21 July Sunday

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 778ാം റാങ്ക‌് ചോരണ കൂരയിൽനിന്ന‌് ദിവ്യ എംബിബിഎസിന‌്

എം സനോജ‌്Updated: Sunday Jun 23, 2019

ദിവ്യ വീടിനു മുന്നിൽ

 

 
നിലമ്പൂർ 
കുറുമ്പലങ്ങോട്  കണയൻകൈ പട്ടികവർഗ കോളനിയിലെ ചോർന്നൊലിക്കുന്ന കൂരയ്ക്കുമുന്നിൽനിന്ന് ദിവ്യ  നടന്നുകയറിയത് സ്വപ്നത്തിലേക്ക‌്. നീറ്റ്  പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ മികച്ച നേട്ടവുമായി എംബിബിഎസ‌് പഠനത്തിന‌് തയ്യാറെടുക്കുകയാണ‌് ഈ മിടുക്കി. കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും മലകയറിയാണ്   ഈ ആദിവാസി  പെൺകുട്ടി നീറ്റ്  പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 778ാം (കാറ്റഗറി) റാങ്ക‌് നേടി നാടിന്റെ അഭിമാനമായത‌്. 
അടങ്ങാത്ത ആഗ്രഹവും നേടുമെന്ന ഉറപ്പും ലക്ഷ്യത്തിലേക്കുള്ള പിഴയ്ക്കാത്ത ചുവടുകളുമായി, പിന്നാലെ വരുന്നവർക്ക‌്  പ്രചോദനത്തിന്റെ തിരിതെളിക്കുകയാണവൾ. പണിയ വിഭാഗത്തിൽപ്പെട്ട ദിവ്യ തന്റെ രണ്ടാം പരിശ്രമത്തിലാണ്  നേട്ടം കരസ്ഥമാക്കിയത്.  കൂലിപ്പണിക്കാരിയായ ലീലയുടെ നാലുമക്കളിൽ മൂന്നാമത്തെയാളാണ് ദിവ്യ. മഹിളാ സമഖ്യയെന്ന സ്ഥാപനമാണ് ദിവ്യയുടെ വിജയത്തിനുപിന്നിലെ  പ്രേരണാശക്തി. കുറുമ്പലങ്ങോട് സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിവ്യയുടെ വിദ്യാഭ്യാസ ജീവിതത്തിലെ വഴിത്തിരിവ‌്.  ചെറുപ്രായത്തിലേ പഠിക്കാൻ മിടുക്കിയായിരുന്ന ദിവ്യ ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള  പരീക്ഷ എഴുതി ആറാം ക്ലാസ് മുതൽ പന്ത്രണ്ടുവരെ മലപ്പുറം ഊരകത്തെ നവോദയ വിദ്യാലയത്തിൽ പഠിച്ചു. പത്താംക്ലാസിൽ മിന്നുന്ന ജയവും   ഹയർ സെക്കൻഡറി പരീക്ഷയിൽ 91.6 ശതമാനം മാർക്കും നേടി. 2018ൽ പ്ലസ്ടു പഠനസമയത്ത് ദിവ്യ നീറ്റ് പരീക്ഷ എഴുതി 14,000ാം റാങ്ക് കരസ്ഥമാക്കിയിരുന്നു.  
മഹിളാ സമഖ്യ ജില്ലാ കോ–- ഓർഡിനേറ്ററായിരുന്ന റജീനയായിരുന്നു ദിവ്യയുടെ കഴിവ് തിരിച്ചറിഞ്ഞത്.  തുടർന്ന‌് സമഖ്യ ജീവനക്കാർ കോട്ടക്കൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററിൽ ചേർക്കുകയായിരുന്നു. കോച്ചിങ‌് സെന്ററിലെ   അസ്കർ എന്ന അധ്യാപകൻ സൗജന്യമായി ദിവ്യയെ പഠിപ്പിക്കാമെന്ന് അറിയിച്ചു. ഈ മേയിൽ നടന്ന നീറ്റ് പരീക്ഷയിലാണ് ദിവ്യ ഉയർന്നവിജയം നേടിയത്.  കേരള എൻട്രൻസ് ഫലംകൂടി വരുന്നതോടെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ദിവ്യ. കെട്ടുറപ്പുള്ളൊരു വീടും പഠനാവശ്യത്തിന്   ലാപ്ടോപ്പും വേണമെന്നതാണ‌് ദിവ്യയുടെ ആഗ്രഹം.
പ്രധാന വാർത്തകൾ
 Top