07 July Tuesday

വയനാടൻ മനംകവർന്ന‌്

സ്വന്തം ലേഖകൻUpdated: Tuesday Apr 23, 2019
കൽപ്പറ്റ
ജനഹൃദയങ്ങളിൽ ചേക്കേറി വയനാട‌് മണ്ഡലം സ്ഥാനാർഥി പി പി സുനീർ.  മൂന്ന‌ു പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്തുള്ള  ഈ യുവനേതാവ‌് ഒന്നര മാസത്തിനിടെ ഏഴ‌ു ലക്ഷത്തോളം വോട്ടർമാരെ നേരിൽകണ്ട‌് വോട്ട‌ഭ്യർഥിച്ചു.
 ലക്ഷങ്ങളുടെ കരം ഗ്രഹിച്ചു. സാധാരണക്കാരന്റെ നെടുവീർപ്പും നൊമ്പരവുമറിഞ്ഞു. സങ്കടങ്ങളിൽ അവരോടൊപ്പം ചേർന്നു. 10 വർഷത്തെ യുഡിഎഫ‌് പ്രതിനിധിയുടെ അവഗണനയിൽ മനം മടുത്തവർക്ക‌്   പ്രത്യാശയുടെ വെളിച്ചമായി. 
ആളുകൾക്കിടയിലൂടെ ചിരിച്ച‌് കൈവീശിയെത്തി  സുനീർ   ഓരോരുത്തരുടെയും സുഹൃത്തായി, സഹോദരനായി. യുവത്വത്തിന്റെ പ്രസരിപ്പും ലാളിത്യവും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുള്ള അനുഭവജ്ഞാനവും തെളിമയുള്ള രാഷ‌്ട്രീയ നിലപാടും ഈ നേതാവിന‌് ജനമനസ്സുകളിൽ ഇടം നൽകി. 
എതിർസ്ഥാനാർഥിയെ വോട്ടർമാർ ആകാശത്ത‌ു മാത്രം കണ്ടപ്പോൾ സുനീർ  മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി സംവദിച്ചു. വിശ്രമമില്ലാതെ രാപ്പകലുകൾ ജനങ്ങൾക്കിടയിലായിരുന്നു. എല്ലായിടത്തും ഓടിയെത്തി. കർഷകർ, തൊഴിലാളികൾ, ആദിവാസികൾ, യുവജനങ്ങൾ, വിദ്യാർഥികൾ‌, തോട്ടം തൊഴിലാളികൾ,  ജീവനക്കാർ, രാഷ‌്ട്രീയ–-സാമൂഹിക–-സാംസ‌്കാരിക പ്രവർത്തകർ, വ്യാപാരികൾ എന്നിവരുമെല്ലാമായി അടുത്തിടപഴകി. മണ്ഡലത്തിന്റെ പ്രശ‌്നങ്ങൾ ഹൃദിസ്ഥമാക്കി.  ഒരുതവണ പരിചയപ്പെട്ടവർ പിന്നീടൊരിക്കലും മറക്കാത്ത വ്യക്തിത്വം. 
  കൊച്ചുവാക്കുകളിൽ സുനീറിന്റെ കാമ്പുള്ള രാഷ‌്ട്രീയം കേൾക്കാൾ പ്രചാരണ വേളകളിൽ ആളുകൾ തടിച്ചുകൂടി. ഒരു പാർലമെന്റ‌് അംഗത്തിന്റെ ഉത്തരവാദിത്തങ്ങൾ ആദ്യം ജനങ്ങളെ ബോധ്യപ്പെടുത്തി. കഴിഞ്ഞ പത്തു വർഷക്കാലം വയനാട് ഒരു എംപിയുടെ സാന്നിധ്യം അറിഞ്ഞില്ല.   
"ആളുകളുടെ കൈയെത്തും ദൂരത്ത‌് ഞാനുണ്ടാകും.എന്നെ കാണാൻ ഡൽഹിയിലോ, വിദേശത്തോ  വരേണ്ടിവരില്ല. മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ അവരിലൊരാളായി ഉണ്ടാകും'‐ സുനീർ ഉറപ്പുനൽകി. 
 നന്നേ ചെറുപ്പത്തിൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ‌്ട്രീയത്തിലെത്തിയ സുനീർ നിരവധി സമരപോരാട്ടങ്ങൾക്ക‌് നേതൃത്വം നൽകി. 
വെളിയങ്കോട‌് ഹയർസെക്കൻഡറി, തൃശൂർ സെന്റ‌് അലോഷ്യസ‌് കോളേജ‌്, തൃശൂർ കേരളവർമ കോളേജ‌് എന്നിവിടങ്ങളിൽ പഠനം. പൊളിറ്റിക്കൽ സയൻസിൽ  ബിരുദാനന്തര ബിരുദം. 
പഠനകാലത്ത‌് രണ്ടുതവണ കലിക്കറ്റ‌് സർവകലാശാല യൂണിയൻ വൈസ‌് ചെയർമാനായി. 
2005 മുതൽ 2010 വരെ മലപ്പുറം ജില്ലാ പഞ്ചായത്തംഗമായി മികച്ച പ്രവർത്തനം നടത്തി. നിലവിൽ സിപിഐ സംസ്ഥാന എക‌്സിക്യൂട്ടീവ‌്  അംഗവും  എൽഡിഎഫ‌് മലപ്പുറം ജില്ലാ കൺവീനറുമാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top