28 November Saturday

മറക്കുവതെങ്ങനെ
ആ ഇന്നലെകൾ

സ്വന്തം ലേഖകൻUpdated: Sunday Nov 22, 2020

എംഎസ്എഫ്, ലീ​ഗ് പ്രവർത്തകർ പാഠപുസ്തകം കത്തിക്കുന്നു (ഫയൽ ചിത്രം)

മലപ്പുറം

ജില്ലാ വികസനത്തിന്‌ എന്നും എതിരായിരുന്നു മുസ്ലിംലീഗ്‌. എൽഡിഎഫ്‌ സർക്കാരുകൾ നടപ്പാക്കിയ പദ്ധതികളെ സമുദായവികാരം ഇളക്കിവിട്ടും മതവിരുദ്ധമായി പ്രചരിപ്പിച്ചും അവർ എക്കാലവും വഴിമുടക്കി.  ദേശീയപാതാ വികസനത്തിലും ഗെയിൽ പൈപ്പ്‌ലൈനിലും പ്രകടമായി ആ മുഖമുദ്ര. അധികാരത്തെ സങ്കുചിതനേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തി നാടിന്റെ മുന്നേറ്റത്തിന്‌‌ തുരങ്കംവച്ചു.  

‘ദേശീയപാത’യിലെ 
കുത്തിത്തിരിപ്പ്‌

ദേശീയപാതാ വികസനത്തിനെതിരെ മത–-വർഗീയ സംഘടനകൾക്കൊപ്പം അരയുംതലയും മുറുക്കി ലീഗ്‌ മുന്നിൽനിന്നു.  യുഡിഎഫ്‌ ഭരണകാലത്തും അവർ ജില്ലയോട്‌ രാഷ്‌ട്രീയവഞ്ചന കാട്ടി. ഭരണതലത്തിൽ വികസനത്തിനൊപ്പം നിൽക്കുമ്പോഴും പ്രാദേശികമായി സമരത്തിന്‌ എരിവും മൂർച്ചയും നൽകി‌. എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവർക്കൊപ്പം ചേർന്നായിരുന്നു സമരം‌. എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ‌ പിന്തുണയേകി. ഭൂമി ഏറ്റെടുക്കൽ ജനങ്ങളെ ഇളക്കിവിട്ട്‌ മുടക്കി. ഒടുവിൽ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ സ്ഥലമെടുപ്പ്‌ നടപടി പുരോഗമിക്കുകയാണ്‌‌. നഷ്ടപരിഹാര വിതരണവും തുടങ്ങി. 

‘ഗെയിലി’ൽ അക്രമം

  ഗെയിൽ വാതക പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെയും അക്രമസമരവുമായി രംഗത്തെത്തി ലീഗ്‌. നുണപ്രചാരണങ്ങളിലൂടെ ജനങ്ങളെ സമരത്തിനിറക്കി. റോഡിൽ തീയിട്ടും വാഹനങ്ങൾ തടഞ്ഞും നടത്തിയ സമരാഭാസത്തെ ലീഗ്‌ നേതൃത്വം കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ചു. ഗെയിൽ പ്രകൃതിവാതക പദ്ധതി യാഥാർഥ്യമാകുമ്പോൾ അഴിഞ്ഞുവീഴുകയാണ്‌ ലീഗിന്റെ മുഖംമൂടി.

പുസ്‌തകം കത്തിച്ച കാലം

ആദ്യ ഇ എം എസ്‌ സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കാര നയങ്ങളെ എതിർത്ത മുസ്ലിംലീഗ്‌ ആധുനിക വിദ്യാഭ്യാസത്തോട്‌ പുറംതിരിഞ്ഞുനിന്നു. വിദ്യാഭ്യാസം  മതവിരുദ്ധമാണെന്ന യാഥാസ്ഥിതിക ചിന്തയ്‌ക്കൊപ്പമായിരുന്നു അവർ. അറിവിന്റെ വെളിച്ചം നിരവധി തലമുറകൾക്ക്‌ നിഷേധിച്ചു. ജില്ലയുടെ പൊതു പിന്നോക്കാവസ്ഥയ്‌ക്ക്‌ ഇത്‌ കാരണമായി. കഴിഞ്ഞ വി എസ്‌ സർക്കാരിന്റെ  കാലത്ത്‌ മദ്രസാധ്യാപകർക്ക്‌ പെൻഷൻ പദ്ധതി നടപ്പാക്കിയപ്പോൾ അത്‌ ഇസ്ലാമികവിരുദ്ധമാണെന്നായിരുന്നു പ്രചാരണം. പാഠപുസ്‌തക പരിഷ്‌കരണത്തെ വർഗീയമായി ചിത്രീകരിച്ച്‌ മുതലെടുപ്പിന്‌  ശ്രമിച്ചു. പുസ്‌തകങ്ങൾ പരസ്യമായി തീയിട്ടും അധ്യാപകരെ കൈയേറ്റം ചെയ്‌തുമായിരുന്നു സമരാഭാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top