും അധ്യക്ഷർ.’’–- ലീഗിന്റെ കള്ള പ്രചാരണങ്ങളെയാകെ അതിജീവിച്ച്‌ നാട്‌ ചുവന്നുപൂത്ത തദ്ദേശ തെരഞ്ഞെടുപ്പ്‌ ഓർത്തെടുക്കുകയാണ്‌ മലപ്പുറം നഗരസഭയുടെ ആദ്യ ഇടത്‌ അധ്യക്ഷ കെ ബദറുന്നീസ. വാക്കുകളിൽ കോട്ടപ്പടിയിൽ ഇ എം എസിന്റെ സാന്നിധ്യത്തിൽ നടന്ന സ്വീകരണയോഗത്തിന്റെ ആവേശം. ‘‘1995ലെ തദ്ദേശ തെരഞ്ഞെടുപ്പ്‌. ജില്ലയിലെ അഞ്ച്‌ നഗരസഭകളും എൽഡിഎഫ്‌ നേടി. മലപ്പുറത്ത്‌ ആദ്യമായി ഭരണത്തിലെത്തിയ എൽഡിഎഫ്‌ ജനകീയാസൂത്രണത്തിന്റെ കരുത്തിൽ നിരവധി പദ്ധതികൾക്ക്‌ തുടക്കമിട്ടു. ടൗൺ ഹാൾ ഉൾപ്പെടെ യാഥാർഥ്യമായി. വികസനം നാടിന്റെ ആഘോഷമായി–- 25–-ാം  വയസിൽ മലപ്പുറം നഗരസഭയുടെ ഭരണസാരഥ്യത്തിലെത്തിയ അനുഭവം അവർ പങ്കുവച്ചു.   മലപ്പുറത്തെ പ്രഥമ വനിതാ അധ്യക്ഷയും ബദറുന്നീസയാണ്‌. 33 ശതമാനം വനിതാ സംവരണം നടപ്പാക്കിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്‌. ബാബറി മസ്‌ജിദ്‌ വിഷയത്തോടെ കോൺഗ്രസിൽ സുരക്ഷിതരല്ലെന്ന്‌ മുസ്ലിങ്ങൾ തിരിച്ചറിഞ്ഞു. സ്വതന്ത്രരുൾപ്പെടെ എൽഡിഎഫ്‌ സ്ഥാനാർഥികൾക്ക്‌ വമ്പൻ വിജയം. ലീഗിന്റെ കോട്ടകൾ തകർന്നടിഞ്ഞു. സത്യപ്രതിജ്ഞ കഴിഞ്ഞതുമുതൽ ഭീഷണിയും പണം വാഗ്‌ദാനവുമടക്കം യുഡിഎഫ്‌ അട്ടിമറി ശ്രമങ്ങളും തുടങ്ങി. സ്വതന്ത്രരിൽ പലർക്കും പാർടി സംരക്ഷണമേകി. ആദ്യ അവിശ്വാസം എൽഡിഎഫ്‌ വിജയകരമായി മറികടന്നു. എന്നാൽ, സ്വതന്ത്രരിൽ ചിലരെ മറുകണ്ടം ചാടിച്ച്‌ രണ്ട്‌ വർഷത്തോടെ ഭരണം യുഡിഎഫ്‌ അട്ടിമറിച്ചു.    ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ്‌ പ്രസിഡന്റും സിപിഐ എം ഏരിയാ കമ്മിറ്റിയംഗവുമായിരുന്നപ്പോഴാണ്‌ നഗരസഭയിൽ മത്സരിക്കാൻ പാർടി ആവശ്യപ്പെട്ടത്‌. പാണക്കാട്‌ സികെഎം സ്‌കൂളിൽ അധ്യാപികയുമായിരുന്നു. ഇത്തിൾപ്പറമ്പ് വാർഡിൽനിന്ന്‌ ജനവിധി തേടി. 208 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. സർക്കാർ ജോലി ലഭിച്ചപ്പോൾ കൗൺസിലർ സ്ഥാനം രാജിവച്ചു. നിലവിൽ പെരിന്തൽണ്ണ ബിആർസി ട്രെയിനറും കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയുമാണ്‌. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി ശശികുമാറാണ്‌ ഭർത്താവ്‌‌. മകൾ നിസ എംബിബിഎസ് വിദ്യാർഥിനി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top