06 December Friday
കാർഷിക വികസനം

ജില്ലയിൽ 15.72 കോടിയുടെ കർമപദ്ധതി

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019
മലപ്പുറം
ജില്ലയിൽ 15.72 കോടി രൂപയുടെ കാർഷിക വികസന കർമപദ്ധതിക്ക‌് ജില്ലാ  നിർവഹണ സമിതിയുടെ അംഗീകാരം. വ്യാഴാഴ‌്ച കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ‌് 2019–20 വർഷത്തേക്കുള്ള പദ്ധതി അംഗീകരിച്ചത‌്. പ്രധാനമന്ത്രി കൃഷി സിഞ്ചായേ യോജന വഴിയുള്ള പദ്ധതി സംസ്ഥാനതല സമിതിയുടെ അനുവാദമുണ്ടായാൽ പ്രവർത്തനം തുടങ്ങും. പ്രധാനമായും നാല‌് സർക്കാർ ഏജൻസികളാണ‌് പദ്ധതി പ്രവർത്തനം ഏകോപിപ്പിക്കുക. ദാരിദ്ര്യ ലഘൂകരണ വിഭാഗമാണ‌് ഏറ്റവും കൂടുതൽ തുക ചെലവഴിക്കു‌ക, 11.90 കോടി. ജില്ലയിലെ കുളം, ചെക്ക‌് ഡാം, ബണ്ട‌് എന്നിവയുടെ നിർമാണം ഇതിലൂടെ നടക്കും. തൊഴിലുറപ്പ‌് തൊഴിലാളികൾക്കാണ‌് നടത്തിപ്പ‌് ചുമതല. ഇതിലൂടെ കാർഷിക രംഗത്ത‌് ആവശ്യമായ ജലസേചന സൗകര്യം ഉറപ്പാക്കും.  കർഷകരുടെ വിജ്ഞാനം കൂട്ടുന്ന ആത്മ പ്രോജക്ട‌് വഴി 1.16 ലക്ഷം രൂപയും ചെലവഴിക്കും. കാർഷിക വിജ്ഞാനം ഉയർത്തുന്ന ക്ലാസുകളും പുതിയ സാങ്കേതികവിദ്യയും പരിശീലിപ്പിക്കും. പ്രദർശനത്തോട്ടം, കർഷകർക്ക‌് കൃഷിയിട സന്ദർശനം, കർഷക ഗ്രൂപ്പുകൾക്ക‌് സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കും. കൃഷിയെക്കുറിച്ച‌് പഠിപ്പിക്കുന്ന വയൽ വിദ്യാലയങ്ങളും ഒരുങ്ങും. വിത്തുകളുടെ  നടീൽമുതൽ  വിളവെടുപ്പ‌് വരെയുള്ള ആറ് ക്ലാസുകളും കർഷകർക്കുണ്ടാകും. ഹോർടികൾച്ചർ മിഷനിലൂടെ 48.6 ലക്ഷം രൂപയുടെ സഹായമാണുണ്ടാകുക. ഇതിലൂടെ കർഷകർക്ക‌് ഇലക്ട്രോണിക‌് അല്ലെങ്കിൽ ഡീസൽ പമ്പുകൾ നൽകും. ഇവക്ക‌് ചെലവാകുന്ന തുകയുടെ പകുതിയോ 10,000 രൂപവരെയൊ കർഷകർക്ക‌് ലഭ്യമാക്കും. ജില്ലാ മണ്ണ‌് സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തിൽ കുളം, തടയണ എന്നിവയാണ‌് നിർമിക്കുക. ആവശ്യസമയത്ത‌് ജലസേചനം ലഭിക്കുന്ന വെന്റിലേറ്റർ ക്രോസ‌് ബ്രിഡ‌്ജ‌ും (വിസിബി) തയ്യാറാക്കും. 2.16 കോടി രൂപയാണ‌് ഇതുവഴി കർഷകർക്ക‌് കിട്ടുക. ജില്ലയിലെ 108 കൃഷിഭവനിൽ ഏതെങ്കിലുംവഴി കർഷകർക്ക‌് പദ്ധതിയിലേക്ക‌് അപേക്ഷിക്കാം.
പ്രധാന വാർത്തകൾ
 Top