19 June Wednesday

തിരൂരിന്റെ മനം നിറയ‌്ക്കാൻ പുഴയോരം പദ്ധതി

സ്വന്തം ലേഖകൻUpdated: Wednesday May 22, 2019
മലപ്പുറം
വിനോദസഞ്ചാര മേഖലയിൽ തിരൂരിന്റെ മുഖശ്രീ മാറ്റാനൊരുങ്ങി എൽഡിഎഫ‌് സർക്കാർ. തിരൂർ ടൂറിസം പ്രോജക്ട‌ിലൂടെയാണ‌് സർക്കാർ നാടിന‌് പുതിയ വികസനവാതിൽ തുറക്കുന്നത‌്. 
2015ൽ ഭരണാനുമതി ലഭിച്ചെങ്കിലും 2017 മുതലാണ‌് പദ്ധതി പ്രവർത്തനം കാര്യക്ഷമമായത‌്. തിരൂർ പുഴയോട‌് ചേർന്ന‌് പൂർത്തിയാക്കിയ പദ്ധതിക്ക‌് 1,00,57,000 രൂപയാണ‌് ചെലവഴിച്ചത‌്.  രണ്ടു മാസത്തിനകം പദ്ധതി ജനങ്ങൾക്കുവേണ്ടി തുറന്നുകൊടുക്കും. 
പദ്ധതിയുടെ ഭാഗമായി ബൈപാസിനോട‌് ചേർന്ന‌് 200 മീറ്റർ നീളത്തിൽ നടപ്പാത ഒരുക്കി. ഇവിടം സന്ദർശിക്കുന്നവർക്ക‌് പുഴയിലൂടെ ബോട്ടിങ‌് സൗകര്യവുമുണ്ട‌്.  കാലുകൾകൊണ്ട‌് ചവിട്ടി നീങ്ങുന്ന പെഡൽ ബോട്ടുകളിൽ തിരൂർ പുഴയിലൂടെയുള്ള യാത്ര സന്ദർശകർക്ക‌് പുത്തൻ അനുഭവമേകും. 
പുഴയിലേക്ക‌് ഇറക്കാനും കയറ്റാനും സാധിക്കുന്ന ഫ്ലോട്ടിങ‌് ബോട്ട‌് ജെട്ടി നിർമിച്ചിട്ടുണ്ട‌്. വാണിജ്യ സാധ്യത മുന്നിൽകണ്ട‌് പുഴയോട‌് ചേർന്ന‌് രണ്ടു കടമുറികളും ഒരുക്കിയിട്ടുണ്ട‌്. സന്ദർശകർക്ക‌് ആവശ്യമായ ലഘുഭക്ഷണങ്ങളും മറ്റ‌് സാധനങ്ങളും ഇവിടെനിന്നും ലഭിക്കും.  മനോഹരമായ ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട‌്. സന്ദർശകർക്ക‌് ആവശ്യമായ  ജലസൗകര്യവും തയ്യാറാക്കിയിട്ടുണ്ട‌്. 
സംസ്ഥാന സർക്കാരിന്റെ ഗ്രീൻ കാർപറ്റ‌് നയം കർശനമായി പാലിച്ചാണ‌് ടൂറിസം നടത്തിപ്പ‌്. പ്ലാസ്റ്റിക‌് ഉൽപ്പന്നങ്ങൾക്ക‌് ഇവിടെ പ്രവേശനമില്ല. ഏതുസമയത്തും സന്ദർശകർക്ക‌് ലഭ്യമായ പുഴയോരത്ത‌് ബോട്ടിങ്ങിന‌് മാത്രമാണ‌് സമയക്രമീകരണം. 
പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതിനാൽ പെയിന്റിങ‌് ഉൾപ്പെടെയുള്ള പണികൾ വീണ്ടും കഴിപ്പിച്ചാണ‌് പദ്ധതി സന്ദർശകർക്കായി തുറക്കുന്നത‌്. സംസ്ഥാന നിർമിതി കേന്ദ്രമായ കേരള സ്റ്റീൽ ഇൻഡസ‌്ട്രീസ‌് ലിമിറ്റഡിനാണ‌് നിർമാണച്ചുമതല. നിർമാണശേഷം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന‌്  കൈമാറുന്നതോടെ പുഴയോരം പദ്ധതി പൊതുജനങ്ങൾക്കായി തുറക്കും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ‌് പ്രവർത്തനച്ചുമതല.
പ്രധാന വാർത്തകൾ
 Top