20 September Friday

വോട്ടെണ്ണല്‍ നാളെ; വിവരങ്ങള്‍ തത്സമയം

സ്വന്തം ലേഖകൻUpdated: Wednesday May 22, 2019
മലപ്പുറം
ലോക‌്സഭാ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഫലം ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കും. ഇതിനുള്ള നടപടി പൂർത്തീകരിച്ചതായി കലക്ടർ അമിത് മീണ അറിയിച്ചു. വോട്ടെണ്ണലിനുള്ള സാങ്കേതിക ഒരുക്കങ്ങളെല്ലാം പൂർണതോതിൽ സജ്ജമായി. ഫലപ്രഖ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാക്കിയ ഇ- സുവിധ, ട്രെൻഡ് വെബ്‌സൈറ്റുകൾ വഴിയാണ് വിവരങ്ങൾ ലഭ്യമാകുക. ഇതിന്റെ ഒരുക്കം വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി കലക്ടർ നേരിട്ട് കണ്ട് വിലയിരുത്തി. കൗണ്ടിങ് ഉദ്യോഗസ്ഥർക്കും അസിസ്റ്റന്റ് റിട്ടേണിങ് ഉദ്യോഗസ്ഥർക്കുമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആപ്ലിക്കേഷനുകളിൽ ട്രയൽ റണ്ണും നടത്തി. 
വ്യാഴാഴ‌്ച രാവിലെ ഏഴരയ്ക്ക‌് സ്ട്രോങ് റൂമിൽനിന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ   വോട്ടിങ് യന്ത്രങ്ങൾ അതത് വോട്ടെണ്ണൽ ഹാളിലേക്ക് മാറ്റും. എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ചുമതലയുള്ള ഉദ്യോഗസ്ഥരും എആർഒമാരും രാവിലെ 6.30നുതന്നെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തണം. രണ്ടു മണ്ഡലത്തിന്റെയും പോസ്റ്റൽ വോട്ടുകൾ മലപ്പുറം ഗവ. കോളേജിലെ ലൈബ്രറി ഹാളിലാണ് എണ്ണുക.  
വോട്ടെണ്ണൽ കേന്ദ്രത്തിൽ ഓരോ മണ്ഡലത്തിലും രണ്ട് ടെക്നിക്കൽ സ്റ്റാഫിന് മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇവർക്ക് പ്രത്യേകം ഐഡി കാർഡുകൾ നൽകും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. ഇവർക്കായി പ്രത്യേകമായി ലാൻഡ് ഫോൺ സൗകര്യം ഒരുക്കി. ആവശ്യമായ നമ്പറുകൾ ഇലക്ഷൻ ഓഫീസിൽനിന്ന് വെള്ളക്കടലാസിൽ എഴുതി നൽകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ  ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദനീയമല്ല. 
വോട്ടെണ്ണലിന് പ്രത്യേകമായി നൽകിയ ഐഡി കാർഡുള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിടൂ. കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർമാർ, ഇലക്ഷൻ കമീഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ളവർ, ഒബ്‌സർവർമാർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥി/ഇലക്ഷൻ ഏജന്റ്/ കൗണ്ടിങ‌് ഏജന്റ് എന്നിവർക്ക് മാത്രമാണ‌് വോട്ടെണ്ണൽ ഹാളുകളിൽ പ്രവേശനം. ആഹ്ലാദ പ്രകടനങ്ങളും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും കൗണ്ടിങ് കേന്ദ്രത്തിന്റെ ഗേറ്റിന് പുറത്ത് നിശ്ചിത അകലത്തിൽ മാത്രമേ പാടുള്ളൂ.
ഒരു റൗണ്ടിലെ എല്ലാ ഇവിഎമ്മുകളും എണ്ണി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ ഇവിഎമ്മുകൾ എണ്ണാൻ തുടങ്ങൂ. ഓരോ കൺട്രോൾ യൂണിറ്റിലെയും സീലുകൾ (പിങ്ക് പേപ്പർ സീൽ, ഔട്ടർ പേപ്പർ സീൽ, സ്‌പെഷ്യൽ ടാഗ്, ഗ്രീൻ പേപ്പർ സീൽ) പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയായിരിക്കും അവയിലെ വോട്ടെണ്ണൽ തുടങ്ങുന്നത്. ഓരോ റൗണ്ടും തീർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് നിരീക്ഷകൻ റാൻഡം ആയി തെരഞ്ഞെടുക്കുന്ന രണ്ട് ഇവിഎമ്മുകൾ വീണ്ടും എണ്ണി കൃത്യത ഉറപ്പാക്കും. കൗണ്ടിങ് ഹാളിലെ എല്ലാ നടപടിക്രമങ്ങളും വീഡിയോയിൽ പകർത്തും.  
വോട്ടിങ് മെഷിനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയശേഷമായിരിക്കും വിവി പാറ്റുകളിലെ പേപ്പർസ്ലിപ്പുകൾ എണ്ണാൻ തുടങ്ങുന്നത്. കൗണ്ടിങ് ഹാളിനകത്ത് തന്നെയുള്ള മേശകളിലൊന്ന് വിവി പാറ്റ് കൗണ്ടിങ് ബൂത്തായി ക്രമീകരിക്കും. പേപ്പർ രസീതുകൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം വയർ മെഷ് ചെയ്ത രീതിയിൽ സജ്ജമാക്കി.
വോട്ടെണ്ണൽ നടപടികൾക്കുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി കെ പ്രതീഷ് കുമാർ അറിയിച്ചു. 800 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെയും മലപ്പുറം, പൊന്നാനി, വയനാട്  ലോക‌്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക‌് മൂന്ന് കമ്പനി ബിഎസ്എഫ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചത്.
പ്രധാന വാർത്തകൾ
 Top