17 January Sunday

കാൽനൂറ്റാണ്ടിന്റെ പോരാട്ടം; 
നീതിയുടെ വിജയം

സ്വന്തം ലേഖകൻUpdated: Monday Nov 23, 2020

കോടതി കുറ്റവിമുക്തരാക്കിയ തൊഴിലാളികള്‍

മലപ്പുറം

മലയാള മനോരമ ഗ്രൂപ്പിന്റെ നെന്മിനി യങ്‌ ഇന്ത്യ  ബാലന്നൂർ എസ്റ്റേറ്റ്‌ മാനേജ്‌മെന്റ്‌  നൽകിയ വധശ്രമക്കേസിലെ മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെവിടുമ്പോൾ ബാക്കിയാവുന്നത്‌ തൊഴി‌ലാളിസമര ചരിത്രത്തിലെ ഉജ്വല അധ്യായം. കാൽനൂറ്റാണ്ട്‌ നീണ്ട പോരാട്ടത്തിനൊടുവിൽ നീതിയുടെ വിജയം.   തൊഴിലാളി ചൂഷണത്തിനെതിരെ പ്രതികരിച്ചവർക്കുനേരെ കിരാതനടപടികളുടെ കാലമായിരുന്നു അത്‌. മികച്ച ആനുകൂല്യങ്ങളും ശമ്പളവും അന്ന്‌ പ്ലാന്റേഷൻ മേഖലയുടെ ആകർഷണമായിരുന്നു. നല്ല ജീവിതമെന്ന സ്വപ്‌നവുമായി തോട്ടത്തിലേക്കെത്തിയവരേറെ.  എന്നാൽ മാനേജ്‌മെന്റ്‌  തൊഴിലാളിവിരുദ്ധ നടപടികൾ തുടങ്ങി.  ഭൂവിസ്‌തൃതിക്കനുസരിച്ച്‌ ആനുകൂല്യവും ശമ്പളവും നൽകണമെന്നതിനാൽ നാലാക്കി തിരിച്ചായിരുന്നു എസ്റ്റേറ്റ്‌ പ്രവർത്തനം. റീ പ്ലാന്റേഷന്റെ പേരുപറഞ്ഞ്‌‌ നോട്ടീസുപോലും നൽകാതെ ഒരു സൂപ്പർവൈസറെയും 14 ടാപ്പിങ് തൊഴിലാളികളെയും പിരിച്ചുവിട്ടു.‌‌ ഇതോടെ 1993 ജൂലൈ 28ന്‌ സമരം തുടങ്ങി. രണ്ട്‌ വർഷം തൊഴിലാളികൾ എസ്‌റ്റേറ്റിന്‌ മുന്നിൽ പന്തൽകെട്ടി സമരംചെയ്‌തു. പണവും സ്വാധീനവുമുപയോഗിച്ച്‌ സമരത്തെ അടിച്ചമർത്താനാണ്‌ മാനേജ്‌മെന്റ്‌ ശ്രമിച്ചത്‌. വിവിധ ഘട്ടങ്ങളിലായി 32 കള്ളക്കേസുകളാണ്‌‌ തൊഴിലാളികൾക്കെതിരെ ചുമത്തിയതെന്ന്‌ പെരിന്തൽമണ്ണ പ്ലാന്റേഷൻ ലേബർ യൂണിയൻ സെക്രട്ടറിയും സമര സമിതി കൺവീനറുമായ യു ശിവദാസൻ പറഞ്ഞു. ലാത്തിച്ചാർജും ഭീഷണിയുംമാത്രമല്ല, തോട്ടം പൂട്ടിയിട്ട്‌ തൊഴിലാളികളെ പട്ടിണിക്കിട്ടു. തോട്ടം തുറക്കണമെന്ന സമരക്കാരുടെ ആവശ്യത്തിന്‌ മുന്നിൽ  മാനേജ്‌മെന്റിന്‌ വഴങ്ങേണ്ടി വന്നെങ്കിലും  പിരിച്ചുവിട്ടവരെ  തിരിച്ചെടുത്തില്ല. സമരത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പേരിൽ തൊഴിലാളി നേതാക്കൾ ഉൾപ്പെടെയുള്ളവരെ വധശ്രമക്കേസിൽപ്പെടുത്തി പകവീട്ടുകയായിരുന്നു‌ മാനേജ്‌മെന്റ്‌. 1995ലായിരുന്നു ഈ സംഭവം. കേസിൽ 16 തൊഴിലാളികൾ 16 ദിവസം റിമാൻഡിലായി. സമരസഖാക്കളുടെ വീട് പട്ടിണിയാകാതിരിക്കാൻ സിപിഐ എം നേതൃത്വവും ജില്ലയിലെ തൊഴിലാളി വർഗപ്രസ്ഥാനവും രംഗത്തിറങ്ങി.  പിന്നീട്‌ ഉപാധികളോടെ തൊഴിലാളികൾക്ക്‌ ജാമ്യം അനുവദിച്ചു. അവർ മഞ്ചേരി അഡീഷണൽ സെഷൻസ്‌ കോടതിയെ സമീപിച്ചു.   ഇന്നത്തെ ഡിജിപി  അഡ്വ. സി ശ്രീധരൻ നായർ, അഡ്വ. എം രാജേഷ്‌, അഡ്വ. കൃഷ്‌ണൻ നമ്പൂതിരി, അഡ്വ. രാജഗോപാൽ എന്നിവർ ഫീസില്ലാതെ   കേസ്‌ വാദിച്ചു. 2000ത്തിൽ കോടതി അഞ്ച്‌ വർഷത്തേക്ക്  ശിക്ഷിച്ചു.  വിധിയിൽ സ്‌റ്റേ നേടിയ തൊഴിലാളികൾ സെഷൻസ് കോടതിയെ സമീപിച്ചു. ശിക്ഷ മൂന്ന്‌ വർഷമാക്കി ചുരുക്കി സെഷൻസ്‌ കോടതി ഉത്തരവിട്ടു. ഹൈക്കോടതിയെ സമീപിച്ച്‌ സ്‌റ്റേ നേടി  കേസുമായി മുന്നോട്ടുപോയി.

തൊഴിലാളികൾക്ക് സ്വീകരണം

മേലാറ്റൂർ

യങ് ഇന്ത്യ എസ്റ്റേറ്റിലെ  തൊഴിലാളികൾക്ക്‌   സിപിഐ എം നെന്മിനി ബ്രാഞ്ച്‌ നൽകിയ സ്വീകരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ദിവാകരൻ ഉദ്ഘാടനംചെയ്‌തു. യു ശിവദാസൻ അധ്യക്ഷനായി.   ഏരിയാ കമ്മറ്റിയംഗം വി ജ്യോതിഷ്, ലോക്കൽ സെക്രട്ടറി എൻ നിധീഷ്, സി കെ സൈതലവി, ടി പി ഹരിദാസൻ, പി ഹനീഫ, സി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top