12 December Thursday

പാലത്തിലേറുന്നു വെളിയങ്കോടി​ന്റെ സ്വപ്‌നം

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2019
 
പൊന്നാനി 
കനോലി കനാലിനുകുറുകെ നിർമിക്കുന്ന വെളിയങ്കോട് ലോക്ക് കം ബ്രിഡ്‌ജ്‌ നിർമാണത്തിന് 29.86 കോടിയുടെ ഭരണാനുമതി.  28.37 കോടി നബാർഡിന്റേതും ബാക്കി സംസ്ഥാന വിഹിതവുമാണ്‌. ഗതാഗത സൗകര്യത്തോടൊപ്പം വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, പുന്നയൂർ, പുന്നയൂർക്കുളം, ഒരുമനയൂർവരെയുള്ള ആറ് പഞ്ചായത്തിലെയും ചാവക്കാട്, ഗുരുവായൂർ നഗരസഭയിലെയും കുടിവെള്ളത്തിനും കാർഷിക മേഖലക്കും ഗുണംചെയ്യുന്നതാണ്‌ പദ്ധതി. നബാർഡിന്റെ അനുമതി വൈകിയതാണ് നീളാൻ കാരണം. ജലവിഭവ വകുപ്പിന്റെ ജനറൽ ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ നബാർഡിന്റെ മുംബൈയിലുള്ള ചീഫ് ഓഫീസിൽ അനുമതിക്ക്‌ സമർപ്പിച്ചിരിക്കുകയായിരുന്നു. നബാർഡിൽനിന്ന് അനുമതി വൈകിയതോടെ സ്പീക്കറുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ഫണ്ടുപയോഗിച്ച് പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. അതിനിടയിലാണ് പദ്ധതിക്ക് നബാർഡിന്റെ അംഗീകാരം ലഭിച്ചത്. 2017–--18ൽ 25 കോടി ബജറ്റിൽ പ്രഖ്യാപിച്ചതോടെയാണ് പുതുജീവനായത്. 2010ൽ ആറ് കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നബാർഡിന് സമർപ്പിച്ചിരുന്നു. 2012ൽ കനോലി കനാൽ ദേശീയ ജലപാതയായതോടെ റഗുലേറ്ററിന്റെ അളവ് 16 അടിയാക്കി ഉയർത്തി.  2014ൽ 19 കോടിയുടെ വിശദപദ്ധതിരേഖ തയാറാക്കി  സമർപ്പിച്ചെങ്കിലും ഫണ്ടനുവദിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറായില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതിക്ക് ജീവൻവച്ചു. 2017ൽ 25 കോടി സർക്കാർ അനുവദിച്ചു. 
പ്രധാന വാർത്തകൾ
 Top