12 November Tuesday

പോത്ത്‌കല്ല് പഞ്ചായത്ത്‌ യോഗത്തിൽ യുഡിഎഫ്‌ അക്രമം: എൽഡിഎഫ്‌ അംഗങ്ങൾക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

ആക്രമണത്തിൽ പരിക്കേറ്റ്‌ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ജോസഫ് ജോണിനെ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഇ പത്മാക്ഷൻ സന്ദർശിക്കുന്നു

പോത്തുകല്ല്‌ >  പോത്തുകല്ല് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾക്കെതിരെ യുഡിഎഫ്‌ അക്രമം. പരിക്കേറ്റ മുതുകുളം വാർഡംഗം ജോസഫ് ജോൺ, പാതാർ വാർഡംഗം ബർത്തില ബേബി എന്നിവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത നിയമനം നേടി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ  താൽക്കാലിക ജീവനക്കാരായി പഞ്ചായത്തിൽ ജോലിനോക്കുന്ന മൂന്ന് പേരെ ഹൈക്കോടതി നീക്കംചെയ്ത പശ്ചാത്തലത്തിലായിരുന്നു തിങ്കളാഴ്ചത്തെ ഭരണസമിതി യോഗം.
 
തൽസ്ഥാനത്തേക്ക് പുതിയ ആളുകളെ കണ്ടെത്താൻ ഇന്റർവ്യൂ തീയതി തീരുമാനിക്കാനുള്ള അജന്‍ഡ ചർച്ച ചെയ്യവെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. അജന്‍ഡ ചർച്ചക്കെടുത്തതോടെ യുഡിഎഫ് അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തി. 17 അംഗങ്ങളുള്ള ഭരണസമിതിയിൽ 13 പേർ മാത്രമാണ് ഈ യോഗത്തിൽ ഉള്ളതെന്നും മറ്റൊരു ദിവസം ചർച്ചയാകാമെന്നും  പ്രസിഡന്റ് സി കരുണാകരൻപിള്ള നിലപാടെടുത്തു. ഇതിനിടെ യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. 
മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ പ്രസിഡ​ന്റും യോഗം അവസാനിപ്പിച്ച് മടങ്ങി. ജോസഫ് ജോൺ മിനിട്സിൽ ഒപ്പിടവെ കോൺഗ്രസ് അംഗം റുബീന പ്രായംചെന്ന ജോസഫ് ജോണിനെ തള്ളി താഴെയിട്ടു.
 
സഹപ്രവർത്തകനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കവെ എൽഡിഎഫ് അംഗം ബർത്തില ബേബിയെ യുഡിഎഫ് അംഗങ്ങൾ വളഞ്ഞ്‌ ആക്രമിച്ചു. യുഡിഎഫ് അംഗം സുലൈമാൻ ഹാജി ശാരീരികമായി ആക്രമിച്ചെന്നും വസ്ത്രങ്ങൾ കീറി മാനഹാനി വരുത്തിയെന്നും കാണിച്ച് ഇവർ പൊലീസിന് പരാതി നൽകി. യുഡിഎഫ് അംഗങ്ങളായ സർഫുന്നീസ, ത്രേസ്യാമ്മ ജോർജ്, സുനി സജി, ഉമൈമത്ത്, അടക്കം ഏഴ്‌ അംഗങ്ങൾക്കെതിരെ ജോസഫ് ജോൺ, ബർത്തില ബേബി എന്നിവർ പൊലീസിന് മൊഴി നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top