07 December Tuesday
സ്‌കൂൾ തുറക്കൽ

കുട്ടികളുടെ മാനസികാരോഗ്യം 
ഉറപ്പാക്കണം: മന്ത്രി

സ്വന്തം ലേഖികUpdated: Saturday Oct 23, 2021

 

 

 മലപ്പുറം

വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ  മാനസികാരോഗ്യം ഉറപ്പാക്കണമെന്ന്‌  മന്ത്രി വി അബ്‌ദുറഹ്‌മാൻ. ജില്ലയിലെ പൊതുവിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ മലപ്പുറം കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാസങ്ങളോളം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പഠനം നടത്തിയ വിദ്യാർഥികൾക്ക്‌ പെട്ടെന്നുള്ള  മാറ്റം പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്‌. ഈ സാഹചര്യത്തെ അധ്യാപകർ കരുതലോടെ കൈകാര്യം ചെയ്യണം. ക്ലാസ്‌മുറികളിൽ കോവിഡ്‌ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്‌ കുട്ടികൾക്ക്‌ മാനസികോല്ലാസത്തിന്‌ അവസരമുണ്ടാക്കണം. പഠനത്തോടൊപ്പം മറ്റ്‌  ക്രിയാത്മക  പ്രവർത്തനങ്ങൾ നടത്തി കുട്ടികളെ ആദ്യകാലങ്ങളിലെന്ന പോലെ വിദ്യാലയങ്ങളുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു.  ഗോത്രവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ  നടപടി സ്വീകരിക്കണമെന്നും പ്രശ്ന പരിഹാരത്തിനായി ജില്ലാ--പഞ്ചായത്തുതല കമ്മിറ്റികൾ രൂപീകരിച്ച് ഇടപെടണമെന്ന്‌ മന്ത്രി കലക്ടറോട് ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികളുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കാൻ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. സ്‌കൂളുകളിൽ സംഭരിച്ചുവച്ച പഴക്കമുള്ള ഭക്ഷ്യധാന്യങ്ങൾ  ഉപയോഗിക്കരുത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 10,561 സ്‌കൂളുകളിൽ ഒന്നാംഘട്ട ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ എസ് കുസുമം പറഞ്ഞു. യോഗത്തിൽ കലക്ടർ വി ആർ പ്രേംകുമാർ, ജില്ലാ വികസന കമീഷണർ എസ് പ്രേംകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ ഡോ. എം സി റെജിൽ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top