25 August Sunday

ഉറങ്ങാൻ പോലുമാകാതെ...

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
പൊന്നാനി 
തീരത്ത‌് കഴിഞ്ഞ ദിവസം കടലേറ്റത്തിൽ വീടുകൾ  തകർന്നവരുടെ നെഞ്ചിൽ ഭീതിയുടെ തിരയിളക്കവും ദൈന്യതയും. ഉറങ്ങാൻപോലും ഇടമില്ലാതായതോടെ തകർന്നടിഞ്ഞ വീടിനുള്ളിൽ ഭക്ഷണം പാകംചെയ്ത് കഴിച്ച മൂന്ന് കുടുംബങ്ങളാണ‌് ഞായറാഴ‌്ച നഗരസഭാ ഷെൽട്ടറിലേക്ക‌് മാറിയത‌്. 
ബോട്ടിലെ തൊഴിലാളിയായ പഴയപുരക്കൽ ഹംസ ട്രോളിങ‌് നിരോധത്തെ തുടർന്ന‌് കടലിൽ പോയിട്ട് മാസങ്ങളായി; കഷ്ടതകളിലൂടെ ജീവിതം തുഴയുമ്പോഴാണ‌് കടൽ കലിതുള്ളിയത്. അതോടെ സ്വന്തമായി ഉണ്ടായിരുന്ന വീടിന്റെ ഒരുഭാഗം കടലെടുത്തു. പാതി തകർന്ന വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു.  ഭയം കൂടിയപ്പോൾ ഇവർ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറി. ഇതിനിടെ കടൽ വീണ്ടും ക്ഷാേഭിച്ചതോടെ പാതി തകർന്ന വീട‌് പൂർണമായും കടപുഴകി. ഇവർ താമസിച്ച ബന്ധുവീടും കടലിന്റെ കലിക്കിരയായി. കിടന്നുറങ്ങാൻ വേറെ ഇടം ഇല്ലാതായതോടെയാണ്  മൂന്ന് കുടുംബങ്ങളും ക്യാമ്പിലേക്ക് മാറിയത്.  കടലിന്റെ 50 മീറ്റർ ചുറ്റളവിലാണ് ഇവരുടെ വീട്. സ്വന്തമായി ഉണ്ടായിരുന്ന ഭൂമിപോലും കടലെടുത്തതോടെ സർക്കാരിലാണ‌് ഇവരുടെ പ്രതീക്ഷ. 10 ലക്ഷത്തിന്റെ ഭവന പദ്ധതിയിലോ,  പൊന്നാനിയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലോ ഉൾപ്പെടുത്തണമെന്നാണ‌്  ഇവരുടെ ആഗ്രഹം.
പ്രധാന വാർത്തകൾ
 Top