28 November Saturday

ലീഗ്‌ കണ്ണാടിയിൽ നോക്കണം: 
എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള 
എ വിജയരാഘവൻ മലപ്പുറം പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിക്കിടെ

മലപ്പുറം

രാഷ്‌ട്രീയ ധാർമികത നഷ്ടമായ മുസ്ലിംലീഗ്‌ സ്വന്തം മുഖം കണ്ണാടിയിൽ നോക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. മലപ്പുറം പ്രസ്‌ ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.    ലീഗിന്‌ വലിയ രാഷ്‌ട്രീയപരിണാമം സംഭവിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ട അവർ തെറ്റായ  രാഷ്‌ട്രീയനിലപാടിലേക്ക്‌ നീങ്ങി. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ ശിഷ്യത്വം സ്വീകരിച്ചു. കേന്ദ്രസർക്കാർ തീവ്രഹിന്ദുത്വ നിലപാടുമായി മുന്നോട്ടു‌പോകുമ്പോൾ അതിന്റെ എതിർദിശയിൽ ന്യൂനപക്ഷ ഏകോപനത്തിനാണ്‌ ലീഗ്‌ ശ്രമം. മതമൗലികവാദത്തെ ശക്തിപ്പെടുത്തുന്ന ഈ സമീപനം സംഘപരിവാറിന്‌ കരുത്ത്‌ പകരും. ബിഹാറിൽ മഹാസഖ്യം തോൽക്കാനിടയാക്കിയത്‌ മുസ്ലിം മതമൗലികവാദ സംഘടനകൾ സ്വീകരിച്ച നിലപാടാണ്‌. അത്തരമൊരു രാഷ്‌ട്രീയനീക്കമാണ്‌ കേരളത്തിൽ ലീഗ്‌ നടത്തുന്നത്‌. മതന്യൂനപക്ഷങ്ങളിലെ ഉൽപ്പതിഷ്‌ണുക്കളായ വലിയ വിഭാഗം ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്‌. അവർ ഇടതുപക്ഷത്തിന്‌ അനുകൂലമായി വിധിയെഴുതും.   മൂല്യരഹിത രാഷ്‌ട്രീയവും അഴിമതിയും ലീഗിനെ മൂടി. രണ്ട്‌ എംഎൽഎമാർ ഇതിനകം അറസ്‌റ്റിലായി. അഴിമതിയെ ന്യായീകരിക്കുന്ന വിചിത്ര നിലപാടാണ്‌ ലീഗ്‌ സ്വീകരിക്കുന്നത്‌. വസ്‌തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്‌ ലീഗ്‌ എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചത്‌. അത്‌ രാഷ്‌ട്രീയ നടപടിയല്ല. പരാതിക്കാർ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്‌. അവർ പൊതുസമൂഹത്തിനുമുന്നിൽ പങ്കുവച്ച പരാതികളുണ്ട്‌. അത്‌ അന്വേഷിച്ച്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ സർക്കാർ നടപടി സ്വീകരിക്കുന്നത്‌. പിടിക്കപ്പെടുമ്പോൾ ലീഗിന്‌ ദേഷ്യം തോന്നിയിട്ട്‌ കാര്യമില്ല. അവർ സ്വയം ചികിത്സിക്കുകമാത്രമേ വഴിയുള്ളൂ. അഴിമതിയെ  ന്യായീകരിക്കുന്ന വിചിത്ര നിലപാടാണ്‌ ഇക്കാര്യത്തിൽ ലീഗ്‌ സ്വീകരിക്കുന്നത്‌.

വികസന മുന്നേറ്റം 
തടയാൻ നീക്കം

എൽഡിഎഫ്‌ ഭരണത്തിൽ വലിയ വികസന മുന്നേറ്റമാണ്‌ സാധ്യമായത്‌. നടക്കില്ലെന്ന്‌ കരുതിയ പല പദ്ധതികളും യാഥാർഥ്യമായി. ദേശീയപാതാ വികസനവും ഗെയിൽ പൈപ്പിടലും സാധ്യമായി. കിഫ്‌ബിവഴി വികസന കുതിച്ചുചാട്ടം സാധ്യമാക്കി. എന്നാൽ, കേരളത്തിന്റെ വികസന മുന്നേറ്റം തടയാനും സർക്കാരിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാനുമാണ്‌ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി ബിജെപി ശ്രമിക്കുന്നത്‌. കേരളത്തിലെ യുഡിഎഫ്‌ നേതൃത്വം ഇതിന്‌ കൂട്ടുനിൽക്കുന്നു. ഇത്തരം കൂട്ടുകെട്ടുകൾ ഇതിനുമുമ്പും കേരളം കണ്ടതാണ്‌. വിമോചന സമരം അത്തരമൊരു പരീക്ഷണമായിരുന്നു. തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച്‌ അധികാരം അട്ടിമറിക്കാനാണ്‌ അന്നും ശ്രമിച്ചത്‌–- എ വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top