20 May Monday

തീരമുണർത്തി അശ്വമേധം

സ്വന്തം ലേഖകൻUpdated: Monday Apr 22, 2019
 
തിരൂരങ്ങാടി   
തീരദേശഗ്രാമങ്ങളുടെയും നഗരങ്ങളുടെയും  ഇടവഴികളിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ ആശീർവാദങ്ങളേറ്റുവാങ്ങി എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവർ പുത്തൻവീട്ടിലിന്റെ റോഡ‌് ഷോ. തുറന്ന വാഹനത്തിൽ മന്ത്രി കെ ടി ജലീലിനും വി അബ്ദുറ‌ഹ‌്മാൻ എംഎൽഎയ‌്ക്കുമൊപ്പം   അവസാനവട്ട പര്യടനം നടത്തിയ സ്ഥാനാർഥിക്ക്  പിന്തുണ അറിയിക്കാൻ  ആളുകൾ വീട്ടുമുറ്റങ്ങളിലും റോഡരികിലും കൂടിനിന്നു. 
  വൈകിട്ട് നാലിന് അഴിമുഖം പടിഞ്ഞാറക്കരയിൽനിന്ന് ആരംഭിച്ച റോഡ്ഷോയ്ക്ക് അകമ്പടിയായി ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങളിൽ യുവജനങ്ങൾ പടുകൂറ്റൻ ചെങ്കൊടികളുമായി അനുഗമിച്ചു. വഴിയിൽ സ്ഥാനാർഥിയെ കണ്ടവരും സ്വന്തം ആവശ്യങ്ങൾ മാറ്റിവച്ച് ആവേശോജ്ജ്വല പര്യടനത്തിൽ ചേർന്നു. എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കുമെന്ന് ഉറപ്പിച്ച് തീരദേശനിവാസികളെ ഒപ്പംകൂട്ടി അടുത്ത സ്ഥലത്തേക്ക്. കുട്ടികളേയും ഒപ്പംകൂട്ടി വോട്ടർമാർക്കുള്ള സ്ലിപ്പുകൾ വിതരണംചെയ്യാൻ വഴിയിലൂടെ നടക്കുന്ന ഇടതുമുന്നണി പ്രവർത്തകരായ സ്ത്രീകളുടെ അഭിവാദ്യം. അതെ പൊന്നാനി തീരങ്ങളിൽ മാറ്റത്തിന്റെ  കാറ്റ‌്  ശക്തി പ്രാപിക്കയാണ‌്. കൂട്ടായിയിലും പറവണ്ണയിലും ഉണ്ണ്യാലിലുമെല്ലാം ഇതുവരെ കണ്ടതിലധികം  ജനങ്ങൾ. താനൂരിൽ  വീട്ടുമുറ്റത്ത് നിന്ന ചുവന്ന പൂക്കൾ പറിച്ചെടുത്ത് കുട്ടികൾ വാഹനത്തിനടുത്തേക്ക് ഓടിയെത്തി. പൂക്കൾ വാങ്ങി കുട്ടികളെ വാരിപ്പുണർന്ന് അടുത്ത സ്ഥലത്തേക്ക്. അപ്പോഴേക്കും   ചെഗുവേരയുടേയും ഇ എം എസിന്റേയും ചിത്രംപതിച്ച കൊടികളും വസ്ത്രങ്ങളുമായി ആയിരത്തോളം യുവാക്കൾ ഇരുചക്രവാഹനത്തിൽ സ്ഥാനാർഥിയുടെ വാഹനത്തിന് പിന്നിലെത്തി. 
  പാടവരമ്പും ഇടവഴികളുമെല്ലാം ചുവന്നുതുടുത്തു. ഇതര രാഷ്ട്രീയകക്ഷികളുടെ ശക്തികേന്ദ്രങ്ങളിൽനിന്നുവരെ പ്രായഭേദമെന്യേ ആളുകൾ റോഡ്ഷോയ്ക്ക് ഒപ്പംകൂടി. 
മുദ്രാവാക്യംവിളികളും പൂക്കളുമായി താനൂർ മണ്ഡലത്തിലുടനീളം  ചുവന്ന വസ്ത്രങ്ങളുമണിഞ്ഞ് സ്ത്രീകളും കുട്ടികളുമെല്ലാം പരപ്പനങ്ങാടി സമാപന ചടങ്ങിലേക്ക് പോകാൻ കാത്തുനിൽക്കുന്നു. എല്ലാവരും സ്ഥാനാർഥിക്കൊപ്പം പരപ്പനങ്ങാടി   ടൗണിലേക്ക്. അപ്പോഴേക്കും എൽഡിഎഫ് പ്രവർത്തകരെക്കൊണ്ട് നഗരം തിങ്ങിനിറഞ്ഞിരുന്നു. ആവേശത്തിൽ പാട്ടുപാടി നൃത്തംചെയ്തിരുന്ന പ്രവർത്തകർക്കിടയിലേക്ക് അൻവർ  എത്തിയതോടെ ആവേശം ഉച്ചസ്ഥായിയിൽ. 
മുദ്രാവാക്യമുഖരിതമായ നഗരത്തിൽ പി വി  അൻവർ പുത്തൻവീട്ടിലും ഇങ്ക്വിലാബും മാത്രമായി വാക്കുകൾ. പരപ്പനങ്ങാടി നഗരത്തിൽ വാഹനത്തിൽനിന്ന് ഇറങ്ങി  അടുത്തെത്തിയ കുഞ്ഞുങ്ങളെ കൈയിലെടുത്തും പ്രവർത്തകർക്കുനേരെ പൂക്കൾ എറിഞ്ഞും അൻവറിന്റെ പ്രത്യഭിവാദ്യങ്ങൾ. രാത്രി പ്രചാരണം അവസാനിക്കുമ്പോഴും രണ്ടുമണിക്കൂർമുമ്പ് തുടങ്ങിയ പാട്ടും മുദ്രാവാക്യങ്ങളും അവസാനിച്ചിട്ടുണ്ടായിരുന്നില്ല. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top