25 May Monday

7394 പേര്‍ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
മലപ്പുറം
കോവിഡ് 19 വൈറസ് മുൻകരുതലിനായി ജില്ലയിൽ 376 പേർക്കുകൂടി ഞായറാഴ്‌ചമുതൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ഇപ്പോൾ നിരീക്ഷണത്തിലുള്ളവർ 7394 പേരായെന്ന്  കലക്ടർ ജാഫർ മലിക് കോവിഡ് പ്രതിരോധ മുഖ്യസമിതി അവലോകന യോഗത്തിൽ അറിയിച്ചു. 11  പേർ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലും 7367 പേർ വീടുകളിലും 16 പേർ കോവിഡ് കെയർ സെന്ററുകളിലുമാണ്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒമ്പത് പേരും തിരൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവുമാണ് ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. 
 ജില്ലയിൽനിന്ന് ഇതുവരെ പരിശോധനക്കയച്ച 335 സാമ്പിളുകളിൽ 307 പേർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച നാലുപേരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാല് ഐസൊലേഷൻ ആശുപത്രികളും ആറ് കോവിഡ് കെയർ സെന്ററുകളും സജ്ജമാണ്‌. ഇവിടെ പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും സേവനത്തിലുണ്ട്. ഞായറാഴ്‌ച 38 പേർക്ക് വീഡിയോ കോൺഫറൻസിലൂടെ  കൺട്രോൾ സെല്ലിൽനിന്ന് പരിശീലനം നൽകി.
പ്രധാന വാർത്തകൾ
 Top