04 August Tuesday

"ഈ മണ്ണിനടിയിൽ എന്റെ വീടുണ്ട്'

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

പാതാർ അങ്ങാടിയിലെ പാലത്തിനടിയിൽ വീടുണ്ടായിരുന്ന സ്ഥലം കാണിച്ചുതരുന്ന റോസിലി

 

സ്വന്തം ലേഖകൻ
പാതാർ
ഉരുൾപൊട്ടി നിറഞ്ഞ ചെറുതും വലുതുമായ പാറക്കല്ലുകളും ചെളിയും പുതഞ്ഞുകിടക്കുന്ന സ്ഥലത്തേക്ക്‌ ചൂണ്ടി റോസിലി പറഞ്ഞു. "ഇതിനടിയിലാണ്‌ എന്റെ വീട്‌'. മുമ്പ്‌ കണ്ടിട്ടില്ലാത്തവർ അവിടെ ഒരു വീടുണ്ടെന്ന്‌ വിശ്വസിക്കില്ല. 
വീടിന്റെ ഒരടയാളംപോലും അവിടെ ഇല്ല.  അത്രമേലാണ്‌ പാതാറിന്റെ ദുരന്തം.  തകർന്ന് തരിപ്പണമായ പാതാർ അങ്ങാടിയിലെ പാലത്തിനടിയിൽനിന്ന്‌ റോസിലി  സംഭവം വിവരിച്ചു. 
"നാല് മുറിയും ഹാളും അടുക്കളയും ചേർന്ന ഇരുനില വാർക്ക വീടാണ് ഞങ്ങളുടേത്. പാലത്തിനുമുകളിൽ മൂന്ന് വീടുണ്ടായിരുന്നു. അവയും പുറത്തുകാണാനാവാത്ത വിധം കല്ലുമൂടി. തകർന്ന റോഡ് നന്നാക്കാൻ മണ്ണുമാന്തിയന്ത്രം എത്തിച്ചുവെന്നറിഞ്ഞ് വന്നതാണ്. കല്ലുമാറ്റുമ്പോൾ എന്തെങ്കിലും കിട്ടിയാലോ. അലമാരയിൽ കുറച്ച് സ്വർണവും മക്കളുടെ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നു'. പ്രതീക്ഷയും നിരാശയും ഇഴചേർന്ന കണ്ണുകളോടെ റോസിലി പറഞ്ഞു.
  ദുരന്തത്തിന് 12 ദിവസത്തിനുശേഷം ഇപ്പോഴാണ് റോസിലി ഇവിടെ എത്തുന്നത്. "ഭർത്താവ് ജോർജ്കുട്ടി (ബാബു), മകൻ റോജി, മകൾ ഇജി, മകളുടെ മകൻ ജോഹൻ എന്നിവരാണ് ദുരന്ത ദിവസം വീട്ടിലുണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് രണ്ടുതവണ ഉരുൾപൊട്ടി തോട്ടിൽ വെള്ളം കൂടിയപ്പോഴേ രക്ഷാപ്രവർത്തനം ആരംഭിച്ചു.  മേലാംകുണ്ടിലുള്ളവരെ സ്കൂൾ ബസിലാണ് മാറ്റിയത്. ഞങ്ങളോട് വരുന്നുണ്ടോ എന്ന് ചോദിച്ചു. ഭർത്താവും മകളും മുകളിലേക്ക് പോയതിനാൽ അവരില്ലാതെ വരില്ലെന്ന്‌   പറഞ്ഞു.  ബസ് പാലം കടന്നയുടൻ ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലായി.  കൂറ്റൻ മരങ്ങളും കുതിച്ചൊഴുകി. റോഡ്‌ പുഴയായി. വീടുകളും കടകളും ഒക്കെ തകർന്നടിഞ്ഞു. കരക്ക് കയറിനിന്നതിനാലാണ് രക്ഷപ്പെട്ടത്‌. ഭർത്താവും മകളും അപ്പോൾ കൈകോർത്ത് പിടിച്ച് മലയിറങ്ങി വരുന്നുണ്ടായിരുന്നു. ഞങ്ങൾ വീടോടെ ഉരുളിൽപെട്ടു എന്നാണവർ കരുതിയത്. അങ്ങനെയെങ്കിൽ ഒരുമിച്ച് വെള്ളത്തിൽ ചാടാനായിരുന്നു അവരുടെ തീരുമാനം'.- റോസിലിയുടെ കണ്ണുകളിൽ ഭീതിയുടെ നിഴൽ.
നിലമ്പൂർ മേഖലയിലുണ്ടായ  ഉരുൾപൊട്ടലിൽ ഏറ്റവും ഭീകരം പാതാറിലേതാണ്. ജനങ്ങളെ മാറ്റിയതിനാൽ ആളപായമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top