20 August Tuesday

വയനാടൻ മലയേറ്റം

സ്വന്തം ലേഖകർUpdated: Monday Apr 22, 2019
കൽപ്പറ്റ/എടവണ്ണ/വണ്ടൂർ 
പി പി സുനീറിന്റെ വിജയത്തിലേക്ക‌് ചുവടുറപ്പിച്ച‌്   എൽഡിഎഫിന്റെ കൊട്ടിക്കലാശം.   അരിവാൾ നെൽക്കതിർ ആലേഖനംചെയ്ത കൊടികൾ. സ്ഥാനാർഥിയുടെ മുഖാവരണം,  ചിത്രം പതിച്ച ടീ ഷർട്ടുകൾ, ചെമ്പതാകകൾ,വാദ്യമേളങ്ങൾ, പാട്ടിനൊത്ത നൃത്തചുവടുകൾ... നാടും നഗരവും അക്ഷരാർഥത്തിൽ എൽഡിഎഫ‌്  പ്രവർത്തകർ ഇളക്കി മറിക്കുകയായിരുന്നു.  കോൺഗ്രസ‌് അധ്യക്ഷന്റെ സ്ഥാനാർഥിത്വത്തെ നിഷ‌്പ്രഭമാക്കി  ആവേശ തിരമാലകൾ തീർത്ത‌് പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂർ.  വയനാട‌് പാർലമെന്റ‌് മണ്ഡലത്തിൽ   എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീർ ചരിത്രനേട്ടത്തിനരികെയാണെന്ന‌് കൊട്ടിക്കലാശം തെളിയിച്ചു. ജില്ലയിലെ മൂന്ന‌് നിയോജക മണ്ഡലങ്ങൾ  കേന്ദ്രീകരിച്ചും ഓരോ ലോക്കലുകൾക്കും കീഴിലുമായി ആയിരങ്ങളാണ‌് അവസാന മണിക്കൂറുകളിൽ എൽഡിഎഫ‌് വിജയത്തിനായി ആവേശത്തിലലിഞ്ഞുചേർന്നത‌്.  കൊച്ചുകുട്ടികൾ മുതൽ സ‌്ത്രീകളും വയോജനങ്ങളുംവരെ താളമേളങ്ങൾക്കൊപ്പം നൃത്തചുവടുവച്ചത‌്   ആവേശം  പകർന്നു. 
പകൽ രണ്ടോടെതന്നെ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി തെരുവുകളിലിറങ്ങിയിരുന്നു. ബൈക്കുകളിൽ ചെമ്പതാകകൾ പാറിച്ചും അരിവാൾ നെൽക്കതിർ ബലൂണുകൾ പാറിച്ചും   നഗര–-ഗ്രാമങ്ങൾ കീഴടക്കി. കൽപ്പറ്റ, മാനന്തവാടി, ബത്തേരി ടൗണുകളിൽ വൈകിട്ട‌് നാലോടെ എൽഡിഎഫിന്റെ വിജയഭേരിമുഴക്കി പ്രവർത്തകർ ബൈക്ക‌് റാലികളും റോഡ‌്ഷോയും നടത്തി. 
കൽപ്പറ്റ നിയോജകമണ്ഡലത്തിൽ   കലാശക്കൊട്ടിന‌് തുടക്കമിട്ട‌് പകൽ രണ്ടിന‌് വൈത്തിരിയിൽനിന്നും ബൈക്ക‌്റാലിയും സ്ഥാനാർഥി സുനീറിനെ ആനയിച്ച‌് റോഡ‌്ഷോയും നടത്തി. നൂറുകണക്കിന‌് ഇരുചക്രവാഹനങ്ങൾ റാലിയിൽ അണിനിരന്നു. കൽപ്പറ്റ നഗരത്തിലൂടെ മുട്ടിൽ ടൗണിൽ എത്തി തിരിച്ച‌് റോഡ‌്ഷോ വീണ്ടും കൽപ്പറ്റയിലേക്ക‌്.  ആദിവാസി സ‌്ത്രീകളുടെയും  യുവാക്കളുടെയും പങ്കാളിത്തം റോഡ‌്ഷോക്ക‌് ആവേശം പകർന്നു.  വാദ്യമേളങ്ങളുടെ പെരുമ്പറയും ആവേശ മുദ്രാവാക്യങ്ങളും നഗരത്തെ ഇളക്കി മറിച്ചു.  ചായം വിതറിയും നൃത്തംചെയ്തും ആബാലവൃദ്ധം പങ്കാളികളായി.  സ്ഥാനാർഥി പി പി സുനീറിനൊപ്പം സി കെ ശശീന്ദ്രൻ എംഎൽഎ,  സത്യൻ മൊകേരി, പി സന്തോഷ‌്കുമാർ, എം മധു എന്നിവർ റോഡ‌്ഷോയ‌്ക്ക‌് നേതൃത്വം നൽകി.
ഏറനാട് നിയോജക മണ്ഡലത്തിലെ  കലാശക്കൊട്ട‌് എടവണ്ണയിലാണ‌് നടന്നത്.  ഇടതുപക്ഷത്തെ നെഞ്ചിലേറ്റുന്ന ജനഹൃദയങ്ങളുടെ സംഗമഭൂമിയായി കൊട്ടിക്കലാശം മാറി. ചെങ്കൊടികളും എൽഡിഎഫ‌് ഘടകകക്ഷികളുടെ പതാകകളും നിറഞ്ഞ ആകാശത്ത‌് പ്രവർത്തകരുടെ മുദ്രാവാക്യം അലയടിച്ചു‌. 
വിജയകാഹളം കുറിക്കാൻ എൽഡിഎഫ‌് സജ്ജമാണെന്ന  പ്രഖ്യാപനക്കാഴ്ചയാണ‌് കൊട്ടിക്കലാശത്തിൽ എല്ലായിടത്തും കണ്ടത‌്. യുവാക്കളും സ‌്ത്രീകളും വിദ്യാർഥികളുമടക്കം സമൂഹത്തിന്റെ പരിഛേദം ടൗണിന്റെ വിവിധ മേഖലകളിൽ പ്രകടമായി. സീതിഹാജി പാലംമുതൽ സിപിഎ ജങ‌്ഷൻവരെ ആയിരക്കണക്കിന‌് ആളുകൾ പങ്കെടുത്തു. 
പകല്‍ മൂന്നോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവർത്തകർ എടവണ്ണയിലെത്തിയിരുന്നു. നിലമ്പൂർ, വണ്ടൂർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും കൊട്ടിക്കലാശം നടന്നു. നാടിന്റെ വിരിമാറിൽ അരിവാൾ ചുറ്റിക നെൽക്കതിരിന്റെ വലിയ പതാകകൾ പാറിയപ്പോൾ ആവേശം അലകടലായി. സുസജ്ജരായ പ്രവർത്തകരുടെ മികച്ച രീതിയിലുള്ള ഏകീകരണം നാടെങ്ങും പ്രകടമായിരുന്നു‌. ആരവം മുറുകിയപ്പോഴും എതിരാളികളെ കൂടപ്പിറപ്പുകൾ കണക്കെ പരിഗണിച്ച ഇടതുപക്ഷ പ്രവർത്തകരുടെ സമീപനവും എടുത്തുപറയേണ്ടതാണ‌്. കോട്ട കയറിയ ആവേശത്തിന്റെ മൂർഥാവിൽ എതിരാളിയുടെ ആത്മവിശ്വാസം കടപുഴകി വീണുവെന്നതിലും സംശയമില്ല. 
യുഡിഎഫിനും മുസ്ലിംലീഗിനും നിർണായക സ്ഥാനമുണ്ടെന്ന‌് കരുതുന്ന പല പ്രദേശങ്ങളിലും എൽഡിഎഫ‌് പ്രകടനങ്ങൾ ഇടിമുഴക്കമായി. വേനൽച്ചൂടിന്റെ കാഠിന്യത്തിലും വീറോടെ മുദ്രാവാക്യം വിളിച്ച‌് ഇടതുപക്ഷ വിജയത്തിന‌് വേണ്ടി പ്രയത്നിച്ചവരുടെ മുഖത്ത‌് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ പ്രകടമായിരുന്നു. നാടിനെ അവഗണനയുടെ പടുകുഴിയിൽനിന്നും അഭിമാനത്തിന്റെ മടിത്തട്ടിലേക്ക‌് ഉയർത്താൻ പി പി സുനീർ വിജയിക്കണമെന്ന‌് പങ്കെടുത്തവരുടെ ഹൃദയം മന്ത്രിക്കുന്നുണ്ടായിരുന്നു. നാടിന്റെ ഹൃദയത്തിൽ നേരിന്റെ രാഷ‌്ട്രീയം തുന്നിച്ചേർത്ത‌ാണ‌് കൊട്ടിക്കലാശം മുന്നേറിയത‌്. സാധാരണക്കാരുടെ പ്രയാസങ്ങൾക്ക‌് കൂടെനിൽക്കാൻ സുനീറുണ്ടാകുമെന്ന ഉറപ്പോടെയാണ‌്  വൈകിട്ട‌് അഞ്ചിന‌് കലാശക്കൊട്ടിന‌് സമാപനമായത‌്.
പ്രധാന വാർത്തകൾ
 Top