02 December Wednesday
യുവാക്കൾ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍

2 പേര്‍ക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

സ്വന്തം ലേഖകൻ
മലപ്പുറം 
ജില്ലയിൽ രണ്ടുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വേങ്ങര കൂരിയാട് സ്വദേശിയായ 32കാരനും വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശിയായ 24കാരനുമാണ് വൈറസ് ബാധയെന്ന്  കലക്ടർ ജാഫർ മലിക് അറിയിച്ചു. ഇതോടെ ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. 
അബുദാബിയിൽനിന്ന്‌  19ന് രാവിലെ അഞ്ചിന്‌ കരിപ്പൂരിലെത്തിയ ഐ എക്‌സ് 348 എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് വേങ്ങര കൂരിയാട് സ്വദേശി. അവിടെനിന്ന്‌ സഹോദരനോടൊപ്പം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കാറിൽ വേങ്ങര കൂരിയാടുള്ള  സ്വന്തം വീട്ടിലെത്തി. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് വീട്ടിലുള്ള മറ്റെല്ലാവരെയും മറ്റൊരു വീട്ടിലേക്കുമാറ്റി തനിച്ചാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്. 20ന് പകൽ 12ന്‌ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെത്തി സാമ്പിളെടുത്ത് തിരികെ വീട്ടിൽ എത്തി സ്വയം നിരീക്ഷണത്തിൽ തുടർന്നു. 21 നും വീട്ടിൽതന്നെ കഴിഞ്ഞു. രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ശനിയാഴ്‌ച ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 
21ന് പുലർച്ചെ മൂന്നിന്‌  ദുബായിയിൽനിന്ന് കൊച്ചിയിലിറങ്ങിയ എയർ അറേബ്യയുടെ ജി ഒൻപത്‌ - 425 വിമാനത്തിലാണ് കടലുണ്ടി നഗരം ആനങ്ങാടിയിലെ യുവാവെത്തിയത്. കളമശേരി മെഡിക്കൽ കോളേജിൽനിന്ന് സാമ്പിൾ പരിശോധനക്കയച്ച് ആംബുലൻസിൽ സ്വന്തം വീട്ടിലെത്തി ആരോഗ്യ വകുപ്പിൽ അറിയിച്ച്‌ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടമായതോടെ ശനിയാഴ്‌ച ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
19 ന് രാവിലെ അഞ്ചിന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഐ എക്‌സ് 348 എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലും 21ന് പുലർച്ചെ മൂന്നിന്‌ ദുബായിയിൽനിന്ന് കൊച്ചിയിലെത്തിയ എയർ അറേബ്യയുടെ ജി ഒൻപത്‌ - 425 വിമാനത്തിലും വൈറസ് ബാധിതർക്കൊപ്പം യാത്രചെയ്തവർ നേരിട്ട് ആശുപത്രികൾ സന്ദർശിക്കുകയോ പൊതു സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യാതെ ജില്ലാ കൺട്രോൾ സെല്ലിലെ 0483 - 2737858, 2737857, 2733251, 2733252, 2733253 എന്നീ നമ്പറുകളിൽ വിളിച്ച്‌ നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top