06 July Wednesday

റിറ്റു ഇനി കണ്ണീരോർമ

സ്വന്തം ലേഖകൻUpdated: Thursday Jun 23, 2022

അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ്‌ വി കെ റിറ്റുവിന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി
 ഇ എൻ മോഹൻദാസ്‌, സെക്രട്ടറിയറ്റംഗം വി പി അനിൽ എന്നിവർ ചേർന്ന്‌ ചെങ്കൊടി പുതപ്പിക്കുന്നു

 
മലപ്പുറം
രണ്ടുമാസത്തോളമായി ആശുപത്രിയിലും അല്ലാതെയും കൂടെനിന്ന സഹപ്രവർത്തകരും കുടുംബാംഗങ്ങളും ഒരുരാത്രികൂടി കണ്ണുചിമ്മാതെ റിറ്റുവിന്റെ അടുത്തിരുന്നു. തിരിച്ചുവരില്ലെന്നറിയാമെങ്കിലും പ്രിയസഖാക്കളും നാടും ഉറങ്ങിയില്ല. ഒടുവിൽ ചങ്കുപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചും ലാൽസലാം പറഞ്ഞും തങ്ങളുടെ പ്രതീക്ഷയായിരുന്ന പ്രിയപ്പെട്ട യുവനേതാവിന്‌ അവർ വിട നൽകി. കഴിഞ്ഞദിവസം അന്തരിച്ച മലപ്പുറം നഗരസഭാ കൗൺസിലറും ഡിവൈഎഫ്‌ഐ മലപ്പുറം ബ്ലോക്ക്‌ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വി കെ റിറ്റു ഇനി പോരാട്ടത്തിന്റെ ഊർജവും  കണ്ണീരിന്റെ നനവുമുള്ള ഓർമ.  
ഉദരസംബന്ധമായ അസുഖത്തിന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്ന റിറ്റു ചൊവ്വാഴ്‌ച വൈകിട്ടാണ്‌ മരിച്ചത്‌. തുടർന്ന്‌ രാത്രി ഒന്നോടെ മൃതദേഹം കോട്ടപ്പടി വലിയവരമ്പ് കാളംതട്ടയിലെ വീട്ടിലെത്തിച്ചു. ഭാര്യ ദിദിയെയും അമ്മ കാർത്യാനിയെയും സഹോദരി പ്രിയങ്കയെയും സമാശ്വാസിപ്പിക്കാനാകാതെ പാർടി പ്രവർത്തകരും കുഴങ്ങി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ രാത്രിതന്നെ വീട്ടിലെത്തി അന്ത്യാഞ്‌ജലിയർപ്പിച്ചു. ബുധനാഴ്‌ച രാവിലെ എട്ടോടെ വലിയങ്ങാടിയിലെ സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസായ സാധു സ്‌മാരക മന്ദിരത്തിൽ പൊതുദർശനത്തിനുവച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസും ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിലും ചേർന്ന്‌ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചു. വീട്ടിലും സിപിഐ എം ഓഫീസിലുമായി റിറ്റുവിനെ അവസാനമായി കാണാൻ ആയിരങ്ങളാണ്‌ എത്തിയത്‌. തുടർന്ന്‌ വീടിനോടുചേർന്ന സ്ഥലത്ത്‌ സംസ്‌കരിച്ചു. എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റ്‌ വി പി സാനു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ പി ഷെബീർ, സെക്രട്ടറി കെ ശ്യാംപ്രസാദ്‌, മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ്‌ കാടേരി, വൈസ്‌ ചെയർപേഴ്‌സൺ ഫൗസിയ കുഞ്ഞിപ്പു, പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി ഷാജി, കൗൺസിലർമാർ, സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. കെ മോഹൻദാസ്‌, ഐഎൻഎൽ നേതാവ്‌ കെ പി ഇസ്‌മയിൽ, വിവിധ രാഷ്‌ട്രീയ പാർടി നേതാക്കൾ എന്നിവരും അന്ത്യാഞ്ജലിയർപ്പിച്ചു. 
വൈകിട്ട്‌ വലിയങ്ങാടിയിൽ അനുശോചനയോഗം ചേർന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌  വി വസീഫ് പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top