12 November Tuesday

അടിസ്ഥാനയോഗ്യതയില്ലാതെ ജോലി ചെയ്‌തവരെ വിലക്കി ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
എടക്കര
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ അടിസ്ഥാനയോഗ്യതയില്ലാതെ ജോലി ചെയ്തിരുന്നവരെ വിലക്കി ഹൈക്കോടതി ഉത്തരവായി. പോത്ത്കല്ല് പഞ്ചായത്ത് ഓഫീസിൽ 2008 മുതൽ താൽക്കാലിക ജീവനക്കാരായ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കൃഷ്ണൻകുട്ടി, ഓവർസിയർമാരായ കവിത, അജിൽ എന്നിവരെയാണ് തൊഴിലിൽനിന്നും നീക്കം ചെയ്യണമെന്ന്‌ ഹൈക്കോടതി വിധിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച  സാഹചര്യത്തിൽ പെരുമാറ്റ ചട്ടം നിലനിൽക്കെ കഴിഞ്ഞ മാർച്ചിൽ ഇവരുടെ നിയമനം പഞ്ചായത്ത് പുതുക്കി നൽകിയില്ല. ഇതിനെ ചോദ്യംചെയ്ത് മൂവരും ഹൈക്കോടതിയിൽ പഞ്ചായത്ത്, തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് പഞ്ചായത്ത് എന്നിവക്കെതിരെ പരാതി നൽകി.  മൂന്നുപേരേയും പുറത്താക്കരുതെന്ന് കോടതി പഞ്ചായത്തിന് നിർദേശം നൽകി. പിന്നീട് കേസ് പരിഗണിക്കവെ ഇവരുടെ നിയമനം സംബന്ധിച്ച് 2008ലെ യുഡിഎഫ് ഭരണസമിതിയുടെ അനധികൃത ഇടപെടലിന്റെ രേഖകൾ പുറത്തുവന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഡാറ്റാ എൻട്രി ഓപറേറ്ററായി  കരാറടിസ്ഥാനത്തിൽ  പ്രവർത്തിക്കുന്നതിന് ബികോം വിത്ത് പിജിഡിസിഎ ആയിരുന്നു മിനിമം യോഗ്യത. എന്നാൽ 10 വർഷക്കാലം പഞ്ചായത്തിൽ ഡാറ്റാ എൻട്രി ഓപറേറ്ററായി പ്രവർത്തിച്ച കൃഷ്ണൻകുട്ടിക്ക് ബിഎ ഡിഗ്രിയാണുണ്ടായിരുന്നത്. 
ഓവർസിയർക്ക് മിനിമം യോഗ്യത സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയോ ബിടെകോ വേണമായിരുന്നു. കവിതക്കും അജിലിനും ഐടിഐ യോഗ്യത മാത്രമാണുണ്ടായിരുന്നതെന്നും പഞ്ചായത്ത് രേഖകൾ സഹിതം വാദിച്ചു.  യുഡിഎഫ് ഭരണസമിതി കഴിഞ്ഞ 10 വർഷമായി നടത്തിവന്ന അഴിമതിയും സ്വജനപക്ഷപാതവും അനധികൃത നിയമനത്തിലൂടെ  വ്യക്തമായി.
പ്രധാന വാർത്തകൾ
 Top