16 September Monday

നിര്‍മാണത്തിന‌് ടെന്‍ഡറായി 7 സ്‌കൂളിന‌് 21 കോടി; തവനൂര്‍ ഗവ. കോളേജിന‌് 10 കോടി

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
മലപ്പുറം
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന  അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി  ജില്ലയിലെ ഏഴ് സ്‌കൂളുകൾക്ക് മൂന്നുകോടി രൂപവീതം അനുവദിച്ചു. ഇവയുടെയും പത്തുകോടി രൂപയിൽ തവനൂർ ഗവ. കോളേജിന്റെയും നിർമാണങ്ങൾക്കുള്ള ടെന്‍ഡർ നടപടി  പൂർത്തിയായി. 
  കരുവാരക്കുണ്ട്, വാണിയമ്പലം, തിരുവാലി, ഒതുക്കുങ്ങൽ, പുലാമന്തോൾ, കുന്നക്കാവ് എന്നീ ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും ജിഎച്ച്എസ് അഞ്ചച്ചവിടിയിലെയും നിർമാണപ്രവർത്തനങ്ങൾക്ക് കരാർ നൽകിയതായി കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ അൻവർ സാദത്ത് അറിയിച്ചു. മാളിയേക്കൽ കൺസ്ട്രക്ഷനാണ് കരാർ ലഭിച്ചത്.
  ജില്ലയിൽ 16 സ്‌കൂളുകളിൽ അഞ്ചുകോടി രൂപയുടെയും 10 സ്‌കൂളുകളിൽ മൂന്ന് കോടി രൂപയുടെയും നിർമാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനുപുറമെ മൂന്ന് കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾക്ക് 18 സ്‌കൂളുകൾക്കുള്ള ടെന്‍ഡർ നടപടി അവസാന ഘട്ടത്തിലാണ്. ഇതോടെ ജില്ലയിൽ മൊത്തം 16 സ്‌കൂളുകളിൽ അഞ്ചുകോടിയുടെയും 35 സ്‌കൂളുകളിൽ മൂന്ന് കോടി രൂപയുടെയും തവനൂർ ഗവ. കോളേജിന്റെയും നിർമാണ പ്രവർത്തനങ്ങളാണ് കൈറ്റിന്റെ മേൽനോട്ടത്തിൽ നടന്നുവരുന്നത്. 
 സമയബന്ധിതമായി നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട കരാറുകാർക്ക് തിരുവനന്തപുരത്ത് യോഗംവിളിച്ച് കൈറ്റ് കർശന നിർദേശം നൽകിയിട്ടുണ്ട്. മധ്യവേനലവധിക്കുശേഷം സ്‌കൂളുകൾ തുറക്കുന്ന സമയത്ത് നിർമാണ പ്രവർത്തനങ്ങൾമൂലം അസൗകര്യങ്ങൾ ഇല്ലാതിരിക്കാനുള്ള സംവിധാനങ്ങൾ എല്ലാ   സ്‌കൂളുകളിലും ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top