20 November Wednesday

ഇടിഞ്ഞിറങ്ങി ജീവിതത്തറ

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2019
 
കൊണ്ടോട്ടി
ഏതുനിമിഷവും വീട്‌ പൂർണമായും ഇല്ലാതാകുമെന്ന ഭീതിയിൽ അഞ്ച്‌ കുടുംബം. ജീവിതസ്വപ്‌നങ്ങളുടെ തറയിളക്കിയാണ്‌ കഴിഞ്ഞദിവസം തുറക്കൽ അമ്പലക്കണ്ടികുന്ന്‌ ഇടിഞ്ഞത്‌. 
കുന്നിനുമുകളിലെ സ്ഥലം ഇല്ലാതായി. അവിടെ താമസിക്കുക അസാധ്യം. അഞ്ച്‌ കുടുംബങ്ങളും മാറി. 
  വാഴയിൽ അബൂബക്കർ സിദ്ദീഖിന്റെ വീട്‌ താമസയോഗ്യമല്ലാതായി. അടിഭാഗത്തെ മണ്ണ്‌ മഴയിൽ ഒലിച്ചുപോയി. 20 വർഷത്തെ പ്രവാസത്തിനൊടുവിലാണ്‌ സിദ്ദീഖ്‌ വീട്‌ പണിതത്‌. ഗൾഫിലെ തൊഴിലും  നഷ്ടപ്പെട്ടു. ഡ്രൈവർ ജോലിയെടുത്ത് കുടുംബം പോറ്റുന്നതിനിടെയാണ്‌ മണ്ണിടിച്ചിൽ. പുതിയ വീടും സ്ഥലവും കണ്ടെത്താൻ ലക്ഷങ്ങൾ വേണം. എന്തുചെയ്യണമെന്നറിയാതെ തരിച്ചിരിക്കുകയാണ്‌ സിദ്ദീഖും കുടുംബവും. വീട്‌ ഭീഷണിയിലായ  നൗഷാദ്‌, വാഴയിൽ അബ്ദുൾസലാം, വാഴയിൽ അമീർ, പുളിക്കാനി ചന്ദ്രൻ എന്നിവരും  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവർ. മാറിത്താമസിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. പുതിയ വീട്ടിൽ താമസിച്ച് കൊതി തീരുംമുമ്പേ ഉപേക്ഷിച്ച് പോകേണ്ട ഗതികേടിലാണ്‌ കുടുംബങ്ങൾ. താഴെയുള്ള രണ്ട്‌ വീട്ടുകാരെയും മാറ്റി. 
  പ്രദേശം ടി വി ഇബ്രാഹിം എംഎൽഎയും റവന്യൂ ഉദ്യോഗസ്ഥരും സന്ദർശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top