നിലമ്പൂർ
കേസിൽ ജയിക്കുമെന്ന് മൈസൂരു സ്വദേശി പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് കൊലക്കേസ് പ്രതി ഷൈബിൻ അഷ്റഫ്. മുക്കട്ടയിലെ വീട്ടിലെ തെളിവെടുപ്പിനുശേഷം മടക്കിക്കൊണ്ടുപോകുമ്പോഴായിരുന്നു ഷൈബിന്റെ പ്രതികരണം. ഞായറാഴ്ച രാവിലെ നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പൊലീസ് ഷൈബിൻ അഷറഫിനെ മുക്കട്ടയിലെ വീട്ടിലെത്തിച്ചത്. വീടിനുള്ളിലും വീട്ടുവളപ്പിലുമായി 20 മിനിറ്റിലേറെ തെളിവെടുപ്പ് നടത്തി. കൊലനടന്ന മുറി, മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.
ചന്തക്കുന്നിലെ എസ്ഡിപിഐ നേതാവിന്റെ ബേക്കറിയിലും തെളിവെടുപ്പിന്റെ ഭാഗമായി പൊലീസെത്തി. മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയശേഷം പ്രതികൾ വിശ്രമിച്ച ലോഡ്ജിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. പുഴയിൽ തള്ളിയ മൃതദേഹാവശിഷ്ടത്തിനായി ചാലിയാർ പുഴയിലെ തെരച്ചിൽ ഞായറാഴ്ച ഉച്ചയോടെ അവസാനിപ്പിച്ചു. നാവിക സേന, ഫയർ ഫോഴ്സ്, എമർജൻസി റെസ്ക്യൂ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..