06 July Wednesday

ആർഎസ്‌എസ്‌–ലീഗ്‌ ബന്ധത്തിന്‌ പഴക്കമേറെ

സ്വന്തം ലേഖകൻUpdated: Thursday Jun 23, 2022

ഖാദർ വിഷയത്തിൽ ശക്തമായ നിലപാട്‌ സ്വീകരിക്കാനാവാതെ ലീ​ഗ് 

ആര്‍എസ്എസുകാരനായ ഡോ. കെ മാധവൻകുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ  ലീഗ്‌ പിന്തുണച്ചു

 
മലപ്പുറം
ആർഎസ്‌എസും മുസ്ലിംലീഗും തമ്മിലുള്ള ഭായി ഭായി ബന്ധത്തിന്‌ പഴക്കമേറെ. സമുദായ സംരക്ഷണ വേഷമണിയുമ്പോഴും സംഘപരിവാർ സംഘടനകളുമായി ലീഗിനുള്ള ചങ്ങാത്തം അണികളെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും നേതാക്കൾക്ക്‌  പ്രശ്‌നമേയല്ല. ലീഗിന്റെ  മുൻ എംഎൽഎയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ എൻ എ ഖാദറിന്‌ യാതൊരു സങ്കോചവുമില്ലാതെ ആർഎസ്‌എസ്‌ വേദിയിൽ പോകാനും ഒരു കൂസലുമില്ലാതെ അതിനെ ന്യായീകരിക്കാനും ധൈര്യം പകരുന്നത്‌   ഈ ചങ്ങാത്തമാണ്‌. 
ബഹറിൽ മുസല്ലയിട്ട്‌ നിസ്‌കരിച്ചാലും ആർഎസ്‌എസിനെ വിശ്വസിക്കില്ലെന്നാണ്‌ സി എച്ച്‌ മുഹമ്മദ്‌ കോയ പറഞ്ഞത്‌. കഴിഞ്ഞ ദിവസം ഖാദറിനെ വിമർശിച്ച ഡോ. എം കെ മുനീർ എംഎൽഎ തന്റെ പിതാവുകൂടിയായ സി എച്ചിന്റെ ഈ വാക്ക്‌ എടുത്തുപറഞ്ഞത്‌ ഖാദറിന്‌ മാത്രമല്ല, ആർഎസ്‌എസ്‌ പഥ്യമെന്ന്‌ കരുതുന്ന എല്ലാ നേതാക്കൾക്കുമുള്ള മുന്നറിയിപ്പാണ്‌. എന്നാൽ മുനീറിന്റെ ശബ്‌ദം ലീഗിൽ വലിയ ചലനമുണ്ടാക്കില്ല. സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ ഖാദറിനെ നോവിക്കാതെ ഒഴിഞ്ഞുമാറുന്നത്‌ ഇതിന്‌ തെളിവാണ്‌. 
ആർഎസ്‌എസുമായുള്ള ലീഗിന്റെ ചങ്ങാത്തം ഊഷ്‌മളമാക്കിയത്‌ അന്തരിച്ച മുഹമ്മദലി ശിഹാബ്‌ തങ്ങളും കുഞ്ഞാലിക്കുട്ടിയുമാണ്‌. ആർഎസ്‌എസുകാരനായ ഡോ. കെ മാധവൻകുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ  ലീഗ്‌ പിന്തുണച്ചത്‌ ഇതിന്‌ തെളിവാണ്‌. സ്വന്തം കുട്ടിയെന്നാണ്‌ ശിഹാബ്‌ തങ്ങൾ അന്ന്‌ മാധവൻകുട്ടിയെ വിശേഷിപ്പിച്ചത്‌. വടകരയിൽ രത്‌നസിങ്ങിനെയും പിന്തുണച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ ജി മാരാരുടെ ആത്മകഥയിൽ ഈ സഖ്യം വിശദമാക്കിയിട്ടുണ്ട്‌. തുടർന്നും ഈ സഖ്യം ഒളിഞ്ഞും തെളിഞ്ഞും മുന്നോട്ടുപോയി. മോദിയെ കെ എം ഷാജി ന്യായീകരിക്കുന്നതിൽവരെ എത്തി ഈ ബന്ധം.
കെ എൻ എ ഖാദർ ആർഎസ്‌എസുമായി നേരത്തെ ചങ്ങാത്തത്തിലാണ്‌. അതിനാലാണ്‌ ഗുരുവായൂരിൽ ബിജെപി ഖാദറിനെ പിന്തുണച്ചത്‌. ആ പിന്തുണയെ ലീഗ്‌ നേതൃത്വം തള്ളിപ്പറഞ്ഞിരുന്നില്ല. ശബരിമല സ്‌ത്രീ പ്രവേശനത്തിനെതിരെ വിശ്വാസികളുടെ മറവിൽ ആർഎസ്‌എസ്‌ നടത്തിയ നാമജപ ഘോഷയാത്രയെ ലീഗ്‌ നാരങ്ങവെള്ളം നൽകി സ്വീകരിച്ചു. ജന്മഭൂമിയിലെ ലേഖനം എഴുത്തുകാരനാണ്‌ ഖാദർ. മറ്റൊരു നേതാവായ കെ എം ഷാജിയുടെ ആവേശമാണ്‌ മോദി. കഴിഞ്ഞ ദിവസം തിരൂരിലും ഷാജിയുടെ ആർഎസ്‌എസ്‌ പ്രണയം പൊട്ടിയൊലിച്ചു. 
ഖാദർ വിഷയത്തിൽ ശക്തമായ നിലപാട്‌ സ്വീകരിക്കാൻ ലീഗ്‌ നേതൃത്വത്തിനാകാത്തത്‌ ആർഎസ്‌എസിനോടുള്ള മൃദു സമീപനമാണ്‌. ഇതിൽ അണികൾ ശക്തമായ അമർഷത്തിലാണ്‌. 
 ഖാദറിനെ പുറത്താക്കണമെന്ന മുറവിളിയാണ്‌ പാർടി വാട്‌സാപ് ഗ്രൂപ്പ്‌ നിറയുന്നത്‌. ഈ അമർഷം നാളെ തണുത്തേക്കാം. എന്നാൽ ഖാദർ സൃഷ്‌ടിച്ച മുറിവ്‌ അങ്ങനെ ഉണങ്ങാനിടയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top