07 September Saturday
കേന്ദ്ര ബജറ്റ്‌

പ്രതീക്ഷയറ്റു; കാത്തിരിപ്പുമാത്രം...

സ്വന്തം ലേഖകൻUpdated: Tuesday Jul 23, 2024

അലിഗഡ് സർവകലാശാലയുടെ മലപ്പുറം ക്യാമ്പസ്

മലപ്പുറം
കേന്ദ്ര ബജറ്റ്‌ അവതരിപ്പിക്കുന്ന ദിവസം പലർക്കും പ്രതീക്ഷയാണെങ്കിലും മലപ്പുറത്തുകാർക്ക്‌ അങ്ങിനെയൊന്ന് ഇല്ല.  കാലാകാലങ്ങളായി കേന്ദ്ര ബജറ്റിൽ ജില്ലയ്ക്ക് 
പരി​ഗണനയുണ്ടാകാറില്ല. ജില്ലയിലെ എംപിമാർ കാര്യമായ ഇടപെടൽ നടത്താത്തതിനാൽ ബജറ്റിനെക്കുറിച്ച്‌ അവര്‍‍ക്കും പരാതികളില്ല. യഥാർഥത്തിൽ കേന്ദ്ര ബജറ്റിൽ വലിയ പരിഗണന ലഭിക്കേണ്ടതും നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ലഭിക്കേണ്ടതുമായ ജില്ലയാണ്‌ മലപ്പുറം. 
രണ്ട്‌ റെയിൽവേ പാതകളും 70 കിലോ മീറ്ററിലധികം തീരദേശവും ജില്ലയ്‌ക്ക്‌ സ്വന്തമാണ്‌. അതുപോലെ കിഴക്കൻ മേഖല പശ്‌ചിമഘട്ട മലനിരയോട്‌ ചേർന്നുകിടക്കുന്ന വനപ്രദേശമാണ്‌. ജില്ലയിലെ വലിയൊരു വിഭാഗം ജനം കൃഷിയെ ആശ്രയിക്കുന്നവരാണെങ്കിലും കാർഷിക മേഖലയുടെ വികസനത്തിനായുള്ള ഫണ്ടുകളൊന്നും കേന്ദ്ര ബജറ്റിൽ ലഭിക്കാറില്ല.
അലിഗഡ് 
സർവകലാശാല
 കേന്ദ്ര അവഗണനയുടെ പ്രതീകമാണ്‌ അലിഗഡ് സർവകലാശാലയുടെ മലപ്പുറം ക്യാമ്പസ്. ഈ ബജറ്റിലെങ്കിലും വികസനത്തിനുള്ള തുക വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും അധികൃതരും. അലിഗഡ് കേന്ദ്രത്തെ ഏറെ പ്രതീക്ഷയോടെയാണ്  വരവേറ്റത്.  പ്രൈമറിതലംമുതല്‍ പ്ലസ്ടുവരെയുളള സ്‌കൂള്‍, ഡിഗ്രി, പിജി കോഴ്‌സുകള്‍, ഡെന്റല്‍ കോളേജ്, എൻജിനിയറിങ്‌ കോളേജ്, മെഡിക്കല്‍ കോളേജ് തുടങ്ങി അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ തനിപ്പകര്‍പ്പുതന്നെയായിരുന്നു മലപ്പുറത്ത് വിഭാവനംചെയ്തിരുന്നത്.  ഇതനുസരിച്ച്‌ 13 പഠന വിഭാഗങ്ങളും 11,000 വിദ്യാര്‍ഥികളും ആനുപാതികമായി അധ്യാപകരും ഇതര ജീവനക്കാരും ഇന്ന് ചേലാമലയിലെ ക്യാമ്പസിലുണ്ടാവണം. എന്നാല്‍ അഞ്ഞൂറില്‍ താഴെമാത്രമാണ് വിദ്യാര്‍ഥികളുടെ എണ്ണം. സംസ്ഥാന സർക്കാർ വിലകൊടുത്ത് വാങ്ങി കൈമാറിയ 343 ഏക്കറോളം ഭൂമിയുണ്ട്. ധാരാളം വികസന സാധ്യതകളും. എന്നാൽ കേന്ദ്ര സർക്കാരിന്റെ അവഗണന കാരണം തളിരിടാതെ കിടക്കുകയാണ് ഈ കേന്ദ്രവും വിശാലമായ ചേലാമലയുടെ മുകൾ‌‌പരപ്പും.
റെയിൽവേ 
സ്‌റ്റേഷനുകൾ
കേന്ദ്ര അവഗണനയുടെ നടുവിലാണ്‌ ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളും പാതകളും. ജില്ലയിലെ പ്രധാന റെയിൽവേ സ്‌റ്റേഷനായ തിരൂരിൽ ഇപ്പോഴും പരിമിതികൾ ഏറെ. തിരൂർ സ്റ്റേഷനിൽ ഫ്ലാറ്റ്ഫോമുകളുടെ പകുതിഭാഗംപോലും മേൽക്കൂരയില്ല. എസ്‌കലേറ്റർ, ലിഫ്റ്റ് സൗകര്യങ്ങളും സ്‌റ്റേഷനിൽ വേണം. കിഴക്കുഭാഗത്ത്‌ പുതിയ കെട്ടിടം വേണമെന്ന ആവശ്യവും ശക്തമാണ്‌. 
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‌ (ആർപിഎഫ്‌) ലോക്കപ്പ്‌ സൗകര്യംപോലുമില്ലാത്ത ഒറ്റമുറിയാണുള്ളത്‌. ആർപിഎഫിന്‌ പ്രത്യേക കെട്ടിടം വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്‌. നിലമ്പൂർ, അങ്ങാടിപ്പുറം, വള്ളിക്കുന്ന്‌, പരപ്പനങ്ങാടി സ്‌റ്റേഷനുകൾ വികസിപ്പിക്കണമെന്നതിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. 
നിലമ്പൂർ–-നഞ്ചങ്കോട് പാത
 ദീർഘകാലമായുള്ള ആവശ്യമാണെങ്കിലും നിലമ്പൂർ–- -നഞ്ചങ്കോട് പാത ഇന്നും കടലാസിൽതന്നെയാണ്‌. വിഴിഞ്ഞം തുറമുഖം വന്നതോടെ നിലമ്പൂർ–--നഞ്ചങ്കോട് പാതയുടെ സാധ്യത വർധിക്കുന്നു. വിഴിഞ്ഞത്തുനിന്ന് ബം​ഗളൂരുവിലേക്ക് നിലവിലെ പാതയിലൂടെ ട്രെയിൻവഴി കണ്ടെയ്നറുകൾ കൊണ്ടുപോയാൽ ചുരുങ്ങിയത് 48 മണിക്കൂർ സമയമെടുക്കും. എന്നാൽ നിലമ്പൂർ–-നഞ്ചങ്കോട് പാത വന്നാൽ വളരെ ചുരുങ്ങിയ ചെലവിൽ കുറഞ്ഞ സമയംകൊണ്ട് എത്തിക്കാൻ സാധിക്കും. പാത നടപ്പായാൽ കൊച്ചിയിൽനിന്ന് മൈസൂരുവിലേക്കുള്ള ദൂരം 348 കിലോ മീറ്ററായി കുറയും. 
ബംഗളൂരുവിലേക്കുള്ള ദൂരത്തിലും കാര്യമായ കുറവുണ്ടാകും. ഡൽഹിയെ ഹൈദരാബാദ്, ബംഗളൂരു, മൈസൂരുവഴി കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളുമായി ഇന്ത്യയുടെ മധ്യഭാഗത്തെക്കൂടി ബന്ധിപ്പിക്കുന്ന സുപ്രധാനമായ പാതയാകും ഇത്. കൊങ്കൺ പാതയിൽ തടസ്സം നേരിട്ടാൽ ബൈപാസ് ആയും ഉപയോഗിക്കാം.
ബജറ്റ് പ്രതീക്ഷ
അന്തിമ ലോക്കേഷൻ സർവേ പൂർത്തിയായ നിലമ്പൂർ –-നഞ്ചങ്കോട് റെയിൽവേ പാതയ്ക്ക് കേന്ദ്ര ബജറ്റിൽ തുക അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. 
190 കിലോമീറ്റർ റെയിൽവേ ലൈൻ മേപ്പാടി -സുൽത്താൻ ബത്തേരി- ചിയാക്കബർഗിവഴി നഞ്ചങ്കോടിൽ  അവസാനിക്കുന്നു. റെയിൽവേയുടെ നിർദിഷ്ട പദ്ധതികളുടെ പിങ്ക് ബുക്കിലും 3000 കോടി രൂപ വകയിരുത്തിയ ദക്ഷിണ റെയിൽവേയുടെ എക്സ്ക്ലൂസീവ് പ്രോജക്ടുകളിലും ഈ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. വരുന്ന കേന്ദ്രബജറ്റിൽ പദ്ധതി ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. 
മനുഷ്യ–വന്യജീവി 
സംഘർഷം
മലയോര മേഖലയിലെ രൂക്ഷമായ മനുഷ്യ−വന്യജീവി സംഘർഷത്തിന് പരിഹാരമായി കേന്ദ്ര ബജറ്റിൽ തുക അനുവദിച്ചാൽ ജില്ലയിലെ വന്യജീവി സംഘർഷങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും. നേരത്തെ പരിഹാരമായി കേരളം സമർപ്പിച്ച 600 കോടി രൂപയുടെ പദ്ധതി കേന്ദ്രം തള്ളിയിരുന്നു. വേനൽ, മഴ എന്നീ വ്യത്യാസമില്ലാതെ കാട്ടാനകൾമുതൽ വിഷപ്പാമ്പുകൾവരെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമായാൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ കഴിയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top