27 September Tuesday

ഗ്രാമീൺ ബാങ്കിൽ പണിമുടക്ക്‌ തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Sep 23, 2022

ഗ്രാമീൺ ബാങ്ക്‌ ജീവനക്കാർ മലപ്പുറം ഹെഡ്‌ ഓഫീസിനുമുന്നിൽ പ്രകടനം നടത്തുന്നു

മലപ്പുറം
കരാർ ലംഘനത്തിനെതിരെ ഗ്രാമീണ്‍ ബാങ്ക് ജീവനക്കാർ ആഹ്വാനംചെയ്ത ദ്വിദിന പണിമുടക്ക് സമരത്തിന്റെ ഒന്നാംദിവസം സംസ്ഥാനത്തെ മുഴുവൻ ശാഖകളും ഓഫീസുകളും അടഞ്ഞുകിടന്നു. സമരം വെള്ളിയാഴ്ചയും തുടരും. ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദി നേതൃത്വത്തിലാണ്‌ പ്രക്ഷോഭം.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഗ്രാമീൺ ബാങ്കിന് മലപ്പുറം ആസ്ഥാനമായി ഹെഡ് ഓഫീസും സംസ്ഥാനത്ത്‌10 റീജണൽ ഓഫീസും 634 ശാഖകളുമാണുള്ളത്‌. ആറായിരത്തോളം ജീവനക്കാർ ആവശ്യമുള്ളിടത്ത് 3300 പേരാണുള്ളത്‌. ബാങ്കിന്റെ നയവും കേന്ദ്രസർക്കാർ നിയമപ്രകാരവും രണ്ടായിരത്തിയഞ്ഞൂറിലേറെ ഒഴിവുകളുണ്ട്‌. ഇതിനാൽ ജീവനക്കാർക്ക്‌ ഇരട്ടിഭാരമാണ്‌.
20 വർഷത്തിലേറെയായി ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരുണ്ട്‌. ബാങ്ക് ഡയറക്ടർ ബോർഡ് നേരത്തെ അംഗീകരിച്ച ലിസ്റ്റിൽ ഉള്ളവരെപ്പോലും സ്ഥിരപ്പെടുത്തിയിട്ടില്ല. എന്നാൽ ഒഴിവുകളിലേക്ക്‌ സ്ഥിരം ജീവനക്കാരെ നിയമിക്കാതെ കരാറടിസ്ഥാനത്തിൽ നിയമിക്കാനാണ്‌ മാനേജ്മെന്റ് തീരുമാനം.
ഐക്യവേദി നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ ഉണ്ടാക്കിയ കരാർ മാനേജ്‌മെന്റ്‌ ലംഘിച്ചതിനെതിരെ 107 ദിവസമായി ജീവനക്കാർ നിസ്സഹകരണസമരത്തിലാണ്‌.
 ജൂലൈ 25ന് പണിമുടക്കും ആഗസ്‌ത്‌ 20, സെപ്‌തംബർ 17 തീയതികളിൽ ഹെഡ് ഓഫീസിനുമുന്നിൽ ധർണയും നടത്തിയിരുന്നു.  പണിമുടക്കിയ ജീവനക്കാർ ജില്ലാ കേന്ദ്രങ്ങളിലും ബാങ്കിന്റെ പ്രധാന ഓഫീസുകൾക്ക് മുന്നിലും പ്രകടനം നടത്തി.
 മലപ്പുറം ഹെഡ് ഓഫീസിനുമുന്നിൽ നടന്ന യോഗത്തിൽ കെ എം മോഹൻകുമാർ, സി മിഥുൻ, ദിൽജിത്ത്, എസ്‌ ബാലചന്ദ്രൻ, പി എസ്‌  വിശ്വൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top