23 May Thursday

അമിത‌്ഷായുടെ പാക‌് പരാമർശത്തിൽ മൗനം രാഹുൽഗാന്ധിക്ക‌് ന്യൂനപക്ഷങ്ങൾ തിരിച്ചടിനൽകും: എൽഡിഎഫ‌്

സ്വന്തം ലേഖികUpdated: Monday Apr 22, 2019
കൽപ്പറ്റ
വയനാടിനെ പാകിസ്ഥാനോടുപമിച്ച അമിത‌്ഷായുടെ പരാമർശം തെറ്റാണെന്ന‌്  പറയാതെ രാഹുൽഗാന്ധി  ന്യുനപക്ഷങ്ങളെ അവഗണിച്ചതായി എൽഡിഎഫ‌് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു നാടിനെ അധിക്ഷേപിക്കുമ്പോൾ മറുപടിപറയാനുള്ള ബാധ്യത സ്ഥാനാർഥിയെന്ന നിലയിൽ രാഹുലിനുണ്ട‌്.  ന്യൂനപക്ഷങ്ങളോടുള്ള  രാഹുലിന്റെ  ഈ നിലപാടിനെതിരെയുള്ള പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിക്കും.  ഉത്തരേന്ത്യയിൽ   ആൾക്കുട്ട കൊലപാതകങ്ങളുടെ പേരിൽ  40 ഓളം ന്യുനപക്ഷ സമുദായത്തിൽപ്പെട്ടവരെ അടിച്ചുകൊന്നു. ഇത്തരം സംഭവങ്ങളിലും  കോൺഗ്രസും രാഹുലും പ്രതിഷേധിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന‌് അവകാശപ്പെടുന്ന കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക‌്  ദിവസേന നേതാക്കളുടെ ഒഴുക്കാണ‌്. ഇങ്ങനെയുള്ള കോൺഗ്രസിന്റെ  ന്യുനപക്ഷപ്രേമം പരിഹാസ്യമാണ‌്. 
 വയനാട്ടിലെ കർഷിക പ്രശ‌്നങ്ങളിൽനിന്നും  രാഹുൽ ഒളിച്ചോട്ടം നടത്തി.  റബറിന്റെ  വിലത്തകർച്ചക്ക‌് കാരണം ഇറക്കുമതിയാണെന്ന‌് സമ്മതിച്ച   രാഹുൽ ആസിയാൻ കരാർ നടപ്പാക്കിയതിന‌് കർഷകരോട‌് മാപ്പ‌് പറയാൻ തയ്യാറായില്ല.  കാർഷികമേഖല നേരിടുന്ന പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി പത്ത‌് ചോദ്യങ്ങൾ എൽഡിഎഫ‌് ഉന്നയിച്ചതിനും രാഹുൽ മറുപടി പറഞ്ഞില്ല. കാർഷിക പ്രശ‌്നം പരിഹരിക്കാൻ കടം എഴുതി തള്ളുമെന്നാണ‌് കോൺഗ്രസ‌് പ്രകടനപത്രികയിൽ പറയുന്നത‌്.  കർഷകവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന കോർപറേറ്റ‌് താൽപ്പര്യങ്ങൾക്ക‌് വേണ്ടിയാണ‌് രാഹുൽ നിലകൊള്ളുന്നത‌്. അതിനാൽ വയനാട്ടിലെ സ്ഥാനാർഥിത്വം പോലും  കോർപറേറ്റുകളെ സഹായിക്കാനാണെന്ന‌് വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട‌്.  കർഷകർക്ക‌് മികച്ച വില  ലഭിക്കുന്നതിനും ബദൽ നയങ്ങളെക്കുറിച്ചും അദ്ദേഹവും പാർടിയും മൗനം പാലിക്കുകയാണെന്നും എൽഡിഎഫ‌് ആരോപിച്ചു. 
എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് കമ്മിറ്റി ചെയർമാൻ സി കെ ശശീന്ദ്രൻ, കൺവീനർ പി സന്തോഷ‌്കുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സിപിഐ അസി. സെക്രട്ടറി സത്യൻ മൊകേരി, കർഷകസംഘം ഫിനാൻസ‌് സെക്രട്ടറി പി കൃഷ‌്ണപ്രസാദ‌്, സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top