നിലമ്പൂർ
മലയോരത്തിന്റെ സ്വപ്നപാതയായ നിലമ്പൂർ ബൈപാസിന് 140 കോടി രൂപയുടെ സമഗ്ര ഭരണാനുമതി. സ്ഥലം ഏറ്റെടുക്കൽ, റോഡ് നിർമാണം, കെഎസ്ഇബിയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മോണോപോളുകൾ സ്ഥാപിക്കൽ, ഇരുഭാഗത്തുമുള്ള റോഡ് നിർമാണം, സൗന്ദര്യവൽക്കരണം, അഴുക്കുചാലുകൾ എന്നിവ ഉൾപ്പെടുത്തി ബൈപാസ് പൂർത്തീകരിക്കാനുള്ള പുതിയ സമഗ്ര പദ്ധതിക്കാണ് സർക്കാർ തുക അനുവദിച്ചത്. ഇതോടെ ബൈപാസിന്റെ ആദ്യഘട്ട ജോലി മാർച്ചോടെ പൂർത്തിയാകും.
നേരത്തെ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് 2015ൽ ബൈപാസിന് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് 35 കോടി അനുവദിച്ചിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കുകയോ പണം ഭൂവുടമകൾക്ക് വിതരണം ചെയ്യുകയോ ചെയ്തില്ല. എൽഡിഎഫ് ഭരണത്തിലേറിയതോടെ 960 മീറ്റർ സ്ഥലം ഏറ്റെടുത്തു. 14 കോടി രൂപ ഭൂവുടമകൾക്ക് വേഗം വിതരണംചെയ്തു. ആകെ 1.860 കിലോമീറ്റർ സ്ഥലം ഏറ്റെടുത്തു. ഇതുവരെ 35. 5 കോടി രൂപ ഭൂവുടമകൾക്ക് നൽകി. 2016-–-17, 2017 -- -–18 വർഷങ്ങളിൽ നിലമ്പൂർ ബൈപാസിനായി 100 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും പുതിയ നിർമാണ പ്രവൃത്തി അല്ലാത്തതിനാൽ കിഫ്ബി പദ്ധതി തുക നിരാകരിച്ചു. തുടർന്ന് 2018-–19 സംസ്ഥാന ബജറ്റിൽ നിലമ്പൂർ ഒസികെ പടി മുതൽ മുക്ബൈപാസ് കട്ട വരെ സ്ഥലം ഏറ്റെടുക്കാൻ 50 കോടി രൂപ അനുവദിച്ചു. ഇതിൽ രണ്ട് തവണയായി 10 കോടി വീതം ഭൂവുടമകൾക്ക് നഷ്ടപരിഹാരമായി നൽകി സ്ഥലമേറ്റെടുത്തു. ശേഷിക്കുന്ന 30 കോടി അനുവദിക്കുന്നതിനാണ് ഇപ്പോൾ 140 കോടി രൂപയുടെ പുതിയ സമഗ്ര ഭരണാനുമതി ലഭിച്ചത്.
പാത 6 കിലോമീറ്റർ
നിലമ്പൂർ ഒസികെ പടി മുതൽ വെളിയംതോട് വരെ 6 കിലോമീറ്ററിലാണ് ബൈപാസ് നിർമാണം പുരോഗമിക്കുന്നത്. പ്രവൃത്തിയുടെ തുടക്കത്തിൽ ഒസികെ പടിയിൽ 40 മീറ്റർ വീതിയിലും പിന്നീടുള്ള പ്രദേശങ്ങളിൽ 30 മീറ്റർ വീതിയിലും ജോലി നടക്കും. പ്രദേശത്തെ വൈദ്യുതിശേഷി വർധിപ്പിക്കുന്നതിന് ബൈപാസിന്റെ മധ്യത്തിലൂടെ കെഎസ്ഇബിയുടെ മോണോപോൾ മീഡിയം (ഉയരം കൂടിയ പോസ്റ്റുകൾ) സ്ഥാപിക്കും. ഇതിന് 7.38 കോടി രൂപ വകയിരുത്തി. ദേശീയപാതയ്ക്ക് തുല്യമായ രീതിയിൽ രണ്ട് ഭാഗങ്ങളായാണ് റോഡ് നിർമിക്കുന്നത്. റോഡിന് ഇരുവശത്തും സൗന്ദര്യവല്‍ക്കരണം നടത്തും. ആദ്യറീച്ചായ ഒസികെ പടി മുതൽ ചക്കാലക്കുത്ത് വരെയുള്ള 1.860 മീറ്ററിലാണ് സ്ഥലമേറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചത്.-
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..