28 October Thursday
പ്ലസ്‌ വൺ, വിഎച്ച്‌എസ്‌ഇ പരീക്ഷ

സ്‌കൂളുകൾ ഒരുങ്ങി, കരുതലോടെ

സ്വന്തം ലേഖകൻUpdated: Wednesday Sep 22, 2021

 

മലപ്പുറം
ജില്ലയിൽ പ്ലസ്‌ വൺ പരീക്ഷക്കുള്ള ഒരുക്കം പൂർത്തിയായി. സ്‌കൂളുകളിൽ മൈക്രോ പ്ലാൻ തയ്യാറാക്കി കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പരീക്ഷ. പ്ലസ്‌ വണ്ണിന്‌ 248ഉം വിഎച്ച്‌എസ്‌ഇക്ക്‌ 27 പരീക്ഷാ കേന്ദ്രവുമാണുള്ളത്‌. എല്ലായിടത്തും പരീക്ഷാ ഹാൾ, ഫർണിച്ചർ, സ്‌കൂൾ പരിസരം തുടങ്ങിയവ ശുചീകരിച്ച്‌ അണുവിമുക്തമാക്കി. 24ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷ ഒക്ടോബർ 18ന് അവസാനിക്കും. ഒക്ടോബർ 13 വരെയാണ്‌ വിഎച്ച്‌എസ്‌ഇ പരീക്ഷ.  
പരീക്ഷയ്ക്ക്‌ മുന്നോടിയായി ചൊവ്വാഴ്‌ച സ്‌കൂൾ പ്രിൻസിപ്പൽമാരുടെ യോഗം ചേർന്നു. വിദ്യാർഥികൾ ഏറെ നാളുകൾക്കുശേഷം സ്‌കൂളിലെത്തുന്നതിനാൽ അധ്യാപകർ ഫോണിൽ വിളിച്ച്‌ നിർദേശങ്ങൾ നൽകും. വിദ്യാർഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. കവാടത്തിൽതന്നെ സാനിറ്റൈസർ നൽകാനും ശരീരോഷ്‌മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. യൂണിഫോം നിർബന്ധമല്ല. സ്‌കൂൾ കോമ്പൗണ്ടിൽ സാമൂഹിക അകലവും മാസ്‌ക്‌ ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാർഥികൾ കൂട്ടം കൂടില്ലെന്ന്‌ ഉറപ്പാക്കും. 
 

പോസിറ്റീവായവർക്ക്‌ പ്രത്യേക ക്ലാസ് മുറി 

 
കോവിഡ് പോസിറ്റീവായ വിദ്യാർഥികൾക്ക്‌  പരീക്ഷയെഴുതാൻ പ്രത്യേക ക്ലാസ് മുറിയുണ്ടാകും. വിദ്യാർഥികൾക്കും  ഇൻവിജിലേറ്റർമാർക്കും പിപിഇ കിറ്റ് നൽകും. കോവിഡ് പോസിറ്റീവായവർ പരീക്ഷയ്ക്ക് ഹാജരാകുന്നത്‌ മുൻകൂട്ടി ആരോഗ്യപ്രവർത്തകരെ അറിയിക്കണം. ശരീരോഷ്‌മാവ് കൂടുതലുള്ള വിദ്യാർഥികളും ക്വാറന്റൈനിലുള്ള വിദ്യാർഥികളും പ്രത്യേകം  ക്ലാസ് മുറികളിൽ പരീക്ഷ എഴുതണം. ക്ലാസ്‌മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top