13 May Thursday
ഡിസിസി പ്രസിഡന്റ്‌ സ്ഥാനം

ആര്യാടൻ ഷൗക്കത്തിനായി 
എ ഗ്രൂപ്പിൽ ഒപ്പുശേഖരണം

സ്വന്തം ലേഖകൻUpdated: Thursday Apr 22, 2021

 മലപ്പുറം

ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയിൽ കത്ത്‌ വിവാദം കൊഴുക്കുന്നു. ആര്യാടൻ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്റാക്കാനാണ്‌ എ ഗ്രൂപ്പിലെ ഒരുവിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം. ഇതിനായി മണ്ഡലം ഭാരവാഹികളുടെയും ജില്ലാ നേതാക്കളുടെയും ഒപ്പുശേഖരണം നടത്തിയതായാണ്‌ വിവരം. എന്നാൽ, വിവരമറിഞ്ഞ ആര്യാടൻ മുഹമ്മദ്‌ ഇടപെട്ട്‌ നീക്കം തടഞ്ഞു. 
നിലമ്പൂർ സീറ്റ്‌ നിഷേധിച്ചതിന്‌ പിറകെയാണ്‌ ആര്യാടൻ ഷൗക്കത്തിന്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം നൽകി അനുനയിപ്പിച്ചത്‌. എന്നാൽ, തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ഉടനെ സ്ഥാനം തെറിച്ചു. ഷൗക്കത്ത്‌ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. പിറകെ നേതൃത്വത്തെ കടന്നാക്രമിച്ച്‌ ഷൗക്കത്ത്‌ ഫെയ്സ്‌ബുക്ക്‌ പോസ്‌റ്റിട്ടു. നേതൃത്വവുമായി അകലുന്നുവെന്ന വാർത്ത പരക്കുന്നതിനിടയിലാണ്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം തിരിച്ചുനൽകാൻ ചരടുവലിയുമായി ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തിയത്‌. 
എ ഗ്രൂപ്പിലെ വീക്ഷണം മുഹമ്മദിന്റെ നേതൃത്വത്തിലാണ്‌ പുതിയ നീക്കം. ഷൗക്കത്തിനെ അനുനയിപ്പിച്ചില്ലെങ്കിൽ എ ഗ്രൂപ്പിൽ ശക്തമായ ചേരിതിരിവുണ്ടാകുമെന്ന്‌ കണ്ടാണ്‌ പുതിയ നീക്കം. പ്രസിഡന്റ്‌ സ്ഥാനത്തെചൊല്ലി എ ഗ്രൂപ്പിലുണ്ടായ കലാപം ഐ ഗ്രൂപ്പ്‌ മുതലെടുക്കുമോ എന്ന ഭീതിയും ഇവർക്കുണ്ട്‌.  നിലമ്പൂരിൽ വി വി പ്രകാശ്‌ ജയിച്ചാൽമാത്രം ഷൗക്കത്തിനെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പരിഗണിച്ചാൽ മതിയെന്നാണ്‌ എ ഗ്രൂപ്പിലെ ഒരുവിഭാഗം പറയുന്നത്‌. ഇതിലും എതിർപ്പുള്ളവരുണ്ട്‌. എ ഗ്രൂപ്പിൽതന്നെ സമവായത്തിലെത്താനാവാത്തതും പ്രതിസന്ധിയാണ്‌. ആര്യാടൻ മുഹമ്മദ്‌ അറിയാതെയാണ്‌ ഒപ്പുശേഖരണമെന്ന വിവാദവും ഉയർന്നിട്ടുണ്ട്‌. ജില്ലയിലെ മുതിർന്ന എ ഗ്രൂപ്പ്‌ നേതാക്കളെ  ആര്യാടൻ അതൃപ്‌തി അറിയിച്ചിട്ടുണ്ട്‌. ഒപ്പുശേഖരണവുമായി മുന്നോട്ടുപോകരുതെന്നാണ്‌ നിർദേശം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top